ഹോളിവുഡ് നിർമാതാവ് ഹാര്‍വേ വെയ്ന്‍സ്റ്റെയ്‌ന് കോവിഡ് 19
Wednesday, March 25, 2020 1:57 AM IST
വാഷിംഗ്ടണ്‍: ‘മീടു’ ആരോപണത്തെ തുടര്‍ന്നു ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന പ്രശസ്ത ഹോളിവുഡ് നിർമാതാവ് ഹാര്‍വേ വെയ്ന്‍സ്റ്റെയ്‌ന് കോവിഡ് 19 സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. അറുപത്തെട്ടുകാരനായ അദ്ദേഹം ഇപ്പോൾ ന്യൂയോര്‍ക്കിലെ ജയിലിലാണ്.

വെയ്ന്‍സ്‌റ്റെയിനെ ഐസൊലേഷനിലേക്ക് മാറ്റിയതായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് കറക്ഷണല്‍ ഓഫീസേഴ്‌സ് പ്രസിഡന്‍റ് മൈക്കല്‍ പവര്‍സ് പറഞ്ഞു.ഞായറാഴ്ച രാവിലെയാണ് ടെസ്റ്റ് പോസിറ്റീവ് ആയ വിവരം അറിയുന്നതെന്നും പവര്‍സ് പറഞ്ഞു.

ന്യൂയോര്‍ക്ക് സിറ്റിയിലെ റിക്കേഴ്‌സ് ഐലന്‍റില്‍ നിന്നും കൂടുതല്‍ സുരക്ഷയുള്ള ന്യൂയോര്‍ക്കിലെ തന്നെ കിഴക്കന്‍ ബഫല്ലോയിലെ ജയിലേക്ക് ബുധനാഴ്ചയാണ് ഇദ്ദേഹത്തെ മാറ്റിയത്. 23 വര്‍ഷത്തേക്കാണ് വെയ്ന്‍സ്റ്റെയ്‌നെ ശിക്ഷിച്ചിരിക്കുന്നത്.

മുന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്‍റ് മിമി ഹാലെയും അഭിനേത്രിയായ ജെസീക്ക മാനെയും ലൈംഗികമായി അതിക്രമിച്ചതിനാണ് മാര്‍ച്ച് 11ന് വെയന്‍സ്റ്റെയ്‌നെ കോടതി ശിക്ഷിക്കുന്നത്.

ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ ഹൃദയസംബന്ധിയായ അസുഖത്തെ തുടര്‍ന്നു മാന്‍ഹാട്ടണിലെ ബെല്ലെവ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ വക്താവ് ജൂഡ ഏംഗല്‍മെയര്‍ പറഞ്ഞു.വെയ്ന്‍സ്റ്റെയിന് ഡയബറ്റിസും രക്തസമ്മര്‍ദ്ദവുമടക്കമുള്ള അസുഖങ്ങളുള്ളതായും ഏംഗല്‍മെയര്‍ പറഞ്ഞു.

അതേസമയം നിയമസംഘം വെയ്ന്‍സ്റ്റെയന് കൊവിഡ് ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.ന്യൂയോര്‍ക്കിലെ പ്രാദേശിക പത്രമായ നയാഗ്ര ഗസറ്റാണ് വെയ്ന്‍സ്റ്റെയ്‌ന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടു ചെയ്തത്.

പ്രശസ്ത നടിമാര്‍ ഉള്‍പ്പെടെ നൂറിലധികം സ്ത്രീകള്‍ വെയ്ന്‍സ്‌റ്റെനെതിരെ ലൈംഗിക ദുരുപയോഗം ആരോപിച്ചിരുന്നു. അതേസമയം ആരോപണങ്ങളെ വെയ്ന്‍സ്‌റ്റെയ്ന്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ