എന്‍റെ കരാറിനെക്കാൾ മികച്ചത് ഒന്നുമില്ല: ബോറിസ് ജോണ്‍സണ്‍
Saturday, October 19, 2019 8:21 PM IST
ലണ്ടൻ: താൻ യൂറോപ്യൻ യൂണിയനിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയതിനെക്കാൾ മികച്ചൊരു ബ്രെക്സിറ്റ് പിൻമാറ്റ കരാർ സാധ്യമല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാർലമെന്‍റിൽ എംപിമാർ കരാറിന് അംഗീകാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഉന്നത തല ചർച്ചയിൽ കരാർ അംഗീകരിച്ചെങ്കിലും യൂറോപ്യൻ യൂണിയൻ പാർലമെന്‍റും ബ്രിട്ടീഷ് പാർലമെന്‍റും അംഗീകരിക്കാതെ ഇതിനു പ്രാബല്യം ലഭിക്കില്ല. കരാർ പാർലമെന്‍റുകളിൽ നിരാകരിക്കപ്പെട്ടാൽ ഒക്ടോബർ 31ന് കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പാകുകയും ചെയ്യും.

ശനിയാഴ്ചയാണ് ബ്രിട്ടീഷ് പാർലമെന്‍റിലെ ഹൗസ് ഓഫ് കോമണ്‍സിൽ ബിൽ വോട്ടിനിടുന്നത്. ഡിയുപി പിന്തുണച്ചില്ലെങ്കിൽ ബിൽ പരാജയപ്പെടുമെന്ന് ഉറപ്പാണ്. മുൻ പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച് മൂന്നു വട്ടം പാർലമെന്‍റ് തള്ളിയ കരാറിന്‍റെ 95 ശതമാനവും അതേപടി ആവർത്തിക്കുന്നതാണ് ബോറിസിന്‍റെ ബിൽ. ഐറിഷ് ബാക്ക്സ്റ്റോപ്പാണ് മാറ്റം വരുത്തിയ പ്രധാന വ്യവസ്ഥ. ഇതിനു പകരം വടക്കൻ അയർലൻഡിനെ യൂറോപ്യൻ കസ്റ്റംസ് യൂണിയനിൽ തുടരാൻ അനുവദിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ, സർക്കാരിന്‍റെ മുൻ സഖ്യകക്ഷിയായ ഡിയുപിയും എല്ലാ പ്രതിപക്ഷ പാർട്ടികളും പിൻമാറ്റ കരാറിനെ എതിർത്ത് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭരണപക്ഷത്തെ തന്നെ ചില എംപിമാരെ ബില്ലിനെ എതിർക്കാൻ സാധ്യത നിനിൽക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ