പുതിയ അഭയാർഥി പ്രവാഹത്തെക്കുറിച്ച് ജർമൻ ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്
Wednesday, October 9, 2019 10:08 PM IST
ബർലിൻ: അഭയാർഥി പ്രവാഹം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഗ്രീസിനെയും തുർക്കിയെയും സഹായിക്കാൻ ജർമനി തയാറാണെന്ന് ജർമൻ ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫർ അറിയിച്ചു.

തുർക്കിയും ഗ്രീസും വഴിയാണ് അഭയാർഥികൾ ഇപ്പോൾ പ്രധാനമായും യൂറോപ്പിലെത്തുന്നത്. ഇത് ഏതാനും ആഴ്ചകളായി വർധിച്ചിരിക്കുകയാണെന്നാണ് വിലയിരുത്തൽ.

തുർക്കിയിൽ നിന്ന് അഭയാർഥികൾ അനധികൃതമായി ഇതര രാജ്യങ്ങളിലേക്കു കടക്കുന്നതു തടയാൻ അടിയന്തര നടപടി ആവശ്യമാണെന്നും സീഹോഫർ കൂട്ടിച്ചേർത്തു.

കടൽ മാർഗമാണ് അഭയാർഥികൾ തുർക്കിയിൽ നിന്നു ഗ്രീസിലെത്തുന്നത്. അവിടെ നിന്ന് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും കടക്കുന്നു. സെപ്റ്റംബറിൽ മാത്രം ഇവരുടെ എണ്ണം പതിനായിരത്തിലധികം വർധിച്ചതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ