എംഎസിഎഫ് റ്റാമ്പായുടെ ഓണാഘോഷം ഫ്ളോറിഡക്ക് ഉത്സവമായി മാറി
Thursday, September 12, 2019 6:50 PM IST
ടാമ്പ: ടാമ്പായെ അക്ഷരാർഥത്തിൽ ഉത്സവത്തിലാറാടിച്ചു കൊണ്ട് എംഎസിഎഫിന്‍റെ ഓണം ടാമ്പായിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിൽ ആഘോഷിച്ചു. ക്നാനായ കമ്മ്യൂണിറ്റി സെന്‍റർ രണ്ടായിരത്തിപതിനൊന്നിൽ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ജന പങ്കാളിത്തത്തിനാണ് ഓഗസ്റ്റ് 24 നു ടാന്പ സാക്ഷ്യം വഹിച്ചത്.

അക്ഷരാർഥത്തിൽ ടാമ്പായിലെ മഹാ ഭൂരിപക്ഷം മലയാളി ജനാവലിയും ഓണാഘോഷത്തിന് എത്തിയിരുന്നു. രാവിലെ 11 ന് ആരംഭിച്ച ഓണസദ്യ രണ്ടു മണിയോടെ വിളമ്പുന്നത് അവസാനിപ്പിച്ച് ബുഫേ മാത്രമായി അവസാനിപ്പിച്ച് സമയ ക്രമീകരണം കൃത്യമായി പാലിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടിന് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റേയും അകമ്പടിയോടു കൂടി മാവേലി മന്നനെയും മറ്റു വിശിഷ്ട വ്യക്തികളെയും വേദിയിലേക്ക് ആനയിച്ചു.എംഎസിഎഫ് പ്രസിഡന്‍റ് സുനിൽ വർഗീസ് സ്വാഗതം ആശംസിച്ചു. വിശിഷ്ടവ്യക്തികളും മുൻ പ്രസിഡന്‍റുമാരും വനിതാ ഫോറം ഭാരവാഹികളും ചേർന്ന് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ടിറ്റോ ജോൺ മാവേലിയായി വേഷമിട്ടു.

എംഎസിഎഫിനെ സാമ്പത്തികമായി സഹായിച്ചവർക്കും എംഎസിഎഫിന്‍റെ സംഘടനാപരമായ വളർച്ചക്ക് സഹായിച്ചവർക്കും ഫലകം നൽകി ആദരിച്ചു.

മുഖ്യാതിഥിയായിരുന്ന ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ എംഎസിഎഫ് ഫോമാ വില്ലേജ് രൂപപ്പെടുത്തുന്നതിൽ വഹിച്ച നിർണായക പങ്കിനെപ്പറ്റി വിവരിച്ചു.തുടക്കത്തിൽ തന്നെ എംഎസിഎഫ് വീട് നൽകിയതു കൂടാതെ എംഎസിഎഫിലെ ജോയ് അമ്മിണി കുര്യൻ ദമ്പതികൾ ഒരു വീട് നൽകുകയും ടി.ഉണ്ണികൃഷ്ണൻ പ്രോജക്ടിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.

ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബ് , ബിജു തോണിക്കടവൻ, പൗലോസ് കുയിലാടൻ, ജോർജി വർഗീസ് , രാജൻ പടവത്തിൽ തുടങ്ങിയവരോടൊപ്പം ഫ്ളോറിഡയിലുള്ള മറ്റു പ്രമുഖ അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തുടർന്നു മുന്നൂറോളം വനിതകൾ പങ്കെടുത്ത ഒരു മണിക്കൂറിലധികം നീണ്ടുനിന്ന മെഗാനൃത്തം ജനസദസിനു മുൻപിൽ അവതരിക്കപ്പെട്ടു. ടാമ്പാ ബേയിലെ വനിതകളുടെ ആറ് മാസത്തോളം നീണ്ടു നിന്ന പ്രയത്നത്തിന്‍റെ അരങ്ങേറ്റം, നിറഞ്ഞ കൈയടിയോടെയാണ് സദസ് പ്രോത്സാഹിപ്പിച്ചത്.

അടുത്ത വർഷം നടക്കുന്ന എംഎസിഎഫിന്‍റെ മെഗാഓണത്തിന് മുവായിരത്തിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെമ്പാടുമുള്ള എല്ലാ മലയാളികളെയും രണ്ടായിരത്തി ഇരുപത്തിലെ ഓണാഘോഷത്തിലേക്കു മുൻകൂറായി ക്ഷണിക്കുന്നു. അസോസിയേഷൻ സെക്രട്ടറി ജയേഷ് നായർ നന്ദി പറഞ്ഞു.