തരൻജിത് സിംഗ് സന്ധു യുഎസിലെ ഇന്ത്യൻ അംബാസിഡർ
Thursday, January 16, 2020 7:06 PM IST
വാഷിംഗ്ടൺ ഡിസി: തരൻജിത് സിംഗ് സന്ധുവിനെ യുഎസിലെ പുതിയ ഇന്ത്യൻ അംബാസഡർ ആയി നിയമിക്കും. ഇന്ത്യൻ അംബാസിഡറായിരുന്ന ഹർഷവർധൻ ഷ്രിംഗലെയെ ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ സെക്രട്ടറിയായി നിയമിച്ച ഒഴിവിലാണ് പുതിയ നിയമനം.

വിദേശകാര്യ മന്ത്രാലയത്തിൽ പ്രധാന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. തരൻജിതിനെ യുഎസിലേക്കും ജാവേദ് അഷ്റഫിനെ ഫ്രാൻസിലേക്കും രവീഷ് കുമാറിനെ ഓസ്ട്രിയയിലേക്കും അംബാസഡർമാരായി നിയമനം നൽകിയെന്നാണ് റിപ്പോർട്ട്.

ശ്രീലങ്കൻ ഹൈക്കമ്മീഷണറുടെ ചുമതല നിർവഹിച്ചു വരിക‍യായിരുന്നു തരൺജിത് സിംഗ്. ഈ മാസാവസാനത്തോടെ റിട്ടയർ ചെയ്യുന്ന ഹർഷവർധന്‍റെ സ്ഥാനം തരൺജിത് ഏറ്റെടുക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

പഞ്ചാബിൽ ജനിച്ച തരൺജിത് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം സെന്‍റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബിരുദവും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1988 ൽ ഫോറിൻ സർവീസില്‍ പ്രവേശിച്ച തരൺജിത് യുഎൻ പീസ്കീപ്പിംഗ് കമ്മിറ്റി അംഗമായും ഫ്രാങ്ക്ഫർട്ട് കോൺസലർ ജനറലായും, യുണൈറ്റഡ് നേഷൻസ് ജോയിന്‍റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഐഎഫ്എസ് ഉദ്യോഗസ്ഥയായ റീനറ്റ് സന്ധുവാണ് ഭാര്യ. ഇവർക്ക് രണ്ടു കുട്ടികൾ.

റിപ്പോർട്ട്: പി.പി. ചെറിയാൻ