ലക്നോ: കാറും കൊയ്ത്തുയന്ത്രം കയറ്റിയ ട്രക്കും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു. ബഹ്റൈച്ച്-നാൻപാര പാതയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ബഹ്റൈച്ച് സ്വദേശികളായ സുഹൃത്തുകൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അശ്വനി ശ്രീവാസ്തവ, അൽത്താഫ് അഹമ്മദ്, അനിൽ കുമാർ, മഹേന്ദ്ര എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വികാസ് ശ്രീവസ്തവ, ശിവം ശ്രീവസ്തവ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്ക് പെട്ടെന്ന് റോഡിലേക്ക് തിരിക്കാൻ ശ്രമിച്ചപ്പോഴാണ് എതിർദിശയിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ആറടിയോളം ദൂരേക്ക് തെറിച്ച് വീണ് റോഡരികിലെ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞു.
ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും ട്രക്കിന്റെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്നു ഓടി രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് പോലിസ് സ്ഥലത്തെത്തി അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാലു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
പ്രാഥമിക അന്വേഷണത്തിൽ കൊയ്ത്തുയന്ത്രം കയറ്റിയ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. ഒളിവിൽ പോയ ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Tags : kill injure car harvester