ബ്രിട്ടനില്‍ മലയാളി കൌണ്‍സിലര്‍ ടോം ആദിത്യക്കു വന്‍ വിജയം
Monday, May 18, 2015 8:12 AM IST
ബ്രിസ്റോള്‍: ബ്രിട്ടനില്‍ മലയാളി കൌണ്‍സിലര്‍ രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്റോള്‍ ബ്രാഡ്ലി സ്റോക്കിലെ നിലവിലെ കൌണ്‍സിലറായ ടോം ആദിത്യയാണു പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗവും തൂത്തുവാരി രണ്ടാം തവണയും വിജയഭേരി മുഴക്കിയത്. ബ്രിട്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി കൌണ്‍സിലറാണു ടോം.

സൌത്ത് വെസ്റ് ഇംഗ്ളണ്ടിലെ ബ്രിസ്റോള്‍ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന എവണ്‍ ആന്‍ഡ് സമര്‍സെറ്റ് പോലീസ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായും സേവനം ചെയ്യുന്ന ടോം ഈ കൌണ്ടിയില്‍ (പ്രവിശ്യയില്‍) തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ്.

മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി, ഫിനാന്‍ഷ്യല്‍ സര്‍വീസ് രംഗത്തെ മികവുമായിട്ടാണ് 98 ശതമാനം വെള്ളക്കാര്‍ അധിവസിക്കുന്ന നഗരത്തില്‍ ടോം ആദിത്യ വെന്നിക്കൊടി പാറിച്ചത്. 2011 ലെ വിജയത്തിന്റെ ചുവടുപിടിച്ചുള്ള പ്രവര്‍ത്തനം ഇത്തവണത്തെ വിജയത്തിനു ഏറെ തിളക്കം നല്‍കുന്നു. രണ്ടാം തവണയും തുടര്‍ച്ചയായി വിജയം നേടിയതോടെ ടോമിന്റെ ജനസ്വാധീനം അരയ്ക്കിട്ടുറപ്പിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായും മന്ത്രിമാരുമായും വളരെ നല്ല അടുത്ത ബന്ധം പുലര്‍ത്തുന്ന ടോമിന്റെ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ വെള്ളക്കാരും ആകൃഷ്ടരാണ്.

ചങ്ങനാശേരി എസ്ബി കോളജില്‍ ബിരുദ വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ ഡിബേറ്റ്, പ്രസംഗ മല്‍സരങ്ങളിലും വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനങ്ങളിലും മികവു തെളിയിച്ചിട്ടുള്ള ടോം നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

ബിരുദം നേടിയശേഷം നിയമപഠനവും, എംബിഎയും പൂര്‍ത്തിയാക്കിയ ടോം അമേരിക്കയിലെ പ്രോജക്ട് മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടില്‍നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി ലണ്ടനിലെ ഐഎഫ്എസ് യൂണിവേഴ്സിറ്റിയില്‍നിന്നു ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും നടത്തി.

പഠനത്തിനുശേഷം ബാങ്കിംഗ് മേഖല കര്‍മരംഗമാക്കി തുടക്കം കുറിച്ച ടോം പിന്നീട് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിന്റെ പ്രോജക്ട് ഡയറക്ടറായും മാനേജ്മെന്റ കണ്‍സള്‍ട്ടന്റായും സേവനം ചെയ്തു.

2002ല്‍ ടോമിന്റെ മാനേജ്മെന്റ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഇംഗ്ളണ്ടിലേക്കു പറിച്ചു നട്ടു. തുടര്‍ന്നു ബിസിനസ് വിജയകരമായി കെട്ടിപ്പെടുക്കുന്നതിനൊപ്പം പൊതുജനസേവനത്തിലും സജീവ പങ്കാളിയായതോടെ പ്രദേശത്തെ ആദ്യത്തെ ഏഷ്യന്‍ വംശജ കൌണ്‍സിലായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആദ്യടേമില്‍ പ്രദേശത്തെ വികസനപ്രവര്‍ത്തനത്തിനു നേതൃത്വം കൊടുത്തതിനു പുറമെ ബ്രിട്ടനിലെ പ്രവാസികളുടെ വീസ പ്രശ്നങ്ങളിലും തൊഴില്‍ വിഷയങ്ങളിലും സുരക്ഷാ പ്രശ്നങ്ങളിലും ഇടപെട്ട് അത്തരക്കാര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനും ബ്രിട്ടനിലേക്കു പുതുതായി കുടിയേറുന്ന മലയാളികള്‍ക്കു മാത്രമല്ല ഇതര രാജ്യക്കാര്‍ക്കും അവരുടെ പാര്‍പ്പിട പ്രശ്നങ്ങള്‍ക്കും നിസ്തുലമായ സേവനം നല്‍കിയതും വിജയത്തിനുള്ള മറ്റൊരു കാരണമായി. കൂടാതെ ബ്രിട്ടനില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം അനന്തരകര്‍മങ്ങള്‍ക്കായി നാട്ടില്‍ എത്തിക്കുന്നതിനുള്ള പ്രക്രിയകള്‍ക്കും ടോം നിശബ്ദ പങ്കാളിയായി പ്രവര്‍ത്തിക്കുന്നു.

അബുദാബിയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മലപ്പുറം സ്വദേശി ഗംഗാധരന്റെ മോചനത്തിനുവേണ്ടി അന്താരാഷ്ട്ര തലത്തില്‍ നേതൃത്വം നല്‍കുന്നതും ടോം ആണ്.

സാമൂഹ്യപ്രതിബദ്ധതയോടും ശ്രദ്ധയോടും അര്‍പ്പണമനോഭാവത്തോടും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ടോം നല്‍കിയ നിസ്വാര്‍ഥ സംഭാവനകള്‍ നിരവധിയാണ്. സൌഹൃദഭാവവും സൃഷ്ടിപരമായ കാഴ്ചപ്പാടും ടോം ആദിത്യയെ മറ്റുള്ളവരില്‍നിന്നു വേറിട്ടതാക്കുന്നു.

റാന്നി ഇരൂരിക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും പുത്രനും പാലാ നഗരപിതാവായിരുന്ന സ്വാതന്ത്യ്രസമര സേനാനി വെട്ടം മാണിയുടെ പൌത്രനുമാണ് ടോം.

ഭാര്യ: ലിനി. മക്കള്‍: അഭിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ, അല്‍ഫോന്‍സ്. സഹോദരങ്ങള്‍ പ്രീന, പ്രണാബ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍