ന്യൂയോർക്ക് എന്പയർ റീജൺ ‘ഫോമാ 2020 സ്ഥാനാർഥി സംഗമം' മേയ് 9 ന്
Friday, February 21, 2020 5:33 PM IST
ന്യൂയോർക്ക്: എന്പയർ റീജണിന്‍റെ കൺവൻഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഫോമാ 2020 സ്ഥാനാർഥി സംഗമവും സംവാദവും’ മേയ് 9 നു (ശനി) നാലിന് റോക് ലാൻഡിലുള്ള സിത്താർ പാലസ് റസ്റ്ററന്‍റിൽ നടക്കുമെന്ന് കൺവൻഷൻ ചെയർമാൻ ജോൺ സി. വർഗീസും (സലിം), വൈസ് ചെയർമാൻ തോമസ് കോശിയും അറിയിച്ചു.

ഫോമ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് മൽസരിക്കുന്ന എല്ലാ സ്ഥാനാർഥികളേയും സംഗമത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്ന് റീജണൽ വൈസ് പ്രസിഡന്‍റ് ഗോപിനാഥ കുറുപ്പ് പറഞ്ഞു.

ജൂലൈ ആറു മുതൽ 10 വരെ റോയൽ കരീബിയൻ ക്രൂസിൽ നടക്കുന്ന ഫോമാ രാജ്യാന്തര കൺവൻഷനിലാണ് 2020–22 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. കൺവൻഷനിൽ പങ്കെടുക്കുന്ന വിവിധ റീജണുകളിൽ നിന്നുള്ള പ്രതിനിധികളും എംപയർ റീജൺ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. സ്ഥാനാർഥികളോട് സംവദിക്കുന്നതിനും മൽസരാർഥികൾക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനുമുള്ള അവസരം ‘ഫോമ ഡെലിഗേറ്റ് മീറ്റ് ആൻഡ് ഡിബേറ്റ്’ എന്നു നാമകരണം ചെയ്തിട്ടുള്ള ഈ സമ്മേളനത്തിൽ ഉണ്ടാകും. ദൂരെ നിന്നും വരുന്നവർക്ക് താമസ സൗകര്യം അടുത്തുള്ള ഹോട്ടലുകളിൽ ഒരുക്കും. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

റീജണൽ കൺവൻഷന്‍റേയും സ്ഥാനാർഥി സംഗമത്തിന്‍റേയും വിജയത്തിനായി ഫോമ നാഷണൽ ട്രഷറർ ഷിനു ജോസഫ്, കൺവൻഷൻ പ്രോഗ്രാം കോഓർഡിനേറ്റർ പ്രദീപ് നായർ, നാഷണൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് നായർ, ഷോളി കുമ്പിളുവേലി, യൂത്ത് പ്രതിനിധി ആശിഷ് ജോസഫ്, റീജണൽ സെക്രട്ടറി ഷോബി ഐസക്, ട്രഷറർ അഭിലാഷ് ജോർജ്, യോങ്കേഴ്സ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജോഫ്രിൻ ജോസ്, ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്‍റ് ജോസ് മലയിൽ, ഫോമാ നേതാക്കളായ ജെ. മാത്യൂസ്, സണ്ണി പൗലോസ്, സണ്ണി കല്ലൂപ്പാറ, അനിയൻ യോങ്കേഴ്സ്, തോമസ് പി. മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

എന്പയർ റീജൺ സംഘടിപ്പിക്കുന്ന സ്ഥാനാർഥി സംഗമത്തിലേക്ക് എല്ലാ ഫോമ അംഗസംഘടനകളുടെ നേതാക്കളെയും സ്ഥാനാർഥികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ജോൺ സി. വർഗീസ് 914 643 3700, തോമസ് കോശി 914 310 2242, ഷിനു ജോസഫ് 914 330 3341.