സമീക്ഷ യുകെയുടെ മെംബർഷിപ്പ് കാന്പയിൻ നവംബര്‍ 3 മുതൽ
Saturday, October 5, 2019 4:01 PM IST
ലണ്ടൻ: ഇടതുപക്ഷ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെയുടെ 100 ദിവസം നീണ്ടു നില്‍ക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിൻ 'ഒരു നൂറ് ദിനങ്ങള്‍ ഒരായിരം മെമ്പര്‍ഷിപ്പുകള്‍' എന്ന തലക്കെട്ടോടെ നവംബർ 3 നു കവൻട്രിയിൽ തുടക്കം കുറിക്കും.

യുകെയില്‍ ചിതറി കിടക്കുന്ന ആയിരക്കണക്കിന് പ്രവര്‍ത്തകരെ സമീക്ഷയോടൊപ്പം ചേര്‍ക്കുവാന്‍ തീരുമാനമെടുത്തതിന്‍റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. 18 വയസ് തികഞ്ഞ ഏതൊരാള്‍ക്കും മെമ്പര്‍ഷിപ്പ് എടുത്തു പ്രവര്‍ത്തിക്കാവുന്നതാണ്.

ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞു വീടുവീടാന്തരം കയറി ഇറങ്ങിയാണ് സമീക്ഷയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ അംഗങ്ങളെ ചേര്‍ക്കുന്നത്. കൂടാതെ ഗൂഗിള്‍ ഫോം വഴിയും പുരോഗനചിന്താഗതിക്കാരായ ആര്‍ക്കും ജാതിമതവര്‍ഗവര്‍ണവ്യത്യാസമില്ലാതെ സംഘടനയിൽ അംഗമാകാം. യുകെയില്‍ ഇപ്പോഴുള്ള 16 ബ്രാഞ്ചുകള്‍ക്ക് പുറമെ വരാന്‍ പോകുന്ന 6 ബ്രാഞ്ചുകളിലെയും പ്രവര്‍ത്തകര്‍ ഈ ദൗത്യം ഏറ്റെടുത്തു കഴിഞ്ഞു. ആയിരക്കണക്കിന് പ്രവര്‍ത്തകരുമായി സമീക്ഷ യുകെ മുന്നോട്ട് കുതിക്കുമ്പോള്‍ മറ്റൊരു ചരിത്രസംഭവമായി മാറും ഈ കാന്പയിൻ എന്ന് സമീക്ഷ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പറഞ്ഞു.