മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണു യൂറോപ്പിൽ വ്യാപിക്കുന്നു
Monday, August 12, 2019 9:29 PM IST
ബ്രസൽസ്: എമർജൻസി ആന്‍റിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയാർജിച്ച രോഗാണുക്കൾ യൂറോപ്പിലാകമാനമുള്ള ആശുപത്രികളിൽ വ്യാപിക്കുന്നു എന്ന് പഠന റിപ്പോർട്ട്. ക്ലെബ്സീല ന്യുമോണിയെ എന്ന സൂപ്പർബഗ്ഗാണ് ആശങ്കയായി പടർന്നു പിടിക്കുന്നത്.

കാർബാപെനെംസ് എന്നറിയപ്പെടുന്ന മരുന്നകളാണ് മറ്റൊന്നും ഫലിക്കാതെ വരുന്പോൾ ഇവയ്ക്കെതിരേ ഉപയേഗിക്കുന്നത്. എന്നാൽ, കൂടുതൽ രോഗാണുകൾക്ക് ഇത്തരം മരുന്നുകളോടുള്ള പ്രതിരോധ ശേഷി ക്രമേണ വർധിച്ചു വരുകയാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ആരോഗ്യമുള്ളവരുടെ കുടലുകളിൽ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതെ കഴിയാൻ ഇവയ്ക്കു സാധിക്കും. എന്നാൽ, ആരോഗ്യം കുറയുന്ന അവസരങ്ങളിൽ ഇവ ശ്വാസകോശത്തെ ബാധിച്ച് ന്യുമോണിയയ്ക്കു കാരണമാകും. രക്തത്തിൽ കലർന്ന് മസ്തിഷ്ക ജ്വരത്തിനും വരെ കാരണമാകാം.

ആന്‍റിബയോട്ടിക്കുകളോട് രോഗാണുക്കൾ പ്രതിരോധ ശേഷി ആർജിക്കുന്നതു കാരണം മരണസംഖ്യയിൽ ആറു മടങ്ങ് വർധന വന്നതായാണ് പഠനങ്ങളിൽ വ്യക്തമായിട്ടുള്ളത്. അത്യാവശ്യമില്ലാത്ത ഘട്ടങ്ങളിൽ ആന്‍റിബയോട്ടിക്കുകൾ നിർദേശിക്കാതിരിക്കുക എന്നതാണ് ഇപ്പോൾ ഇതിനു പ്രതിവിധിയായി പറയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ