ലിസിപ്രിയ ഇന്ത്യയുടെ ഗ്രെറ്റ
Saturday, December 14, 2019 9:17 PM IST
മഡ്രിഡ്: കാലാവസ്ഥാ സംരക്ഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ലോകത്തിനു മുന്നില്‍ ഇന്ന് ഏറ്റവും ശ്രദ്ധേയമായി സംസാരിക്കുന്നത് സ്വീഡനില്‍ നിന്നുള്ള കൗമാരക്കാരി ഗ്രെറ്റ ത്യുന്‍ബേയാണ്. മാഡ്രിഡില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രെറ്റയ്ക്കൊപ്പം നില്‍ക്കുന്ന ചെറിയ പെണ്‍കുട്ടിയും കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ ഇടം പിടിച്ചു, അവളുടെ പേര് ലിസി പ്രിയ കന്‍ഗുജം. ഈ മണിപ്പൂരുകാരി ഇപ്പോള്‍ അറിയപ്പെടുന്നത് ഇന്ത്യയുടെ ഗ്രെറ്റയെന്നും.

പാര്‍ലമെന്‍റിന്‍റെ നടപ്പുസമ്മേളനത്തില്‍തന്നെ കാലാവസ്ഥാസംരക്ഷണ ബില്‍ പാസാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടാവശ്യപ്പെടുന്ന പ്ളക്കാര്‍ഡേന്തിയുള്ള നില്‍പ്പും ചൊവ്വാഴ്ച ഉച്ചകോടിവേദിയില്‍ നടത്തിയ തീപ്പൊരിപ്രസംഗവും അന്താരാഷ്ട്ര മാധ്യമങ്ങളുള്‍പ്പെടെ ഏറ്റെടുത്തു. "തെക്കുനിന്നുള്ള ഗ്രെറ്റ' എന്നാണ് സ്പാനിഷ് പത്രങ്ങള്‍ ലിസിപ്രിയയെ വിശേഷിപ്പിച്ചത്.

""ഞാന്‍ ജനിക്കുന്നതിനുമുമ്പുതന്നെ ലോകനേതാക്കള്‍ 16 തവണ കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. കാലാവസ്ഥാവ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവര്‍ക്കറിയുകയുംചെയ്യും. നേതാക്കള്‍ ഓരോവര്‍ഷവും ഉച്ചകോടി ചേരുന്നുവെന്നല്ലാതെ ഞങ്ങളുടെ ഭാവിക്കായി ഒന്നുംതന്നെ ചെയ്യുന്നില്ല. എന്തിനാണ് ഞാനിവിടെ വരുന്നത് ഞാനെന്തിന് ഇവിടെ സംസാരിക്കണം എനിക്ക് സ്കൂളില്‍പോകണം, പുസ്തകം വായിക്കണം. എന്നാല്‍, നമ്മുടെ നേതാക്കള്‍ ഞങ്ങളുടെ കുട്ടിക്കാലം നശിപ്പിക്കുകയാണ്. ഇത് നീതിയല്ല'' ~ലിസിപ്രിയ പറഞ്ഞു.

കാലാവസ്ഥാസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണവുമായി ഇതിനകം ഈ എട്ടുവയസുകാരി 21 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതേസമയം, ഇങ്ങനെയൊരു ആക്റ്റിവിസ്റ്റിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇനിയും കണ്ട ഭാവം നടിച്ചിട്ടില്ല. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഐക്യരാഷ്ട്രസഭയില്‍നിന്ന് ക്ഷണം ലഭിച്ചപ്പോള്‍ സ്പെയിനിലേക്കുള്ള യാത്രാച്ചെലവിനുള്ള പണം എവിടുന്നുകണ്ടെത്തുമെന്നായിരുന്നു തങ്ങളുടെ ആധിയെന്ന് ലിസിയുടെ അച്ഛന്‍ കെ.കെ. സിംഗ് പറഞ്ഞു. സഹായമഭ്യര്‍ഥിച്ച് സര്‍ക്കാരിനുനല്‍കിയ അപേക്ഷകളെല്ലാം പതിച്ചത് ബധിരകര്‍ണങ്ങളില്‍. വിവിധ മന്ത്രാലയങ്ങളോട് സഹായമാവശ്യപ്പെട്ട് ഇമെയില്‍ അയച്ചിട്ടും മറുപടിയുണ്ടായില്ല. ഒടുവില്‍ ഭുവനേശ്വരില്‍നിന്നുള്ള ഒരാളാണ് മഡ്രിഡിലേക്കുള്ള വിമാനടിക്കറ്റിന് പണംനല്‍കിയത്. ഹോട്ടല്‍മുറി ബുക്കുചെയ്യാന്‍ ലിസിപ്രിയയുടെ അമ്മയ്ക്ക് തന്‍റെ സ്വര്‍ണമാല വില്‍ക്കേണ്ടിവന്നു. സ്പെയിനിലേക്ക് പുറപ്പെടുന്നതിന് ഒരുദിവസം മുമ്പാണ് യാത്രാചെലവ് ഏറ്റെടുത്തുകൊണ്ടുള്ള സ്പാനിഷ് സര്‍ക്കാരിന്‍റെ സന്ദേശം ലഭിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ