ഇറ്റലിയില്‍ ക്രിസ്മസ് കാലത്ത് യാത്രകള്‍ക്ക് നിയന്ത്രണം
Friday, December 4, 2020 10:29 PM IST
റോം: ക്രിസ്മസ് കാലത്ത് യാത്രകള്‍ നടത്തുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഇറ്റാലിയൻ സര്‍ക്കാർ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ഡിസംബര്‍ നാല് മുതല്‍ പുതുവര്‍ഷം വരെയാണ് പുതിയ നിയന്ത്രണങ്ങളുടെ കാലാവധിയെന്ന് പ്രധാനമന്ത്രി അന്‍റോണിയോ കോണ്‍ടെ അറിയിച്ചു.

ഇതനുസരിച്ച് ക്രിസ്മസ് ദിനം, ബോക്സിംഗ് ഡേ, പുതുവര്‍ഷ ദിനം എന്നീ ദിവസങ്ങളില്‍ ടൗണുകള്‍ക്കിടയിലും മേഖലകള്‍ക്കിടയിലും അനിവാര്യ ഘട്ടങ്ങളിലല്ലാതെ യാത്രകള്‍ അനുവദിക്കില്ല. തിരക്കേറിയ സീസണില്‍ ഉണ്ടാകുന്ന കോവിഡ് വ്യാപന സാധ്യത നിയന്ത്രിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ഡിസംബര്‍ 21നും ജനുവരി ആറിനുമിടയില്‍ വിദേശ യാത്രകള്‍ നടത്തുന്ന ഇറ്റാലിയന്‍ പൗരന്‍മാര്‍ മടങ്ങിയെത്തുമ്പോള്‍ ക്വാറന്‍റൈനിലും കഴിയേണ്ടിവരും. ഈ ദിവസങ്ങളില്‍ രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്കും ഇതു ബാധകമായിരിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ