ടെക്സസിൽ വോട്ടർ റജിസ്ട്രേഷന് റിക്കാർഡ് വർധന
Thursday, September 24, 2020 9:05 PM IST
ഓസ്റ്റിൻ: ടെക്സസിൽ വോട്ടർ റജിസ്ട്രേഷനിൽ സർവകാല റിക്കാർഡ്. 2016 ൽ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റജിസ്റ്റർ ചെയ്തവരേക്കാൾ 1.5 മില്യൺ പുതിയ വോട്ടർമാരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 2018 നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനുശേഷം 800,000 വോട്ടർമാർ വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചു.

ടെക്സസ് സംസ്ഥാനത്തെ 16.6 മില്യൺ വോട്ടർമാരാണ് 2020ലെ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തുന്നതിന് അർഹത നേടിയത്. വോട്ടർ റജിസ്ട്രേഷനുള്ള അവസരം ഒക്ടോബർ 5 വരെ ലഭ്യമാണെന്ന് കൗണ്ടി ഇലക്ഷൻ അഡ്മിനിസ്ട്രേട്ടർ അറിയിച്ചു.

പുതിയതായി വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചവരുടെ വോട്ടുകൾ പൊതുതെരഞ്ഞെടുപ്പിൽ ടെക്സസിനെ സംബന്ധിച്ചു നിർണായകമാണ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ഇതുവരെ ട്രംപിനാണ് മേൽകൈ എങ്കിലും, ഈ തെരഞ്ഞെടുപ്പോടെ അതിനറുതി വരുത്തുന്നതിനു ഡമോക്രാറ്റുകൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ജൂലൈയിൽ നടന്ന റൺ ഓഫ് മത്സരങ്ങളിൽ ഡമോക്രാറ്റുകളാണ് കൂടുതൽ വോട്ടുകൾ നേടിയത്.

വിവരങ്ങൾക്ക് : 1800 252 8683 നമ്പറിലോ, Vote.texas.gov സൈറ്റോ സന്ദർശിക്കുക.

റിപ്പോർട്ട്: പി.പി. ചെറിയാൻ