മലയാളം സൊസൈറ്റി, ഹൂസ്റ്റൺ സന്തോഷത്തിന്‍റെ സമവാക്യങ്ങൾ ചർച്ച ചെയ്തു
Friday, September 14, 2018 10:04 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ സെപ്റ്റംബർ സമ്മേളനം 9ന് വൈകുന്നേരം നാലിന് സ്റ്റാഫോർഡിലെ കേരളാ കിച്ചന്‍റെ മീറ്റിംഗ് ഹാളിൽ നടന്നു. തോമസ് കളത്തൂർ അവതരിപ്പിച്ച "സന്തോഷത്തിന്‍റെ സമവാക്യങ്ങൾ’ എന്ന പ്രബന്ധമായിരുന്നു പ്രധാന ചർച്ചാവിഷയം. ജി. പുത്തൻകുരിശ് മോഡറേറ്റർ ആയിരുന്നു.

മുൻ പ്രധാനമന്ത്രി വാജ്പേയ്, പ്രശസ്ത കവി ചെമ്മനം ചാക്കൊ, മഹാപ്രളയത്തിൽ മരണപ്പെട്ടവർക്കും ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. മണ്ണിക്കരോട്ടിന്‍റെ ആമുഖ പ്രസംഗത്തെ തുടർന്ന് തോമസ് കളത്തൂർ പ്രബന്ധം അവതരിപ്പിച്ചു. “കുട്ടികളുടെ മനസ് ചിത്രശലഭങ്ങളെപ്പോലെ പാറി സന്തോഷിക്കാൻ കഴിയുന്ന സൗഹൃദത്തിന്‍റെയും സഹകരണത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും സമൂഹത്തെ ഒരുക്കാൻ നമുക്കു കഴിയണം. അപ്പോൾ അവരും അതേ പാത പിന്തുടരും. ജാതിയുടെയും മതത്തിന്‍റെയും മതിൽക്കെട്ടുകൾക്കിള്ളിൽ അടച്ചിടാനുള്ള സാഹചര്യം ഉണ്ടാക്കരുത്. ഹിന്ദുവൊ ക്രിസ്ത്യാനിയൊ മുസൽമാനൊ ആയി വളരാതെ മനുഷ്യരായി അവർ വളരട്ടെ.” കളത്തൂർ അറിയിച്ചു.

ഈ സന്ദേശം സമൂഹത്തിനു മാറ്റം വരുത്താൻ കഴിയും വിധം വിജയപ്രദമാക്കുന്നതിന് കുടുംബത്തിനാണ് പ്രധാന ഉത്തരവാദിത്വം. കുടുംബത്തിന്‍റെ ഈ ഉത്തരവാദിത്വം പഴയതും പുതിയതുമായ സാഹചര്യങ്ങളും രീതികളും വിലയിരുത്തിക്കൊണ്ട് പ്രബന്ധകാരൻ വെളിപ്പെടുത്തി. ജി. പുത്തൻകുരിശ് നിയന്ത്രിച്ച ചർച്ചയിൽ സമ്മേളനത്തിൽ സന്നിഹിതരായിരുന്നവർ സജീവമായി പങ്കെടുത്തു. സദസ്യരുടെ വിഷയത്തോടനുബന്ധിച്ച വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ചർച്ചയ്ക്ക് തനതായ ഉൗർജ്ജം പകർന്നു. പ്രബന്ധത്തിന്‍റെ ശീർഷകവും വാചകഘടനയുമൊക്കെ ക്രിയാത്മകമായി വിമർശിക്കപ്പെടുകയും ചെയ്തു.

തുടർന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന സാഹിത്യകാരനും കവിയുമായ ഈശോ ജേക്കബ് എഴുതിയ "ഡേർട് ഈസ് നോട് എ ഡേർടി തിംഗ്' എന്ന ഇംഗ്ലീഷ് കവിത അവതരിപ്പിച്ചു. ചെളി നാം വിചാരിക്കുന്നതുപോലെ അത്രയ്ക്കും മോശമായ വസ്തു അല്ല, അത് നമ്മുടെ ജീവിതത്തിൽനിന്നു പൂർണമായി നീക്കം ചെയ്യാൻ കഴിയാത്തവിധം കെട്ടുപുണർന്നു കിടക്കുന്നു. സദസ്യരുടെ ചിന്തയ്ക്ക് മാറ്റം വരുത്താനും അത് മറ്റൊരു തലത്തിലേക്ക് നയിക്കാനും ഈ കവിതക്ക് കഴിഞ്ഞെന്ന് യോഗം വിലയിരുത്തി. നാം കാണുന്ന നിസാരമെന്നു കരുതുന്ന വസ്തുക്കൾപോലും എപ്പോഴും നിസാരമായിരിക്കുകയില്ല, ആവശ്യം വരും, പ്രയോജനം ചെയ്യും എന്നൊക്കെ ഈ കവിത തെളിയിക്കുകയായിരുന്നു.

തുടർന്നുള്ള പൊതുചർച്ചയിൽ പൊന്നു പിള്ള, എ.സി. ജോർജ്, നൈനാൻ മാത്തുള്ള, ഈശോ ജേക്കബ്, ജോണ്‍ കുന്തറ, ദേവരാജ് കാരാവള്ളിൽ, ചാക്കൊ മുട്ടുങ്കൽ, ടി. എൻ. ശാമുവൽ, തോമസ് തയ്യിൽ, ടോം വിരിപ്പൻ, തോമസ് വർഗ്ഗീസ്, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ബാബു തെക്കെക്കര, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ പങ്കെടുത്തു. പൊന്നു പിള്ളയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.

വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്‍റ്) 281 857 9221 , www.mannickarottu.net,
ജോളി വില്ലി (വൈസ് പ്രസിഡന്‍റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്‍റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217.