ലോസ് ആഞ്ചലസിൽ സ്റ്റേ അറ്റ് ഹോം നവംബർ 30 മുതൽ
Saturday, November 28, 2020 8:17 AM IST
ലോസ്ആഞ്ചലസ്: അമേരിക്കയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനമായ കലിഫോർണിയായിലെ ലോസ് ആഞ്ചലസിൽ കോവിഡ് മഹാമാരി രൂക്ഷമായതിനെതുടർന്ന് നവംബർ 30 (തിങ്കൾ) മുതൽ മൂന്നാഴ്ചത്തേക്ക് സ്റ്റേ അറ്റ് ഹോം പ്രഖ്യാപിച്ചു. അതേസമയം ചർച്ച് സർവീസ്, പ്രതിഷേധ പ്രകടനങ്ങൾ എന്നിവ ഭരണഘടനാ വിധേയമായതിനാൽ ഇവയെ ഉത്തരവിൽനിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും കൗണ്ടി പബ്ലിക് ഹെൽത്ത് അധികൃതർ അറിയിച്ചു.

പത്തു മില്യൺ ജനസംഖ്യയുള്ള ലോസു കൗണ്ടിയിൽ നവംബർ 27 നു മാത്രം 4544 പേർക്ക് കോവിഡ് പോസിറ്റീവും 24 മരണവും സംഭവിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി കൗണ്ടിയിലെ പ്രതിദിന കേസുകളുടെ എണ്ണം 4500 ആണ്.

മൂന്നാഴ്ചക്കാലം കഴിവതും എല്ലാവരും വീട്ടിൽതന്നെ കഴിയണം. അത്യാവശ്യം പുറത്തുപോകുന്നവർ കർശന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ