ക്രിസ്തീയ ഭക്തിഗാനവുമായി കൊച്ചുഗായിക ഡെന്ന ജോമോന്‍
Saturday, May 16, 2020 2:18 PM IST
ലണ്ടന്‍: ഈ കോവിഡ് പ്രതിസന്ധികാലത്ത് മനസുകള്‍ക്ക് ശാന്തി നല്‍കുന്ന ഒരു മനോഹരമായ ക്രിസ്തീയ ഭക്തിഗാനവുമായി യുകെ മലയാളികളുടെ സ്വന്തം കൊച്ചുഗായിക ഡെന്ന ജോമോന്‍ . ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാനരംഗത്ത് നിരവധി ഗാനങ്ങള്‍ക്ക് രചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുള്ള വചനപ്രഘോഷകനായ ഫാ ഷാജി തുമ്പേചിറയില്‍ ആണ്..

സ്‌നേഹം മാത്രം പകരണയുന്ന എന്ന ഈശോയുടെ വാത്സല്യമുള്ള സ്‌നേഹത്തെ വര്‍ണിച്ചുകൊണ്ടുള്ള ഈ ഗാനം ഈ പ്രതിസന്ധി കാലത്ത് മനസുകളില്‍ സ്വാന്തനത്തിന്റെ കുളിര്‍മഴ പെയ്യിക്കുമെന്നുറപ്പ് . ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഗായകന്‍ കൂടിയായ ജോമോന്‍ മാമൂട്ടിലിന്റെയും , ജിന്‍സിയുടെയും പുത്രിയായ ഡെന്ന ഇതിനകം തന്നെ മലയാളത്തില്‍ പ്രശസ്തരായ പീറ്റര്‍ ചേരാനെല്ലൂര്‍ ഉള്‍പ്പടെയുള്ള ക്രിസ്തീയ സംഗീത സംവിധായകരുടെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി നിരവധി ആളുകള്‍ക്ക് പ്രിയങ്കരിയായ ഡെന്ന ബ്രിട്ടീഷ് മലയാളി യങ് ടാലെന്റ് അവാര്‍ഡ് ജേതാവും, യുകെയില്‍ നടക്കുന്ന ഒട്ടുമിക്ക മലയാളി സംഗീത പരിപാടികളിലെയും നിറ സാന്നിധ്യവുമാണ് . യുകെയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് എല്ലാ വര്‍ഷവും നടക്കുന്ന സെവന്‍ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ ഡെന്നയുടെ അച്ഛന്‍ ജോമോന്‍ മാമ്മൂട്ടില്‍ നിരവധി ആല്‍ബങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട് .

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര യുകെയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ചിത്രയുടെ മുന്‍പില്‍ പാട്ട് പാടുവാന്‍ ഉള്ള അവസരവും ഡെന്നക്ക് ലഭിച്ചിരുന്നു , ഡെന്ന യുടെ സഹോദരന്‍ ഡിയോണിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തോടനുബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടില്‍ നടന്ന കേരളത്തിലെ പ്രമുഖ ക്രിസ്തീയ ഗായകരെയും , സംഗീതജ്ഞരെയും പങ്കെടുപ്പിച്ചുകൊണ്ട് നടന്ന സംഗീത നിശയും വാര്‍ത്തയായിരുന്നു .സെലിബ്രന്റ്‌സ് ഇന്ത്യക്കുവേണ്ടി ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് ഷൈമോന്‍ തോട്ടുങ്കലും, ബിജോ ടോം ആണ് .ഗാനത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അമേരിക്കന്‍ മലയാളിയായ സ്‌കറിയ ജേക്കബ് ആണ് . സുനില്‍ വി ജോയി നിര്‍മ്മാണ നിര്‍വഹണവും നിര്‍വഹിച്ചിരിക്കുന്നു.