സീറോ മലബാർ ദേശീയ കൺവൻഷൻ: ഹൂസ്റ്റണിൽ അവലോകന യോഗം മേയ് 26 ന്
Thursday, May 16, 2019 3:44 PM IST
ഹൂസ്റ്റൺ : സെന്‍റ് ജോസഫ് ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷന്‍റെ തയാറെടുപ്പുകൾ വിജയകരമായി പുരോഗമിക്കുന്നു. അയ്യായിരത്തിൽ പരം വിശ്വാസികൾ സംഗമിക്കുന്ന ഈ വിശ്വാസകൂട്ടായ്‌മയിൽ ഇതിനോടകം നാലായിരത്തിൽപരം വിശ്വാസികൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

ദേശീയ സീറോ മലബാർ സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി അവലോകന യോഗം മേയ് 26 നു ഹൂസ്റ്റൺ സീറോ മലബാർ ഫൊറോനാ ഓഡിറ്റോറിയത്തിൽ കൺവൻഷന്‍റെ രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ അധ്യക്ഷതയിൽ ചേരും.

സഹായമെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്, രൂപത ചാൻസലർ ജോണിക്കുട്ടി പുതുശേരി, യൂത്ത് കോ-ഓർഡിനേറ്റർ ഫാ. പോൾ ചാലിശേരി, ഫൊറോനാ വികാരിയും കൺവൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, കോ-കോർഡിനേറ്റർ ഫാ. രാജീവ് വലിയവീട്ടിൽ എന്നിവരും, കൺവൻഷൻ ചെയർമാൻ അലക്സ് കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, കൺവൻഷൻ സെക്രട്ടറി പോൾ ജോസഫ് തുടങ്ങി നാല്പതോളം വരുന്ന കമ്മിറ്റികളും ഇതര സബ് കമ്മറ്റിഭാരവാഹികളും പങ്കെടുക്കും.

പരിപാടിയുടെ സുഖമമായ നടത്തിപ്പും അതിഥികളുടെ സൗകര്യങ്ങളും സമ്മേളനം ചർച്ച ചെയ്യും. കൺവൻഷന്‍റെ വിജയത്തിനായി കഴിഞ്ഞ ഒരു വർഷമായി നൂറോളം വോളണ്ടിയേഴ്‌സ് വിവിധ കമ്മിറ്റികളിൽ അഹോരാത്രം പ്രവർത്തിച്ചുവരുന്നു. അവലോകന യോഗത്തിൽ നിന്നുള്ള തീരുമാനങ്ങൾ ദേശീയ തലത്തിൽ അറിയിക്കുമെന്നു ഫാ. കുര്യൻ നെടുവേലിചാലുങ്കൽ അറിയിച്ചു.

കൺവൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.smnchouston.org എന്ന കൺവൻഷന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാൻ ഇപ്പോഴും അവസരമുണ്ട്.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ