വൃദ്ധയെ സഹായിക്കുന്നതിനിടെ വനിത പോലീസ് ഉദ്യോഗസ്ഥ വാഹനമിടിച്ചു മരിച്ചു
Tuesday, January 14, 2020 8:28 PM IST
ലോസ് ആഞ്ചലസ് : വൃദ്ധയെ സഹായിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥ വാഹനമിടിച്ചു മരിച്ചു. റോഡിൽ വീണ വൃദ്ധയെ കാറിൽ നിന്നും പുറത്തിറങ്ങി സഹായിക്കാനെത്തിയതായിരുന്നു നാല്പത്തൊന്നുകാരിയായ വനിത പോലീസ് ഉദ്യോഗസ്ഥ ആംബർ ലിയ്സ്റ്റ് . വൃദ്ധയെ എഴുന്നേൽപിച്ച് റോഡ് കടത്തിവിട്ട് മറുഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്കു നടന്നു പോകുന്നതിനിടെയാണ് എതിരെ വന്ന വാഹനം ഇവരെ ഇടിച്ചു വീഴ്ത്തിയത്.ഗുരുതരമായി പരിക്കേറ്റ ഷെറിഫിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച വാഹനത്തിന്‍റെ ഡ്രൈവർ വാഹനം നിർത്തി പോലീസുമായി സഹകരിച്ചു. ഇതൊരു അപകടമായിട്ടാണു കരുതുന്നതെന്നും കേസെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

പന്ത്രണ്ടു വർഷമായി എൽഎ കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥയായിരുന്നു ഇവർ. ഡ്യൂട്ടിയിൽ അല്ലാതിരുന്നിട്ടും മറ്റുള്ളവരെ സഹായിക്കുന്നതിനു മുന്നോട്ടു വന്ന ഷെറിഫിന്‍റെ ദാരുണ അന്ത്യം സഹപ്രവർത്തകരെ ദുഃഖത്തിലാഴ്ത്തി. 17 ഉം, 20 ഉം വയസുള്ള രണ്ടു ആൺമക്കളുടെ അമ്മയാണ് ആംബർ.

റിപ്പോർട്ട്: പി.പി. ചെറിയാൻ