ഹലോ ഫ്രണ്ട്സിന്‍റെ ഓൺലൈൻ നൃത്ത സമർപ്പണത്തിന് വലിയ ജനപ്രീതി
Monday, August 3, 2020 10:02 PM IST
സൂറിച്ച്: ലോകമെമ്പാടുമുള്ള മനുഷ്യർ മനസുകൊണ്ടും ശരീരം കൊണ്ടും അസ്വസ്ഥമായിരിക്കുന്ന മഹാമാരിക്കാലത്ത് ഡാൻസ് ഫെസ്റ്റിവലുമായി ഹലോ ഫ്രണ്ട്സ് സ്വിറ്റ്‌സർലൻഡ് മുന്നേറുന്നു. അസ്വസ്ഥമായ മനസുകൾക്ക് ശാന്തി പകരാനും നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങൾ കൂടെയുണ്ട് എന്ന പൊതുബോധം ജനിപ്പിക്കുവാനും വേണ്ടി ഒരുക്കിയതാണ് ഓൺലൈൻ നൃത്തോത്സവം.

സംഗീത സമർപ്പണത്തിന് ലഭിച്ച അദ്ഭുതപൂർവമായ പിന്തുണയാണ് ഹാലോ ഫ്രണ്ട്സിനെ നൃത്തോത്സവത്തിലേക്ക് കടക്കാൻ പ്രേരിപ്പിച്ചത്. ജൂൺ 14 നു തുടങ്ങിയ നൃത്തോത്സവം ഏകദേശം 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. പങ്കാളികളുടെ കൂടിയ സാന്നിധ്യം കാരണം ക്ലോസിഗ് സെറിമണി നീട്ടിവച്ചു.

കൊറോണകാലത്ത് ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് മാനസിക പിന്തുണയുമായി വന്ന ഹലോ ഫ്രണ്ട്സിന്‍റെ മാതൃക പിന്തുടർന്ന് വിവിധ സാന്ത്വന കൂട്ടങ്ങൾ നിലവിൽ ഉണ്ട്. തങ്ങളെ കൊണ്ട് ചെയ്യാവുന്ന എളിയതും ആശയപരവുമായ സഹായങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കുവാൻ ഹലോ ഫ്രണ്ട്സ് ടീം ശ്രദ്ധിച്ചു പോരുന്നു.ആശയ സംവാദങ്ങളും വിനിമയങ്ങളും നടത്തി വരുന്ന ഹലോ ഫ്രണ്ട്സ് സാമൂഹ്യ മാധ്യമ കൂട്ടായ്‌മയുടെ പ്രസക്തി വർത്തമാനക്കാലത്ത് മലയാളി പ്രവാസ മൂഹത്തിൽ പ്രസക്തമാണ്.

സാമൂഹ്യ പ്രതിബദ്ധതയോടെ സാമൂഹ്യ സേവനവും സാമൂഹ്യ ഇടപെടലുകളും നടത്തുന്ന ഹലോ ഫ്രണ്ട്സ് നിരവധി കൂട്ടായ്മകൾക്കും മാതൃകയായി. ടോമി തൊണ്ടാംകുഴി അഡ്‌മിൻ ആയുള്ള സാമൂഹ്യ മാധ്യമ കൂട്ടത്തിന്‍റെ പ്രവർത്തനങ്ങൾക്ക് ഗവേർണിംഗ് ബോഡി ചുക്കാൻ പിടിക്കുന്നു.

നൃത്തോത്സവം കാണുവാനും ആസ്വദിക്കുവാനും f / hallofriendsswitzerland സന്ദർശിക്കുക .

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ