ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയ്ക്ക് തുടക്കമായി
Monday, November 16, 2020 10:04 PM IST
ലണ്ടൻ:ആഗോള സന്പദ് വ്യവസ്ഥയുടെ മൂന്നിലൊന്ന് ഭാഗം ഉൾക്കൊള്ളുന്ന 15 രാജ്യങ്ങൾ ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മ രൂപീകരിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാന്‍റ് എന്നിവ ഉൾപ്പെടുന്നതാണ് റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർസിഇപി). ഈ മേഖലയിലെ ചൈനയുടെ സ്വാധീനത്തിന്‍റെ വിപുലീകരണമായാണ് കരാറിനെ കാണുന്നത്.

ഏഷ്യപസഫിക് വ്യാപാര കരാറിൽ നിന്ന് പിന്മാറിയ യുഎസിനെ കരാറിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധികാരമേറ്റയുടനെ ട്രാൻസ് പസഫിക് പാർട്ണർഷിപ്പിൽ നിന്ന് (ടിപിപി) അമേരിക്ക പിൻവാങ്ങിയിരുന്നു. 12 രാജ്യങ്ങളെ ഉൾപ്പെടുത്താനായിരുന്നു കരാർ, ഈ മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന ശക്തിയെ ചെറുക്കുന്നതിനുള്ള മാർഗമായി ട്രംപിന്‍റെ മുൻഗാമിയായ ബറാക് ഒബാമ ഇതിനെ പിന്തുണച്ചിരുന്നു.

ആർസിഇപിയെക്കുറിച്ചുള്ള ചർച്ചകൾ 2012 ൽ ആരംഭിച്ചു. വിയറ്റ്നാം ആതിഥേയത്വം വഹിച്ച അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) യോഗത്തിലാണ് ഞായറാഴ്ച കരാർ ഒപ്പിട്ടത്.

എട്ടുവർഷത്തെ കഠിനാധ്വാനത്തിനുശേഷം, ഇന്നത്തെ കണക്കനുസരിച്ച്, ഒപ്പുവയ്ക്കാനുള്ള ആർസിഇപി ചർച്ചകൾ ഒൗദ്യോഗികമായി ഉരുത്തിരിഞ്ഞുവെന്ന് വിയറ്റ്നാം പ്രധാനമന്ത്രി ഗുയിൻ സുവാൻ ഫൂക്ക് പറഞ്ഞു.കരാറിന്‍റെ പകർപ്പുകൾ ഒപ്പിട്ട് വെർച്വൽ ഉച്ചകോടിയിൽ പ്രദർശിപ്പിച്ചു.കൊറോണ വൈറസ് പാൻഡെമിക്കിൽ നിന്ന് കരകയറാൻ ഈ കരാർ സഹായിക്കുമെന്ന് നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിച്ചു.

കരാറിനെ ബഹുരാഷ്ട്രവാദത്തിന്‍റെയും സ്വതന്ത്ര വ്യാപാരത്തിന്‍റെയും വിജയം എന്നാണ് ചൈനീസ് പ്രധാനമന്ത്രി ലി കെകിയാങ് വിശേഷിപ്പിച്ചത്.

ഇന്ത്യയും ചർച്ചയുടെ ഭാഗമായിരുന്നു, എന്നാൽ കുറഞ്ഞ താരിഫ് പ്രാദേശിക ഉൽപാദകരെ വേദനിപ്പിക്കുമെന്ന ആശങ്കയെ തുടർന്ന് കഴിഞ്ഞ വർഷം കറാറിൽനിന്നും പിൻമാറി.

ഭാവിയിൽ ഇന്ത്യയ്ക്ക് ചേരാനുള്ള വാതിൽ തുറന്നുകിടക്കുകയാണെന്ന് കരാർ ഒപ്പിട്ടവർ പറഞ്ഞു.ആർസിഇപി അംഗങ്ങൾ ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. അതായത് ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ 29 ശതമാനം. യുഎസ്, മെക്സിക്കോ,കാനഡ കരാറിനേക്കാളും യൂറോപ്യൻ യൂണിയനേക്കാളും വലുതായിരിക്കും. പുതിയ സ്വതന്ത്ര വ്യാപാര കരാർ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍