ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്കിൽ നിർണായകമായ ഘട്ടമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് 2024 പുറത്ത്. രാജ്യത്തെ മൊത്തം ജനനനിരക്ക് ചരിത്രത്തിലാദ്യമായി ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ 'റീപ്ലേസ്മെന്റ് നിരക്കിന്' താഴെയെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് ജനസംഖ്യ കുറയാതെ നിലനിൽക്കണമെങ്കിൽ ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികൾ എന്ന നിരക്കിൽ ജനനം നടക്കണം. എന്നാൽ ഇന്ത്യയിലെ നിലവിലെ ദേശീയ ജനനനിരക്ക് 1.9 ആയി കുറഞ്ഞു. നിലവിൽ 145 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യ, 2023-ൽ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയിരുന്നെങ്കിലും, പുതിയ കണക്കുകൾ ഭാവിയിൽ ജനസംഖ്യാ ഇടിവിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഈ വാർത്തയോട് പ്രതികരിച്ചുകൊണ്ട് പ്രമുഖ വ്യവസായിയും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ച വാക്കുകളും ശ്രദ്ധേയമായി. രാജ്യത്ത് ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയത് ഡൽഹിയിലാണ് (1.2). ഇത് ഫിൻലൻഡ് പോലുള്ള യൂറോപ്യൻ രാജ്യങ്ങളേക്കാൾ കുറവാണ്.
തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവയ്ക്കൊപ്പം കേരളത്തിലും ജനനനിരക്ക് 1.3 എന്ന വളരെ കുറഞ്ഞ നിരക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ആകെ ആറ് സംസ്ഥാനങ്ങൾ മാത്രമാണ് നിലവിൽ 2.1 എന്ന പരിധിക്ക് മുകളിലുള്ളത്. ബിഹാർ (2.9), ഉത്തർപ്രദേശ് (2.6), മധ്യപ്രദേശ് (2.4), രാജസ്ഥാൻ (2.3) എന്നിവയാണ് ജനനനിരക്കിൽ മുന്നിൽ.
Tags : Fertility Rate Latest News