ഹസ്തദാനം നിരസിച്ച ലെബനീസ് ഡോക്ടര്‍ക്ക് ജര്‍മനി പൗരത്വം നിഷേധിച്ചു; നടപടി കോടതിയും ശരിവച്ചു
Wednesday, October 21, 2020 9:11 PM IST
ബര്‍ലിന്‍: വനിതാ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥയ്ക്ക് ഹസ്തദാനം നിരസിച്ചതിന്‍റെ പേരില്‍ ലെബനീസ് ഡോക്ടര്‍ക്ക് ജര്‍മന്‍ അധികൃര്‍ പൗരത്വം നിഷേധിച്ച നടപടി കോടതി ശരിവച്ചു.

പതിമൂന്ന് വര്‍ഷം ജര്‍മനിയില്‍ ജീവിക്കുകയും സിറ്റിസന്‍ഷിപ്പ് പരീക്ഷ റാങ്കോടെ പാസാകുകയും ചെയ്ത ഡോക്ടറാണ് മതവിശ്വാസത്തിന്‍റെ പേരില്‍ ഹസ്തദാനം നിരസിച്ചത്. ഹസ്തദാനം ചെയ്യാന്‍ മടിക്കുന്നവര്‍ ജര്‍മന്‍ പൗരത്വത്തിന് അര്‍ഹരല്ലെന്ന അധികൃതരുടെ നിലപാട് കോടതിയും അംഗീകരിക്കുകയായിരുന്നു.

പൗരത്വം നിഷേധിച്ച അധികൃതരുടെ തീരുമാനത്തിനെതിരേയാണ് ഡോക്ടര്‍ കോടതിയെ സമീപിച്ചത്. അഞ്ച് വര്‍ഷത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

ലിംഗവിവേചനപരമായി ഹസ്തദാനം നിഷേധിച്ചത് ജര്‍മന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍