മാഗ് പ്രീമിയർ ലീഗ്: ഷുഗർലാൻഡ് സുൽത്താൻസ് ജേതാക്കൾ
അജു വാരിക്കാട്
Thursday, July 3, 2025 5:45 AM IST
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ലീഗ് ആയ മാഗ് പ്രീമിയർ ലീഗിൽ (MPL), മിഖായേൽ ജോയ് (മിക്കി) നയിച്ച ഷുഗർലാൻഡ് സുൽത്താൻസ് ടീം വിജയികളായി.
സ്റ്റാഫോർഡ് പാർക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ സാജൻ ജോൺ നേതൃത്വം നൽകിയ റിച്ച്മണ്ട് സൂപ്പർ ലയൺസിനെതിരെ ഷുഗർലാൻഡ് സുൽത്താൻസ് 127 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. റിച്ച്മണ്ട് സൂപ്പർ ലയൺസ് 15 ഓവറിൽ 126/8 എന്ന സ്കോറിൽ ഒതുങ്ങിയപ്പോൾ, സുൽത്താൻസ് 14.5 ഓവറിൽ ലക്ഷ്യം മറികടന്നു.
ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഷുഗർലാൻഡ് സുൽത്താൻസ് ടീമിന്റെ ക്യാപ്റ്റൻ മിഖായേൽ ജോയ് തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ റിച്ച്മണ്ട് ടെക്സസ് സൂപ്പർ ലയൺസ് (89/6) ലീഗ് സിറ്റി കൊമ്പൻസിനെ (88/7) പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഷുഗർ ലാൻഡ് സുൽത്താൻസ് (119/2) സിയന്ന സൂപ്പർ കിംഗ്സിനെ (118/7) തോൽപ്പിച്ച് ഫൈനലിലെത്തി.
ജൂൺ 21ന് രാവിലെ 7.30ന് പെർലാൻഡ് ടോംബാസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ലീഗ് മത്സരങ്ങളുടെ ഒന്നാം പാദം ആരംഭിച്ചു. മാഗ് പ്രസിഡന്റ് ജോസ് കെ ജോൺ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സിയന്ന സൂപ്പർ കിങ്സ് ടീമിന്റെ പ്രകടനം ശ്രദ്ധേയമായി.
ടീം ഉടമകളായ ബിജോയി, ലതീഷ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ വർണാഭമായ ബലൂണുകളും ബാനറുകളുമായി അണിനിരന്നു. തുടർന്ന് ലീഗ് സിറ്റി കൊമ്പൻസ്, സിയന്ന സൂപ്പർ കിംഗ്സ്, ഷുഗർ ലാൻഡ് സുൽത്താൻസ്, റിച്മണ്ട് ടെക്സസ് സൂപ്പർ ലയൺസ്, പേർലൻഡ് പാന്തേർസ്, സ്റ്റാഫോർഡ് ലയൺസ്, റിവെർസ്റ്റോൺ ജയ്ന്റ്സ്, മിസോറി സിറ്റി ഫാൽക്കൺ എന്നീ എട്ട് ടീമുകൾ 12 മത്സരങ്ങളിലായി മാറ്റുരച്ചു. ജിമ്മി സ്കറിയ (സിയന്ന സൂപ്പർ കിംഗ്സ്) 118 റൺസുമായി ടൂർണമെന്റിലെ മികച്ച സ്കോറർ ആയി.
ജിതിൻ ടോം (മിസോറി സിറ്റി ഫാൽക്കൺ) 114 റൺസുമായി രണ്ടാം സ്ഥാനത്തെത്തി. ആകാശ് നായർ (റിച്മണ്ട് സൂപ്പർ ലയൺസ്) 8 വിക്കറ്റുകളുമായി മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടു. ജോജി ജോർജ് (ഷുഗർ ലാൻഡ് സുൽത്താൻസ്) 7 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. ജിതിൻ ടോം (മിസോറി സിറ്റി ഫാൽക്കൺ) 10 സിക്സറുകളോടെ 86 റൺസ് നേടിയ മികച്ച വ്യക്തിഗത സ്കോററായും തിളങ്ങി.
ബിനു ബെന്നിക്കുട്ടി (റിച്മണ്ട് സൂപ്പർ ലയൺസ്) 267 പോയിന്റുകൾ നേടി മികച്ച കളിക്കാരനുള്ള പുരസ്കാരം നേടിയപ്പോൾ, ജോജി ജോർജ് (ഷുഗർ ലാൻഡ് സുൽത്താൻസ്) 253 പോയിന്റുകളുമായി തൊട്ടുപിന്നാലെ എത്തി. സിയന്ന സൂപ്പർ കിങ്സ് ഫെയർപ്ലേ അവാർഡ് കരസ്ഥമാക്കി. ടൂർണമെന്റിൽ ആകെ 2552 റൺസുകൾ നേടുകയും 134 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. 88 സിക്സറുകളും 103 ഫോറുകളും പിറന്നു. ജോജി ജോർജ് (4/13) മികച്ച വ്യക്തിഗത ബൗളിംഗ് പ്രകടനം കാഴ്ചവച്ചു.
ഹൂസ്റ്റൺ പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ മുഖ്യാതിഥിയായിരുന്നു. സമ്മാനദാനം നിർവഹിച്ച അദ്ദേഹം, ടൂർണമെന്റ് യുവാക്കളുടെ ഒരു വലിയ ഒത്തുചേരലായി മാറ്റിയതിന് സംഘാടകരെ അഭിനന്ദിച്ചു. മാഗ് പ്രസിഡന്റ് ജോസ് കെ ജോണും സെക്രട്ടറി രാജേഷ് വർഗീസും കാഷ് അവാർഡുകൾ വിതരണം ചെയ്തു. ജോൺ ഉമ്മന്റെ ഉടമസ്ഥതയിലുള്ള ഷുഗർലാൻഡ് സുൽത്താൻസ് 2000 ഡോളറും ട്രോഫിയും അടങ്ങിയ ഒന്നാം സമ്മാനം നേടി. ക്രിസ്റ്റഫർ ജോർജ്, റെജി കുര്യൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള റിച്മണ്ട് ടെക്സസ് സൂപ്പർ ലയൺസ് 1500 ഡോളറും ട്രോഫിയും രണ്ടാം സ്ഥാനത്തിനായി കരസ്ഥമാക്കി.
ടൂർണമെന്റിന്റെ തുടക്കം തന്നെ ഗംഭീരമായതിൽ അഭിമാനമുണ്ടെന്ന് മാഗ് സ്പോർട്സ് കോഓർഡിനേറ്റർ മിഖായേൽ ജോയ് പറഞ്ഞു. പരിപാടി വിജയകരമാക്കാൻ പരിശ്രമിച്ച മിഖായേൽ ജോയ് (മിക്കി) യെയും, മികച്ച പിന്തുണ നൽകിയ ജോസഫ് കൂനതാൻ (തങ്കച്ചൻ) (ഐടി), വിഘനേഷ് ശിവൻ (യൂത്ത് കോഓർഡിനേറ്റർ) എന്നിവരെയും സെക്രട്ടറി രാജേഷ് വർഗീസ് അഭിനന്ദിച്ചു.
ടീം ഉടമകളുടെ സഹകരണത്തിനും പ്രതിബദ്ധതയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു.ട്രഷറർ സുജിത്ത് ചാക്കോ സ്വാഗതം ആശംസിച്ചു. സ്പോർട്സ് കോഓർഡിനേറ്റർ മിഖായേൽ ജോയ് നന്ദി രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ സിക്സ് അടിച്ച കളിക്കാരനായ ജോജി ജോസഫിന് കാഷ് അവാർഡ് നൽകി ആദരിച്ചു.
ബോർഡ് അംഗങ്ങളായ മാത്യൂസ് ചാണ്ട പിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽ തങ്കപ്പൻ, ജോൺ ഡബ്ലിയു വർഗീസ്, രേഷ്മ വിനോദ്, അലക്സ് മാത്യു, ബിജോയ് തോമസ്, പ്രഭിത്മോൻ വെള്ളിയാൻ, റിനു വർഗീസ് എന്നിവരടങ്ങിയ കമ്മിറ്റി മികച്ച പ്രവർത്തനം കാഴ്ചവെച്ചു. രണ്ടു ദിവസവും നല്ല ജനക്കൂട്ടം കളി കാണാൻ എത്തിയിരുന്നു. ടൂർണമെന്റിനെ പിന്തുണച്ച എല്ലാ ഹൂസ്റ്റൺ നിവാസികൾക്കും മാഗിന്റെ ബോർഡ് നന്ദി അറിയിച്ചു.
ബോർഡ് അംഗങ്ങളായ മാത്യൂസ് ചാണ്ട പിള്ള, ക്രിസ്റ്റഫർ ജോർജ്, സുനിൽ തങ്കപ്പൻ, ജോൺ ഡബ്ലിയു വർഗീസ്, രേഷ്മ വിനോദ്, അലക്സ് മാത്യു, ബിജോയ് തോമസ്, പ്രഭിത്മോൻ വെള്ളിയാൻ, റിനു വർഗീസ് തുടങ്ങിയവർ അടങ്ങിയ കമ്മിറ്റി മികച്ച പ്രവർത്തനം കാഴ്ചവച്ചു.വാർത്ത അയച്ചത്∙