അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മിനിസോട്ട ഉൾപ്പെടെ നാലു സംസ്ഥാനങ്ങളില്‍ ഏർലി വോട്ടിംഗ് ആരംഭിച്ചു
Saturday, September 19, 2020 6:31 PM IST
സെന്‍റ് പോൾ, മിനിസോട്ട: അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിനുള്ള ഏർലി വോട്ടിംഗ് വെള്ളിയാഴ്ച മിനിസോട്ട ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ ആരംഭിച്ചു. വെർജീനിയ, സൗത്ത് ഡെക്കോട്ട, വയോമിംഗ് എന്നിവയാണ് മറ്റു മൂന്നു സംസ്ഥാനങ്ങൾ.

2016 ൽ ഹില്ലരി ക്ലിന്‍റനോട് നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ട്രംപ് മിനിസോട്ടയിൽ പരാജയപ്പെട്ടത്. പോളിംഗ് ബൂത്തിൽ നേരിട്ടു ഹാജരായി വോട്ടു ചെയ്യുന്നതിന് രാവിലെ തന്നെ ബൂത്തുകൾക്കു മുന്നിൽ വോട്ടർമാരുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു.ട്രംപും ബൈഡനും മിനിസോട്ടയിൽ കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മിഡിൽ ഈസ്റ്റ് സമാധാന കരാർ ചൂണ്ടിക്കാട്ടി ട്രംപ് വോട്ടർമാരെ അഭിമുഖീകരിക്കുമ്പോൾ സൈനികരെ ട്രംപ് അപമാനിക്കുന്നുവെന്ന ആരോപണമുന്നയിച്ചാണ് ബൈഡൻ വോട്ടു ചോദിക്കുന്നത്.

വെർജിനിയ പൊതുവെ ഡമോക്രാറ്റിക് പാർട്ടിയെ പിന്തുണക്കുന്ന സംസ്ഥാനമാണെങ്കിലും അവിടെ ഒരു അട്ടിമറിക്കുള്ള സാധ്യതയുണ്ടോ എന്നാണ് റിപ്പബ്ലിക്കൻ പാർട്ടി ആരായുന്നത്. 2018 ൽ നടന്ന ഗവർണർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി റാൾഫ് നോർത്തം 55 ശതമാനം വോട്ടുകൾ നേടിയപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജാക്സണിന് 45 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.സൗത്ത്ഡക്കോട്ട റിപ്പബ്ലിക്കൻ സംസ്ഥാനമാണെങ്കിലും ഗവർണർ ക്രിസ്റ്റി ട്രംപിനെ വിജയിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ മെനഞ്ഞു കഴിഞ്ഞു. വയോമിംഗ് സംസ്ഥാനം റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടയായാണ് അറിയപ്പെടുന്നത്.

നാലു സംസ്ഥാനങ്ങളിലും ട്രംപിനാണോ ബൈഡനാണോ മുൻതൂക്കം ലഭിക്കുക എന്നതു പ്രവചനാതീതമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ