പൗരത്വ ഭേദഗതി ബിൽ; ബെർമിംഗ്ഹാം ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ പ്രതിഷേധിച്ചു
Monday, January 13, 2020 6:53 PM IST
ബെർമിംഗ്ഹാം: പൗരത്വ ഭേദഗതി ബില്ലിനെതിരെ ബെർമിംഗ്ഹാം ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ പ്രതിഷേധം തീർത്ത് ഇന്ത്യൻ വംശജർ. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ , സമീക്ഷ യുകെ , ചേതന , ക്രാന്തി എന്നീ സംഘടനകളാണ് പ്രതിഷേധസംഗമത്തിനു നേതൃത്വം കൊടുത്തത് .

മതനിരപേക്ഷത ഉയർത്തിപ്പിക്കുന്ന ഇന്ത്യൻ ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമായ CAA / NRC എന്നീ കരി നിയമങ്ങൾക്കെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തിൽ ഇംഗ്ലണ്ടിന്‍റെ വിവിധഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനു പ്രവാസികൾ ബെർമിംഗ്ഹാമിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ ഒത്തുചേർന്നു സമീക്ഷ യുകെയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യചങ്ങലയിൽ കണ്ണികളായി.

ഇന്ത്യക്കാരെ ജാതിയുടെയും മതത്തിന്‍റെയും പേരിൽ ഭിന്നിപ്പിക്കാൻ ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ ഫാസിസിസ്റ്റ് ശക്തികളെ അനുവദിക്കില്ല എന്ന് ഉറക്കെപറഞ്ഞുകൊണ്ടും ഇന്ത്യയിലെ പൊരുതുന്ന വിദ്യാർഥി യുവജന പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുമാണ് ജനാധിപത്യവിശ്വാസികളായ ഇന്ത്യൻ പ്രവാസിസമൂഹം മനുഷ്യചങ്ങല തീർത്തത്.

ഇന്ത്യൻ ദേശിയ പതാകയും പ്ലക്കാർഡുകളും ഏന്തി ആവേശകരമായ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ഇംഗ്ലണ്ടിൽ ജോലിയെടുക്കുന്നവരും വിദ്യാർഥികളുമായ പ്രവാസി ഇന്ത്യൻ സമൂഹം പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത് . മലയാളത്തിലും പഞ്ചാബിയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി പ്രതിഷേധക്കാർ വിളിച്ച മുദ്രാവാക്യങ്ങൾ കൂടിനിന്നവരെയും കാഴചക്കാരെയും ഒരുപോലെ ആവേശം കൊള്ളിച്ചു .

എഐസി സെക്രട്ടറി ഹർസെവ് ബൈൻസ്, ഐ ഡബ്ല്യുഎ സെക്രട്ടറി ജോഗിന്ദർ ബൈൻസ്, സിഐടിയു ട്രാൻസ്‌പോർട് വിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറി ലക്ഷ്മയ്യ എന്നിവർ CAA യെ കുറിച്ചും, NRC യെ കുറിച്ചും ഇംഗ്ലീഷിലും ഹിന്ദിയിലും വിശദീകരിച്ചു.

സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പ്രതിഷേധപരിപാടികളുടെ ആവശ്യകതയെ കുറിച്ചു വിശദീകരിച്ചു. സമീക്ഷ ദേശീയ പ്രസിഡന്‍റ് സ്വപ്ന പ്രവീൺ, മലയാളം മിഷൻ യുകെ സെക്രട്ടറി എബ്രഹാം കുരിയൻ, എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗം അർജുൻ, സീമ സൈമൺ തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊടുക്കുകയും മനുഷ്യചങ്ങലയിൽ കണ്ണികളാവും ചെയ്തു .

റിപ്പോർട്ട്: ബിജു ഗോപിനാഥ്