ബ്രിട്ടണിൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കായി 5 ബില്യൺ പൗണ്ട് വകയിരുത്തി
Wednesday, July 1, 2020 11:58 AM IST
ലണ്ടൻ: കോവിഡ് പ്രതിസന്ധിയിൽ നിന്നും ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനുള്ള റിക്കവറി പ്ളാനിൻ്റെ ഭാഗമായി 5 ബില്യൺ പൗണ്ട് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കായി ഗവൺമെൻറ് വകയിരുത്തി. മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലുള്ള ബ്രിട്ടണിലെ സാമ്പത്തിക രംഗത്തിന് ഉത്തേജനം നല്കുകയാണ് പാക്കേജിൻ്റെ ലക്ഷ്യം. സ്കൂളുകൾ, റോഡുകൾ, ഹോസ്പിറ്റലുകൾ, റെയിൽവേ എന്നിവയുടെ നിർമ്മാണത്തിനായാണ് ഫണ്ട് ഉപയോഗിക്കുന്നത്. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ബിസിനസുകൾക്ക് അവസരം നല്കുകയും ചെയ്യുന്നതിനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ജനങ്ങളുടെ മേൽ അമിതമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് ഗവൺമെൻ്റ് ആഗ്രഹിക്കുന്നില്ലെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. 2019 ലെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ ഇൻകം ടാക്സും വാറ്റും നാഷണൽ ഇൻഷുറൻസും വർദ്ധിപ്പിക്കില്ലെന്ന് കൺസർവേറ്റീവ് പാർട്ടി പറഞ്ഞിരുന്നു. എന്നാൽ പുതിയ പ്രോജക്ടുകൾക്കാവശ്യമായ ഫണ്ടിംഗിനായി പണം കണ്ടെത്തുന്നതിനായി ടാക്സ് വർദ്ധിപ്പിക്കാനുള്ള സാധ്യത പ്രധാനമന്ത്രി തള്ളിക്കളഞ്ഞില്ല. കോവിഡ് പ്രതിസന്ധിയുടെ തടവിൽ എക്കാലവും കഴിയാൻ രാജ്യത്തിനാവില്ലെന്നും മുന്നോട്ടുള്ളതിനെ അഭിമുഖീകരിക്കാൻ നമ്മൾ പ്രാപ്തരാവണമെന്നും ബോറിസ് പറഞ്ഞു.

റിപ്പോർട്ട്: ബിനോയ് ജോസഫ്