ഫാ. മാത്യു കുന്നത്തിന്‍റെ പൗരോഹിത്യ വാർഷികവും ജന്മദിനവും ആഘോഷിച്ചു
Monday, June 1, 2020 7:12 PM IST
ന്യൂജേഴ്‌സി: രാജ്യം മുഴുവൻ ലോക്ക് ഡൗണിൽ കഴിയുമ്പോഴും തന്‍റെ പൗരോഹത്യ സ്വീകരണത്തിന്‍റെ അറുപതാമത് വാർഷികവും 89 -ാമത് പിറന്നാളും വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഫാ. മാത്യു കുന്നത്ത് കൃതജ്ഞതയർപ്പിച്ചു.

മേയ് രണ്ടിനു പിറന്നാളും പൗരോഹിത്യ ജൂബിലിയും ഒരു വലിയ ആഘോഷമാക്കി നടത്താൻ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടഷനും പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ ലോകം മുഴുവനും കോവിഡ് മഹാമാരി വ്യാപകമായതിനെതുടർന്നാണ് ആഘോഷപരിപാടികൾ ലളിതമാക്കാൻ തീരുമാനിച്ചത്.

ഏപ്രിൽ 24 നായിരുന്നു ഫാ. മാത്യു കുന്നതിന്‍റെ പൗരോഹത്യ സ്വീകരണത്തിന്‍റെ 60-താമത്‌ വാർഷികം. അന്നേ ദിവസം ലോകത്തെ മുഴുവൻ കോവിഡ് ബാധിതർക്കായി സമർപ്പിച്ചുകൊണ്ട് ഫാ. മാത്യു കുന്നത്ത് നടത്തിയ ദിവ്യബലിയിൽ യുട്യൂബ് ലൈവ് വഴി ലോകമെമ്പാടുമുള്ള മാത്യു അച്ചന്‍റെ സുഹൃത്തുക്കളും അദ്ദേഹത്തിന്‍റെ നിശബ്ദ സന്നദ്ധപ്രവർത്തനം വഴി സഹായം ലഭിച്ചിട്ടുള്ളവരുമായ നിരവധിയാളുകളും പങ്കെടുത്തിരുന്നു.

89 -ാമത് പിറന്നാളിനോടനുബന്ധിച്ച് മേയ് 18 നു ഫാ. മാത്യു വീണ്ടും യുട്യൂബ് ലൈവ് വഴി വിശുദ്ധ കുർബാനയർപ്പിച്ചിരുന്നു. തുടർന്നു സൂം മീറ്റിംഗ് വഴി അദ്ദേഹത്തിന് അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് ഫാ.മാത്യു കുന്നത് ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

15 വർഷംമുമ്പ് മാത്യു അച്ചന്‍റെ 74 -ാം പിറന്നാൾ ദിനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഫാ. മാത്യു കുന്നത് ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ സംഘടനയ്ക്ക് രൂപം കൊടുത്തത്. കേരളത്തിലെ പാവപ്പെട്ട നഴ്സിംഗ് വിദ്യാർഥികൾ, നിർധന രോഗികൾ എന്നിവർക്കായി മാത്യു അച്ചൻ കാലാകാലങ്ങളായി തുടർന്നുകൊണ്ടിരുന്ന കാരുണ്യപ്രവർത്തങ്ങൾ കൂടുതൽ ശക്തമാക്കാനാണ് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും അദ്ദേഹത്തിന്‍റെ നിസ്വാർഥമായ സ്നേഹ സഹായം വഴി അമേരിക്കയിൽ എത്തിയിട്ടുള്ളവരും ചേർന്ന് ഇത്തരമൊരു വ്യവസ്ഥാപിതമായ ചാരിറ്റബിൾ ട്രസ്റ്റിനു രൂപം നൽകിയത്.

ട്രസ്റ്റിനു തുടക്കം കുറിക്കും മുന്പുവരെ എല്ലാ വർഷവും മാത്യു അച്ചന്‍റെ പിറന്നാൾ ദിനം അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ ചേർന്ന് വലിയൊരാഘോഷമായി നടത്തുമായിരുന്നു. അന്നും പലപ്പോഴായും സുഹൃത്തുക്കൾ സമ്മാനമായി നൽകുന്ന പണം പൂർണമായും പാവങ്ങളെ സഹായിക്കാനായി ചെലവഴിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഇത്തരത്തിൽ കാരുണ്യ പ്രവൃത്തി അദ്ദേഹത്തിന്‍റെ കാര്യങ്ങൾക്ക് കൂടുതൽ ശക്തിപകരനാണ് 15 വര്ഷം മുൻപ് ഫാ.മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൌണ്ടേഷൻ എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകുന്നത്.

അന്നു മുതൽ ഇന്നു വരെ മേയ് മാസത്തിലെ പതിനെട്ടാം തീയതിയിലോ അതു കഴിഞ്ഞുള്ള ശനിയാഴ്ചകളിലോ അദ്ദേഹത്തിന്‍റെ പിറന്നാൾ ആഘോഷത്തിനൊപ്പം ഫൗണ്ടേഷൻ വാർഷികവും ആഘോഷിച്ചു വരുന്നു. ഈ വർഷത്തെ പിറന്നാളിനും ഫൗണ്ടേഷൻ വാർഷികത്തിനും ഏറെ പ്രത്യേകത ഉണ്ടായിരുന്നതിനാലാണ് ഏറെ വിപുലമായി ആഘോഷിക്കാനിരുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിപുലമായ ആഘോഷപരിപാടികൾ വേണ്ടെന്നു വച്ച സംഘാടകർ സൂം മീറ്റിംഗ് നടത്തിയും ഓൺലൈൻ കുർബാന വഴിയും ലളിതമാക്കിയെങ്കിലും അടുത്തവർഷം ജൂബിലി വർഷത്തിന്‍റെ അവസാനം വിപുലമായ പരിപാടികൾ നടത്താനിരിക്കുകയാണ്. ഈ വർഷം പ്രസിദ്ധീകരിക്കാനിരുന്ന അദ്ദേഹത്തിന്‍റെ ജൂബിലി സ്മാരകണികയും അടുത്തവർഷം കൂടുതൽ അപ്ഡേഷനോട് കൂടി പുറത്തിറക്കും.10 വർഷം മുൻപ് അദ്ദേഹത്തിന്‍റെ പൗരോഹത്യ സുവർണ ജൂബിലിയോടനുബന്ധിച്ചു പുറത്തിറങ്ങിയ സ്മരണികയായ "കെടാവിളക്ക്' എന്ന പുസ്തകത്തിന്‍റെ പേരുപോലെ തന്നെ ഇപ്പോഴും കെടാതെ തുടർന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന കാരുണ്യപ്രവർത്തനമെന്ന കെടാവിളക്ക്.

ആദ്യകാലങ്ങളിൽ ട്രസ്റ്റിന്‍റെ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പണം ധന സമാഹാരങ്ങളിലൂടെയായിരുന്നു കണ്ടെത്തിയിരുന്നത്. ധന സമാഹാരണ പ്രവർത്തനങ്ങൾ വഴി ലഭിച്ചിരുന്ന തുകയിൽ നല്ലൊരു ശതമാനം ചെലവ് വരുന്നതിനാൽ ഫൗണ്ടേഷൻ ഒരു തീരുമാനമെടുത്തു. ഓരോരുത്തരും മാസം നിശ്ചിത തുക ബാങ്ക് വഴി ഡയറക്ട് ഡെപ്പോസിറ്റ് ആയി നൽകുക. മൂന്നു വർഷം മുൻപ് തുടങ്ങിയ പദ്ധതി പ്രകാരം 20 ഡോളർ മുതൽ 200 ഡോളർ വരെ പ്രതിമാസം ഡയറക്റ്റ് ഡെപ്പോസിറ്റ് ആയി നൽകുന്നത് ഏതാണ്ട് 130 ഓളം പേരാണ്. ഓരോ വര്ഷവും ഈ പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. എല്ലാ മാസവും ബോർഡ് മീറ്റിംഗ് കൂടി അതാതു ആഴ്ചകളിൽ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അപേക്ഷകരുടെ ആവശ്യത്തിന്‍റെ ഗൗവരവമനുസരിച്ചു അതാത് മാസം ലഭ്യമാകുന്ന മുഴുവൻ തുകയും വീതിച്ചു നൽകും.

ഫണ്ട് റൈസിംഗ് എന്ന പേരിൽ യാതൊരു കോലാഹലവുമില്ലാതെ, ദുർചെലവുകൾ ഇല്ലാതെ, പ്രവർത്തന ചെലവ് ഒരു നയാ പെനി പോലുമില്ലാതെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന അമേരിക്കയിലെ ഏക സന്നദ്ധ സംഘടനയായിരിക്കും ഫാ.മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ. നിശബ്‌ദ സേവനം നടത്തുന്ന ഈ സന്നദ്ധ സംഘടനയുടെ സ്ഥിരം ചെയർമാനാണ് ഫാ. മാത്യു കുന്നത്ത്. അദ്ദേത്തിന്‍റെ ഡെപ്യൂട്ടി ചെയർമാൻ ആയി ആൽബർട്ട് ആന്‍റണി കണ്ണമ്പള്ളിയും സെക്രട്ടറിയായി സിറിയക്ക് കുന്നത്തും പ്രവർത്തിക്കുന്നു. എൽസ മാമ്പിള്ളിയാണ് വർക്കിംഗ് പ്രസിഡന്‍റ്.

കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇതിനകം 7 ലക്ഷം ഡോളർ സഹായം ഫൗണ്ടേഷൻ വഴിയും കണക്കുകൾക്കതീതമായി ആയിരക്കണക്കിന് ഡോളർ മാത്യു അച്ചൻ നേരിട്ടും കേരളത്തിലെ നൂറുകണക്കിന് നിർധനർക്കായി നൽകിയിട്ടുണ്ട്. തന്‍റെ കലാശേഷവും ഈ ഫൗണ്ടേഷൻ വഴി നന്മകൾ തുടരണമെന്ന് തീവ്രമായ ആഗ്രഹത്തിലാണ് മാത്യു അച്ചൻ. ഫൗണ്ടേഷന്‍റേ ഡയറക്ട് ഡെപ്പോസിറ്റ് പദ്ധതിയിൽ അംഗമാകാൻ താത്പര്യമുള്ളവർ സെക്രട്ടറി സിറിയക്ക് കുന്നത്തുമായി ബന്ധപ്പെടേണ്ടതാണ്. email:[email protected] ,ഫോൺ:908-591-8422.

വിപുലമായ ആഘോഷങ്ങൾ നടത്താൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്‍റെ പൗരോഹിത്യ സ്വീകരണത്തിന്‍റെ 60 വാർഷികത്തോടനുബന്ധിച്ച് 60 ജപമാലകളും പിറന്നാളിനോടനുബന്ധിച്ച് 89 ജപമാലകളും ഓരോ കുടുംബങ്ങളും പലദിവസങ്ങളിലായി കാഴ്ച് വച്ചിരുന്നു. തനിക്കു കിട്ടിയതിൽ വച്ച് ഏറ്റവും വലിയ സമ്മാനമാണ് തന്‍റെ ജനത പൗരോഹത്യ സ്വീകരണ വാര്ഷികത്തിലും ജന്മദിനത്തിലും സമ്മാനിച്ചതെന്നു ഒരു തികഞ്ഞ അമ്മ ഭക്തൻ കൂടിയായ മാത്യു അച്ചൻ പറഞ്ഞു. മാതാവിനോടുള്ള അതിയായ സ്നേഹത്തെത്തുടർന്നു കഴിഞ്ഞ 19 വർഷമായി കൊന്ത മാസമായ ഒക്ടോബർ മാസത്തിലെ 31 ദിവസങ്ങളിലും മുടങ്ങാതെയുള്ള കൊന്തനമസക്കാരം മാത്യു അച്ചന്‍റെ നേതൃത്വത്തിൽ നടത്തിവരാറുണ്ട്. 2012 ലെ കൊന്തമാസത്തിൽ സാൻഡി കൊടുങ്കാറ്റിനെത്തുടർന്നു 2 ദിവസങ്ങൾ മാത്രമാണ് ഒക്ടോബറിൽ ഈ അഖണ്ഡകൊന്തനമസ്ക്കാരം മുടങ്ങിയിട്ടുള്ളത്.

താൻ മൂലം അമേരിക്കയിൽ എത്തിച്ചേർന്ന ഒരു വലിയ ജനതയുടെ ആൽമീയഗുരുവായി ഇന്നും നിലനിൽക്കുന്ന മാത്യു അച്ചന്‍റെ സ്നേഹചൈതന്യം കടലുകൾ കടന്ന് അനേകായിരങ്ങൾക്ക് സഹായമായിക്കൊണ്ടിരിക്കുകയാണ്. ആ സ്നേഹചൈതന്യത്തിന്‍റെ വാർധക്യ-വിശ്രമജീവിതത്തിലും ഒരിക്കലും വറ്റാത്ത ഉറവയായി കാരുണ്യ പ്രവർത്തനത്തിൽ മാത്രം സദാ വ്യാപാരിച്ചുകൊണ്ടിരിക്കുകയാണ്. നവതിയുടെ അരികിയിലെത്തിയിരുക്കുന്ന ഈ വയോവൈദികൻ. കാരുണ്യത്തിന്‍റെ നിറദീപമായി തെളിഞ്ഞുകൊണ്ടിരിക്കുന്ന ഈ കെടാവിളക്കിലെ ദീപം അണയാതിരിക്കാൻ അദ്ദേഹത്തിനു ദൈവം ദീർഘായുസ് നല്കട്ടെയെന്ന് ആശംസിക്കുന്നു. മറ്റുള്ളവർക്ക് നന്മ ചെയ്‌തില്ലെങ്കിൽ ജീവിതം വ്യർഥമെന്ന അദ്ദേത്തിന്‍റെ ആപത്താവാക്യത്തിനും ദീർഘായുസ് നേരുന്നു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ