ബ്രിട്ടീഷുകാർ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ വീടുകൾ വാങ്ങുന്നതിനായി അന്വേഷണം തുടങ്ങിയതായി റിപ്പോർട്ട്
Sunday, July 5, 2020 11:52 AM IST
ലണ്ടൻ : ബ്രിട്ടീഷുകാർ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ വില്ലകളും ഫ്ളാറ്റുകളും വാങ്ങിക്കുന്നതിനായി അന്വേഷണം തുടങ്ങിയതായി പ്രോപ്പർട്ടി സൈറ്റായ റൈറ്റ് മൂവിൽ വൻ ട്രാഫിക് റിപ്പോർട്ട് ചെയ്തു. ലോക്ക് ഡൗൺ യാത്രാ നിബന്ധനകളും വിലക്കുകളും മാറി വരുന്ന സാഹചര്യത്തിലാണ് നല്ല ടൂറിസ്റ്റ് ലൊക്കേഷനുകളിൽ പ്രോപ്പർട്ടിയ്ക്കായി അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഏകദേശം ഒരു മില്യണോളും ആളുകൾ ഒരേ ദിവസം തന്നെ ലീഡിംഗ് പ്രോപ്പർട്ടി സൈറ്റായ റൈറ്റ് മൂവിൽ സേർച്ചിന് എത്തിയിരുന്നു. സീ സൈഡിന് അഭിമുഖമായിരിക്കുന്ന വീടുകളും ഉൾപ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ വില്ലകളുമാണ് മിക്കവരും ലക്ഷ്യമിട്ടിരിക്കുന്നത്.

കൂടുതലായും സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങളാണ് ബ്രിട്ടീഷുകാർ നോട്ടമിട്ടിരിക്കുന്നത്. കൂടുതൽ സൂര്യപ്രകാശവും അത്യാവശ്യം ചൂടും ലഭിക്കുന്ന ഈ യൂറോപ്യൻ രാജ്യങ്ങളിൽ ഹോളിഡേ ഹോം അല്ലെങ്കിൽ റി ലൊക്കേഷൻ ആണ് ആളുകൾ നോക്കുന്നത്. എന്തായാലും ഇത് എസ്റ്റേറ്റ് ഏജൻസികൾക്കും മറ്റ് വിൽപനക്കാർക്കും നല്ല വരുമാനം കൊണ്ടു വരുമെന്നാണ് വിദഗ്ദർ കരുതുന്നത്. ഓവർസീസ് പ്രോപ്പർട്ടി വാങ്ങിക്കുന്നതിൽ യുകെയിലെ ഫിനാൻഷ്യൽ കോൺണ്ടക്ട് അതോറിറ്റിയുടെ പ്രൊട്ടക്ഷൻ ഇല്ലാത്തതിനാൽ പണമിടപാടുകളിൽ യാതൊരു വിധത്തിലുള്ള കോമ്പൻസേഷനോ സുരക്ഷിതത്വമോ ഉണ്ടാവില്ല. ആയതിനാൽ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര നിയമ ഉപദേശങ്ങളും പണമിടപാടുകളിൽ മാർഗനിർദേശങ്ങളും തേടണമെന്ന് മാർക്കറ്റിംഗ് വിദഗ്ദർ നിർദേശിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ബിനോയ് ജോസഫ്