മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു
Sunday, October 19, 2025 10:51 PM IST
കല്യാണ്‍ (മഹാരാഷ്ട്ര): കൃതജ്ഞതാസ്തോത്ര ഗീതികളും പ്രാര്‍ഥനകളും നിറഞ്ഞ അന്തരീക്ഷത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കല്യാണ്‍ സീറോമലബാര്‍ അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു.
താനെയിലെ കല്യാണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ ഇന്ന് ഉച്ചകഴിഞ്ഞു 2.30ന് നടന്ന തിരുക്കർമ്മങ്ങളിൽ സീറോമലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിൽ മുഖ്യകാര്‍മികത്വം വഹിച്ചു. കല്യാണ്‍ രൂപതയെ അതിരൂപതയായും മാര്‍ വാണിയപ്പുരയ്ക്കലിനെ പ്രഥമ ആർച്ച്ബിഷപ്പായും ഉയര്‍ത്തിക്കൊണ്ടുള്ള കല്പന സഭയുടെ കൂരിയ ചാന്‍സലര്‍ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു.
കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്കി. ബിഷപ് മാര്‍ തോമസ് ഇലവനാല്‍, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പുതിയ ആര്‍ച്ച്ബിഷപ്പിന്റെ സഹോദരന് ഫാ. ജോര്‍ജ് വാണിയപ്പുരയ്ക്കലായിരുന്നു ആര്‍ച്ച്ഡീക്കന്‍.
തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സ്ഥാനമൊഴിഞ്ഞ ബിഷപ് മാര്‍ തോമസ് ഇലവനാലിനു യാത്രയയപ്പ് നല്കി. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉള്‍പ്പെടെ കേരളത്തിലും പുറത്തുമുള്ള 35 മെത്രാന്മാര്, വൈദികര്‍, സമര്‍പ്പിതര്‍, അല്മായര് തുടങ്ങിയവര്‍ പങ്കെടുത്തു.
കല്യാണ്‍ അതിരൂപത വികാരി ജനറാള്‍ ഫാ. സിറിയക് കൂമ്പാട്ട്, കത്തീഡ്രല്‍ വികാരി ഫാ. ഡേവിസ് തരകന് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.