അശ്വിന്‍ പാറ്റാനിക്ക് കൊളംബസ് നസ്രാണി അവാര്‍ഡ്
Friday, September 20, 2019 12:09 PM IST
ഒഹായോ : അമേരിക്കയില്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനു അക്ഷീണ പരിശ്രമം നടത്തുന്നവരെ ആദരിക്കുന്ന കൊളംബസ് നസ്രാണി അവാര്‍ഡിനു അശ്വിന്‍ പാറ്റാനി അര്‍ഹനായി. കൊളംബസ് സീറോ മലബാര്‍ സമൂഹത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളാണ് അശ്വിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.

കൊളംബസില്‍ വച്ചുനടന്ന ഈ വര്‍ഷത്തെ തിരുനാള്‍ ചടങ്ങില്‍ വച്ച് ഷിക്കാഗോ അതിരൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത് പിതാവ് ഈ ശ്രേഷ്ഠമായ അവാര്‍ഡ് അശ്വിന് കൈമാറി. ചടങ്ങില്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ദേവസ്യ കാനാട്ട് ,ഫാ. സ്റ്റീഫന്‍ കൂള, ഫാ. എബി തമ്പി, ഫാ. ആന്റണി ചൂരവടി എന്നിവര്‍ സന്നിഹിതരായിരുന്നു.

യുവജന സംഘടനാ തലവന്‍ ആയ അശ്വിന്‍, ഗായക സംഘത്തിലെ ഒരു പ്രധാന അംഗം കൂടി ആണ്. ബൈബിള്‍ ക്വിസ് , നേര്‍ച്ച കഞ്ഞി വിതരണം ,ഉയിര്‍പ്പു ,ഈസ്റ്റര്‍ എഗ് ഹണ്ട് എന്നിങ്ങനെ നിരവധി പരിപാടികള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ചു വിജയകരമായി നടപ്പിലാക്കി. ഇവയൊന്നും കൂടാതെ മാതൃകാപരമായ ഒരു ആത്മീയ ജീവിതമാണ് അനുരഞ്ജന ശുശ്രൂഷയിലും, വിശുദ്ധ കുര്‍ബാനയിലും, അള്‍ത്താര സേവകനായും മുടങ്ങാതെ പങ്കെടുത്തു കൊണ്ട് ഈ ചെറുപ്പക്കാരന്‍ നയിച്ച് വരുന്നത്.

അശ്വിന്‍ പാറ്റാനി, പ്രിന്‍സ് പാറ്റാനി യുടെയും ഷേര്‍ലി പാറ്റാനിയുടെയും മകനാണ്. സാന്ദ്ര പാറ്റാനി ആണ് ഏക സഹോദരി.
പി.ആര്‍.ഒ ദിവ്യ റോസ് ഫ്രാന്‍സിസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം