ഒ.സി. അബ്രഹാമിന്‍റെ 85–ാം പിറന്നാൾ ആഘോഷിച്ചു
Tuesday, June 18, 2019 10:07 PM IST
ലൂയിസ്‌വില്ല (ഡാളസ്): നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന നാറ്റീവ് അമേരിക്കൻ മിഷൻ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിക്കുകയും മർത്തോമ സഭാ മിഷൻ പ്രവർത്തനങ്ങൾക്ക് സജീവ സാന്നിധ്യവുമായ ഒ. സി. അബ്രഹാമിന്‍റെ 85–ാം ജന്മദിനം ഭദ്രാസന എപ്പിസ്കോപ്പാ, റവ. ഡോ. ഐസക്ക് മാർ ഫിലൊക്സിനോസിന്‍റെ സാന്നിധ്യത്തിൽ ആഘോഷിച്ചു.

ചടങ്ങിൽ ഡാളസ് ഫാർമേഴ്സ് മാർത്തോമ ചർച്ച് വികാരിമാരായ റവ. ഡോ. അബ്രഹാം മാത്യു, റവ. ബ്ലെസിൽ കെ. മോൻ, റവ. മാത്യു ജോസഫ് (ഡാളസ് സെന്‍റ് പോൾസ്), റവ. മാത്യു മാത്യൂസ് (സെഹിയോൻ), റവ. തോമസ് മാത്യു (കരോൾട്ടൻ), റവ. മാത്യു ജോസഫ് (റിട്ടയേർഡ്), റവ. മത്തായി മണ്ണൂർ വടക്കേതിൽ, ഫിലിപ്പ് തോമസ് സിപിഎ (ഭദ്രാസന ട്രഷറർ) തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.

തിരുവല്ല ഊര്യയപടിക്കൽ കുടുംബാംഗമായ ഒ. സി. അബ്രഹാം അറുപതുകളുടെ ആരംഭത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായിട്ടാണ് അമേരിക്കയിൽ എത്തിയത്. ബൈബിൾ, തിയോളജി വിഷയങ്ങളിൽ ബിരുദമെടുത്തതിനുശേഷം കേരളത്തിലെത്തി മർത്തോമ സഭയിലെ ആദ്യ സ്റ്റുഡന്‍റ് ചാപ്ലയിനായി ചുമതലയേറ്റു. ഒരു വർഷത്തെ സേവനത്തിനുശേഷം അമേരിക്കയിൽ എത്തിയ ഒ.സി. മർത്തോമാ സഭയുടെ ഭദ്രാസന രൂപീകരണത്തിലും ഫിലഡൽഫിയയിലെ ആദ്യ മർത്തോമ ഇടവക ആരംഭിക്കുന്നതിനും പ്രധാന പങ്കുവഹിച്ചു കൂറിലോസ് തിരുമേനി ഭദ്രാസനാധിപനായിരിക്കുമ്പോഴാണ് നാറ്റീവ് അമേരിക്കൻ മിഷന് തുടക്കം കുറിച്ചത്. തുടർന്ന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു ബൈബിൾ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകി.

മർത്തോമ സഭാ കൗൺസിൽ അംഗം നിർമലയാണ് ഭാര്യ. രണ്ടു മക്കളും മരുമക്കളും പേരകുട്ടികളും ഉൾപ്പെടുന്നതാണ് കുടുംബം.

റിപ്പോർട്ട്: പി.പി. ചെറിയാൻ