എം.വി.നികേഷ് കുമാര്‍ ഐഎപിസി മീഡിയ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും
Monday, September 16, 2019 11:54 AM IST
ന്യൂയോര്‍ക്ക്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം.വി. നികേഷ് കുമാര്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ആറാമത് ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിലും കോണ്‍ക്ലേവിലും പങ്കെടുക്കുന്നു. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ നികേഷ് കുമാര്‍, ഏഷ്യാനെറ്റ് ചാനലില്‍ റിപ്പോര്‍ട്ടറായി മാധ്യമജീവിതം ആരംഭിച്ചു. പിന്നീട്, ഇന്ത്യാവിഷന്‍ ചാനലിന്റെ അമരക്കാരനായി. സാമൂഹികസമകാലികരാഷ്ട്രീയ വിഷയങ്ങള്‍ ആസ്പദമാക്കിയ വിവിധ പരിപാടികള്‍ നികേഷ് അവതരിപ്പിച്ചു. റിപ്പോര്‍ട്ടര്‍ ചാനലില്‍ എല്ലാ ദിവസവും രാത്രി ഒമ്പതിനുള്ള ന്യൂസ് നൈറ്റിന്റെ അവതാരകനാണ്.

സംസ്ഥാനത്തെ ബാധിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ ചര്‍ച്ചാ ഷോയാണു റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷ് അവതരിപ്പിക്കുന്ന 'എഡിറ്റേഴ്‌സ് അവര്‍'. ക്ലോസ് എന്‍കൗണ്ടര്‍ എന്ന പ്രതിവാര അഭിമുഖ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നു. കേരളത്തിലെ സാമൂഹികരാഷ്ട്രീയ നേതാക്കളുമായി നടത്തുന്ന സംവാദമാണ് ഈ ഷോ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍നിന്നു സിപിഎം സ്ഥാനാര്‍ഥിയായി നികേഷ് മത്സരിച്ചു. മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച ശേഷമാണു നികേഷ് തെരഞ്ഞെടുപ്പ് രംഗത്തേക്കു പ്രവേശിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മാധ്യമപ്രവര്‍ത്തനത്തിലേക്കു മടങ്ങിയ അദ്ദേഹം ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ 'എം.വി. നികേഷ് കുമാര്‍ ഷോ' അവതരിപ്പിക്കുന്നു.

അന്തരിച്ച സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി. രാഘവന്റെ ഇളയ മകനാണു നികേഷ് കുമാര്‍. റാണിയാണു നികേഷിന്റെ ഭാര്യ. ശങ്കരന്‍, ജാനകി എന്നിവര്‍ മക്കള്‍. പത്രപ്രവര്‍ത്തനത്തിലെ മികവിനു രാംനാഥ് ഗോയങ്ക അവാര്‍ഡ് നേടിയിട്ടുണ്ട്.