ഫോർട്ട് വർത്തിൽനിന്നും തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തി; പ്രതി പിടിയിൽ
Monday, May 20, 2019 8:55 PM IST
ഫോര്‍ട്ട്‌വര്‍ത്ത്: അമ്മയുടെ കൂടെ നടക്കാനിറങ്ങിയ 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ആൾ പിടിയില്‍. മേയ് 18 നാണ് സംഭവം. അമ്മയും മകളും റോഡിലൂടെ നടന്നുപോകുമ്പോള്‍ പെട്ടന്ന് വാഹനം തൊട്ടടുത്തു നിറുത്തി കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നു.

വാഹനത്തില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയെ തട്ടിമാറ്റി വാഹനം ഓടിച്ചുപോയ മൈക്കിള്‍ വെമ്പാന്‍ (51) ആൾ ശനിയാഴ്ച രാത്രിയാണ് അറസ്റ്റിലായതെന്ന് പോലീസ് പത്രസമ്മേളനത്തിൽ അറിയിച്ചു.

ഫോറസ്റ്റ് ഹില്ലിലുള്ള വുഡ് സ്പ്രിംഗ് സ്യൂട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ സുരക്ഷിതമായി ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. വൈദ്യ പരിശോധനക്ക് ശേഷം കുട്ടി ആരോഗ്യവതിയായിരിക്കുന്നു എന്നാണ് പോലീസ് പറയുന്നത്.

ശനിയാഴ്ച തന്നെ ആംമ്പര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ ഹോട്ടല്‍ പരിസരത്തു സംശയാസ്പദമായ കാര്‍ കണ്ടെത്തിയത് അവിടെ ലോക്കല്‍ ചര്‍ച്ചിലെ ചിലരാണ് ഉടനെ പോലീസിനെ വിവരം അറിയിച്ചു.സോഷ്യല്‍ മീഡിയാ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും കുട്ടിയുടെ ചിത്രം പരസ്യപ്പെടുത്തിയതും കാറിന്‍റെ വിശദ വിവരങ്ങള്‍ നല്‍കിയതുമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ പ്രതിയുടെ പേരില്‍ വിവിധ കൗണ്ടികളില്‍ പലകേസുകളും നിലവിലുണ്ട്. കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ കുടുംബാംഗങ്ങളോടൊപ്പം പോലീസും സന്തോഷം പങ്കിട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ