ജർമനിയിലെ സിനഗോഗിൽ ആക്രമണം; രണ്ടു പേർ മരിച്ചു
Thursday, October 10, 2019 10:21 PM IST
ബർലിൻ: കിഴക്കൻ ജർമൻ നഗരമായ ഹാലിയിലെ തെരവിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. പ്രദേശത്തെ ജൂത സിനഗോഗായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പോലീസ്. സിനഗോഗിനു പുറത്താണ് രണ്ടുപേരും വെടിയേറ്റു മരിച്ചത്.

സിനഗോഗിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അക്രമിയെ സുരക്ഷാ ജീവനക്കാർ തടഞ്ഞപ്പോഴാണ് വെടിവയ്പ്പുണ്ടായത്. സിനഗോഗിനു പുറമേ ഒരു ടർക്കിഷ് റസ്റ്ററന്‍റിനു നേരെയും വെടിവയ്പ്പുണ്ടായി. ഗുരുതരമായി പരിക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്.

27 കാരനായ സ്റ്റീഫൻ എന്ന ജർമൻകാരനാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾക്കു പിന്നിൽ മാറ്റാരും ഇല്ലായിരുന്നു എന്നും, തീവ്ര വലതുപക്ഷ ചിന്താഗതിയാണ് ആക്രമണത്തിനു കാരണമെന്നുമാണ് നിഗമനം.

വെടിവയ്പ്പ് ഹെൽമറ്റ് കാമറ ഉപയോഗിച്ച് ലൈവ് സ്ട്രീമിംഗ് ചെയ്ത ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഇയാൾ ഹോളോകോസ്റ്റിനെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചും മുദ്രാവാക്യങ്ങൾ മുഴക്കുന്നുണ്ടായിരുന്നു.
സംഭവത്തെതുടർന്നു ജർമനിയിൽ ആകമാനം സിനഗോഗുകൾക്കു സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ഭീകര വിരുദ്ധ പ്രോസിക്യൂട്ടർമാർ അന്വേഷണം ഏറ്റെടുത്തു കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ