ഹൂസ്റ്റൺ സെന്‍റ് ബേസിൽ ഇടവകക്ക് ഇത് സ്വപ്ന സാഫല്യം
Friday, July 3, 2020 4:34 PM IST
ഹൂസ്റ്റൺ: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഹൂസ്റ്റൺ സെന്‍റ് ബേസിൽ സിറിയക്ക് ഓർത്തഡോക്സ് ഇടവകാംഗങ്ങളുടെ സ്വന്തമായ ഒരു ദേവാലയം എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. ഹൂസ്റ്റൺ ഫോർട്ട്ബെൻഡ് കൗണ്ടിയിലെ അർക്കോള സിറ്റിയിൽ പോസ്റ്റ് റോഡിൽ ഹൈവേ 6നും ഹൈവേ 288നും 5 മിനിറ്റിൽ കുറഞ്ഞ ദൂരത്തായി മലയാളികൾ തിങ്ങി പാർക്കുന്ന മിസ്സോറി സിറ്റിയുടേയും പിയർലാന്‍റിന്‍റേയും അടുത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ രണ്ടര ഏക്കറോളം വരുന്ന ഭൂമിയാണ് ദേവാലയ നിർമിതിക്കായി വാങ്ങിയിട്ടുള്ളത്.

2015ൽ ഹൂസ്റ്റൺ സെന്‍റ് പീറ്റേഴ്സ് ചർച്ച് എന്ന പേരിൽ ഫാ. ഷിനോജ് ജോസഫ് വികാരിയായി, വളരെ ചുരുക്കം അംഗങ്ങളുമായി തുടക്കം കുറിച്ച ഈ ആരാധനാലയം 2019ൽ ഇടവകാംഗങ്ങളുടെ താല്പര്യത്തെ മുൻനിർത്തി, സത്യവിശ്വാസ സംരക്ഷണത്തിനായി ഭാരതമണ്ണിൽ എഴുന്നള്ളി, കോതമംഗലത്ത് കബറടങ്ങിയ പരിശുദ്ധ യൽദൊ മോർ ബസേലിയോസ് ബാവായുടെ നാമത്തിൽ ഇടവക മെത്രാപോലീത്താ പുനർനാമകരണം ചെയ്യുകയുണ്ടായി. കഴിഞ്ഞ കാലങ്ങളിൽ സ്റ്റാഫോർഡിലുള്ള വാടക കെട്ടിടത്തിലാണ് വിശുദ്ധ ആരാധനയും സൺഡേ സ്കൂൾ ക്ലാസുകളും മറ്റു പ്രവർത്തനങ്ങളും നടത്തിവന്നിരുന്നത്.

സീനിയർ വൈദികൻ റവ. ഇട്ടി തോമസ് കോർ എപ്പിസ്കോപ്പയുടേയും വികാരി ഫാ. ഷിനോജ് ജോസഫിന്‍റേയും നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ ഒത്തൊരുമയിലും അശ്രാന്തപരിശ്രമത്തിലും സമീപ ഇടവകാംഗങ്ങളുടെ സഹകരണത്തിലുമായി അനുദിനം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി, സ്വന്തമായി ഒരു ദേവാലയം എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിന്‍റെ തുടക്കം കുറിക്കുവാൻ സാധിച്ചതിന്‍റെ ചാരിതാർഥ്യത്തിലാണ് പള്ളി ഭരണസമിതി.

ജൂൺ16 നു (ചൊവ്വ) ഇടവകയെ പ്രതിനിധീകരിച്ച് പ്രസിഡന്‍റും വികാരിയുമായ ഫാ. ഷിനോജ് ജോസഫ്, വൈസ് പ്രസിഡന്‍റ് സിമി ജോസഫ്, സെക്രട്ടറി യൽദൊസ് അലക്സ് പട്ടളാട്ട്, ട്രസ്റ്റി ജോണി ടി. വർഗീസ് എന്നിവർ, ദേവാലയ ചരിത്രത്തിന്റെ ഏഡുകളിൽ ഒരു നാഴികകല്ലായി എന്നെന്നും സ്മരിക്കപ്പെടുന്ന ധന്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് രേഖകൾ ഒപ്പിട്ട് പ്രമാണങ്ങൾ ഏറ്റുവാങ്ങി.

വൈകിട്ട് 7ന് ഒട്ടനവധി വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ വികാരിയുടെ മുഖ്യകാർമികത്വത്തിലും ഫാ. ബിജൊ മാത്യുവിന്‍റെ (ഹൂസ്റ്റൻ സെന്‍റ് മേരീസ് പള്ളി വികാരി) സഹകാർമികത്വത്തിലും പ്രാർത്ഥനപൂർവം വിശുദ്ധ സ്ലീബാ നിർദിഷ്ട ദേവാലയം ഭൂമിയിൽ പ്രതിഷ്ഠിച്ചു. ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ അനുഗ്രഹാശംസകൾ ചടങ്ങിൽ വികാരി വിശ്വാസികളെ അറിയിച്ചു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സ്വന്തമായി ഒരു സ്ഥലം കരസ്ഥമാക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും കഴിവതും വേഗം പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ ഇടയാകട്ടെയെന്ന് ആശംസിക്കുന്നതായും തിരുമേനി അറിയിച്ചു. സ്തോത്ര പ്രാർത്ഥനയ്ക്കുശേഷം പാച്ചോർ നേർച്ചയോടുകൂടി വിശുദ്ധ സ്ലീബാ പ്രതിഷ്ഠാ ശുശ്രൂഷ സമാപിച്ചു.ഇടവകയുടെ റിലേറ്റർ ആയി പ്രവർത്തിച്ച ജോർജ് പൈലിയുടെ സാന്നിദ്ധ്യത്തിനും സഹകരണത്തിനും ഇടവകയുടെ പേരിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി വികാരി അറിയിച്ചു. ഒക്ടോബറിൽ നടക്കുന്ന യൽദൊ മാർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് പണി പൂർത്തീകരിച്ച് പള്ളിയിൽ വിശുദ്ധ ആരാധന നടത്തുന്നതിനായി പ്രത്യാശിക്കുന്നതായും നാളിതുവരെ നൽകിയ സഹകരണത്തിന് എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം തുടർന്നും ഏവരുടേയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നതായും പള്ളി ഭരണസമിതി അറിയിച്ചു.

റിപ്പോർട്ട്: ജോർജ് കറുത്തേടത്ത്