തെരഞ്ഞെടുക്കപ്പെട്ട നവനാസി മേയർക്കെതിരെ പ്രകോപനവുമായി ജർമനിയിലെ പാർട്ടികൾ
Monday, September 9, 2019 9:54 PM IST
ബർലിൻ: ജർമനിയിലെ മധ്യസംസ്ഥാനമായ ഹെസ്സെയിലെ ഫ്രാങ്ക്ഫർട്ട് അം മെയിനിനടുത്തുള്ള വാൾഡ്സീഡ്ലൂങ് നഗരത്തിന്‍റെ മേയറായി നവനാസിയെ തെരഞ്ഞെടുത്തതിൽ ജർമനിയിലെ ഭരണകക്ഷികളിലെ മുതിർന്നവർ പ്രകോപിതരായി.

തീവ്രവലതുപക്ഷ നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻപിഡി) സ്ഥാനാർത്ഥിയായ സ്റ്റെഫാൻ ജാഗ്സിനെ വാൾഡ്സീഡ്ലൂങിൽ ഏഴ് കൗണ്‍സിലർമാർ ഏകകണ്ഠമായി തെരഞ്ഞെടുത്തതാണ് ഇപ്പോൾ വിഷയമായിരിയ്ക്കുന്നത്.

ആരുംതന്നെ ജാഗ്സിനെതിരെ നിൽക്കാൻ താൽപ്പര്യപ്പെട്ടില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ച് വോട്ട് ചെയ്യുകയും ചെയ്തു. ഇവടെ 2,650 ഓളം ആളുകളാണ് താമസിക്കുന്നത്.

രാജ്യത്തുനിന്നും എൻപിഡി യെ നിരോധിക്കാനുള്ള ശ്രമങ്ങൾ നിരവധി തവണ നടന്നിരുന്നു. എന്നാൽ അതെല്ലാം പാർട്ടി അതിജീവിച്ചുവെങ്കിലും മറ്റു കക്ഷികൾ ഈ പാർട്ടിയെ ഭരണഘടനാ വിരുദ്ധരായിട്ടാണ് കാണുന്നത്.

ചാൻസലർ ആംഗല മെർക്കലിന്‍റെ ക്രിസ്ത്യൻ ഡെമോക്രാറ്റുകളെ (സിഡിയു) പ്രതിനിധീകരിക്കുന്ന പ്രാദേശിക കൗണ്‍സിലർമാർ, അതിന്‍റെ ഭരണ പങ്കാളിയായ സെന്‍റർലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റുകൾ (എസ്പിഡി), ഫ്രീ ഡെമോക്രാറ്റുകൾ (വിഡിപി) എന്നിവരെല്ലാം തന്നെ ജാഗ്സിന് വോട്ട് ചെയ്തതും ഏറെ വിമർശനവിധേയമായിരിക്കുകയാണ്.

മേയറുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സിഡിയു നേതാവ് അന്നെഗ്രറ്റ് ക്രാന്പ് കാരെൻബോവർ ആഹ്വാനം ചെയ്തതോടെ പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ ഈ നടപടിയെ അപലപിച്ചു. ഭരണഘടനാ വിരുദ്ധ ലക്ഷ്യങ്ങൾ പിന്തുടരുന്ന ഒരു പാർട്ടിയുടെ തെരഞ്ഞെടുപ്പ് അപമാനകരമാണെന്ന് സിഡിയു പാർട്ടി സെക്രട്ടറി ജനറൽ പോൾ സീമിയാക്ക് പറഞ്ഞു.എസ്പിഡി സെക്രട്ടറി ജനറൽ ലാർസ് ക്ലിങ്ബെയ്ലും ഈ തെരഞ്ഞെടുക്കൽ നടപടിയെ അപലപിച്ചു.

കുടിയേറ്റവിരുദ്ധത ഉയർത്തുന്ന പാർട്ടിയാണ് എൻപിഡി എങ്കിലും അത്തരത്തിൽ താൻ ഒരിയ്ക്കലും പ്രവർത്തിക്കില്ലെന്നും വിളിക്കുന്നതിനെതിരെ ആക്രമിക്കുന്നു പട്ടണത്തിന്‍റെ താല്പര്യങ്ങൾക്കായി ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും മറ്റു പാർട്ടികൾക്കും ജനങ്ങൾക്കും പുതിയ മേയർ ജാഗ്സിന് വാഗ്ദാനം നൽകിയിട്ടുണ്ട്.

2017 ൽ ജർമൻ ഭരണഘടനാ കോടതി എൻപിഡിക്കെതിരെ വിധി പ്രസ്താവിച്ചിരുന്നു.പാർട്ടി ഭരണഘടനാ വിരുദ്ധമാണെന്നും എന്നാൽ ജർമനിയുടെ ജനാധിപത്യ ക്രമത്തെ അട്ടിമറിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പാർട്ടിയെ നിരോധിക്കാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു.

ജർമനിയിലെ പ്രധാന തീവ്ര വലതുപക്ഷ പ്രതിപക്ഷ പാർട്ടിയാണ് ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (എഎഫ്ഡി). എൻപിഡിയെപ്പോലെ തന്നെ എഎഫ്ഡിയും കുടിയേറ്റവിരുദ്ധ പാർട്ടിയാണ്. ഇവർക്ക് പാർലമെന്‍റിൽ 94 സീറ്റുകളുണ്ട്. എന്നാൽ എൻപിഡിയ്ക്കാവട്ടെ പാർലമെന്‍റിൽ അംഗങ്ങളൊന്നുമില്ലതാനും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ