കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സ്വീകരിക്കാന്‍ സോമര്‍സെറ്റ് ദേവാലയം ഒരുങ്ങി
Wednesday, July 24, 2019 12:30 PM IST
ന്യൂജഴ്‌സി: സീറോ മലബാര്‍ സഭാശ്രേഷ്ഠ മെത്രാപ്പോലീത്താ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സ്വീകരിക്കാന്‍ ന്യൂജഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയം ഒരുങ്ങി. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും (ശ്രേഷ്ഠ മെത്രാപ്പോലീത്ത) എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ജൂലൈ 24നു ബുധനാഴ്ച വൈകീട്ട് 7.30 ന് ദേവാലയത്തില്‍ എത്തുന്ന കര്‍ദിനാളിന് ഇടവക വികാരിയും, ഇടവകാംഗങ്ങള്‍, സിഎംഎല്‍ കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്റ് ചെറുവത്തൂരും കര്‍ദിനാളിനെ അനുഗമിക്കും.

വിശുദ്ധ ദിവ്യബലി അര്‍പ്പണത്തോടൊപ്പം കര്‍ദ്ദിനാള്‍ സഭാ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. സ്വീകരണ ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്റെ ആല്മീയ നേതൃത്വത്തില്‍ ഇടവകയിലെ ഭക്ത സംഘടനകളായ ജോസഫ് ഫാദേഴ്‌സും, മരിയന്‍ മദേഴ്‌സും, യുവജനങ്ങളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

വൈകീട്ട് 7.30 ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ചാന്‍സലര്‍ റവ. ഫാ. വിന്‍സെന്റ് ചെറുവത്തൂര്‍, ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരന്‍, ഫാ.പീറ്റര്‍ അക്കനത്ത്, ഫാ.ഫിലിപ്പ് വടക്കേക്കര, ഫാ.പോളി തെക്കന്‍, ഫാ.മാത്യു കുന്നത്ത്, ഫാ. മീന എന്നിവര്‍ സഹകാര്‍മികരായിരിക്കും. ആഘോഷമായ ദിവ്യബലിയില്‍ ദേവാലത്തിലെ ഗായക സംഘം ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ദിവ്യബലിക്കുശേഷം കര്‍ദിനാള്‍ ഇടവകയിലെ ഓരോ കുടുംബാംഗങ്ങളെയും പ്രത്യേകം അനുഗ്രഹിച്ചു പ്രാര്‍ത്ഥിക്കും. എല്ലാവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

സോമര്‍സെറ്റ് ദേവാലയത്തിലെ സ്വീകരണ ചടങ്ങുകള്‍ക്കുശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഷിക്കാഗോ, ഒഹായോ, ഹ്യൂസ്റ്റണ്‍ എന്നിവിടങ്ങളിലെ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. ബ്രോങ്ക്‌സ് സെന്റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ വികാരി ഫാ.ജോസ് കണ്ടത്തുകുടി, പാറ്റേഴ്‌സണ്‍ സെന്റ് .ജോര്‍ജ് ദേവാലയ വികാരി ഫാ.തോമസ് മങ്ങാട്ട് എന്നിവരുമായും കൂടിക്കാഴ്ച നടത്തും.

2011 മേയ് 26നു സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയി മാര്‍ ജോര്‍ജ് ആലഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടു. മേയ് 29ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വച്ച് ശ്രേഷ്ഠ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കൂരിയ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ 2012 ജനുവരി ആറിനു കര്‍ദിനാളായി ഉയര്‍ത്തുന്ന മാര്‍പ്പാപ്പയുടെ സന്ദേശം അറിയിച്ചു. ഫെബ്രുവരി 18ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ വച്ച് മാര്‍ ആലഞ്ചേരി കര്‍ദ്ദിനാള്‍ പദവി സ്വീകരിച്ചു.

2012ല്‍ കത്തോലിക്കാ സഭയിലെ വിശ്വാസപ്രബോധന കാര്യാലയത്തിലെ അംഗമായി 5 വര്‍ഷത്തേക്ക് ബെനെഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ നിയമിച്ചു. 18 കര്‍ദ്ദിനാള്‍മാര്‍ അംഗങ്ങളായുള്ള ഉന്നതാധികാര സമിതിയിലേക്കാണ് മാര്‍ ആലഞ്ചേരിയെ നിയമിച്ചിരുന്നത്. സഭയുടെ വിശ്വാസവിഷയങ്ങളില്‍ മാര്‍പ്പാപ്പ ഈ സമിതിയുമായാണ് കൂടിയാലോചന നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക:
മനോജ് പാട്ടത്തില്‍ (ട്രസ്റ്റി) (908) 4002492, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യന്‍ ആന്റണി (ട്രസ്റ്റി) 7326903934), ടോണി മാങ്ങന്‍ (ട്രസ്റ്റി) (347) 7218076.
web: www.stthomassyronj.org
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം