ഏറ്റവും കൂടുതൽ മുസ്‌ലിംകൾ മത്സരിച്ച അമേരിക്കൻ തെരഞ്ഞടുപ്പ് "2020'
Friday, December 4, 2020 6:32 PM IST
ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതൽ മുസ്‌ലിംകൾ മത്സരിച്ച അമേരിക്കൻ തെരഞ്ഞടുപ്പ് "2020' ലേതിതെന്ന് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസും (സി‌എ‌ആർ), യു‌എസിലെ ഏറ്റവും വലിയ മുസ്‌ലിം പൗരാവകാശ, അഭിഭാഷക സംഘടനയായ 'ജെറ്റ്പാക്കും' റിപ്പോർട്ട് ചെയ്തു. 28 സംസ്ഥാനങ്ങളിലും വാഷിംഗ്ടൺ ഡിസിയിലും 170 മുസ് ലിം സ്ഥാനാർത്ഥികൾ ബാലറ്റിലുണ്ടായിരുന്നുവെന്ന് രാഷ്ട്രീയ രംഗത്ത് മത്സരിക്കാൻ ആഗ്രഹിക്കുന്ന അമേരിക്കൻ മുസ്‌ലിംകളെ പരിശീലിപ്പിക്കുന്ന സംഘടന കണ്ടെത്തി.

റിപ്പോർട്ട് രാഷ്ട്രീയത്തിലെ അമേരിക്കൻ മുസ്‌ലിംകളുടെ ഭാവിയുടെ തെളിവാണ്. രാഷ്ട്രീയ രംഗത്ത് മത്സരിച്ച സ്ഥാനാർത്ഥികൾ അവരുടെ സമുദായങ്ങളിൽ രാഷ്ട്രീയ മാറ്റം വരുത്തുന്നതിനും എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിനുമായി വൈവിധ്യമാർന്ന സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുന്നു,- സിഐആർ ദേശീയ എക്സിക്യൂട്ടീവ് ഡയറക്ടർ നിഹാദ് അവദ് പറഞ്ഞു.

കൂടുതൽ അമേരിക്കൻ മുസ്‌ലിംകളെ രാഷ്ട്രീയ കാര്യാലയത്തിൽ പങ്കെടുപ്പിക്കാനും സർക്കാറിന്‍റെ എല്ലാ തലങ്ങളിലും ഞങ്ങളുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ ഞങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

എല്ലാ മുസ് ലിം അമേരിക്കക്കാരുടെ പൗരാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനുമുള്ള നീതിപൂർവകമായ ഭാവിക്കുവേണ്ടി പോരാടുന്ന വൈവിധ്യമാർന്ന സഖ്യങ്ങൾ ഉൾക്കൊള്ളുന്ന അടിത്തട്ടിലുള്ള പ്രചാരണങ്ങൾ നടത്തിയതിനാലാണ് സ്ഥാനാർഥികളിൽ പലരും വിജയിച്ചതെന്ന് അവദ് അഭിപ്രായപ്പെട്ടു.

മത്സരിച്ച 170 സ്ഥാനാർത്ഥികളിൽ 62 പേരെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിച്ചു. രാഷ്ട്രീയ രംഗത്ത് മത്സരിക്കുന്ന മുസ് ലിംകളെ മേല്പറഞ്ഞ സംഘടനകൾ കണ്ടുപിടിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഇത്തരത്തിലുള്ള വര്‍ദ്ധന ഉണ്ടായത്. 2018 ൽ 57 സ്ഥാനാർത്ഥികളെ പൊതുരംഗത്തേക്ക് തെരഞ്ഞെടുത്തു.

രാജ്യത്തുടനീളം അമേരിക്കൻ മുസ്‌ലിം രാഷ്ട്രീയ ശക്തിയുടെ ദ്രുതഗതിയിലുള്ള വളർച്ച ഈ റിപ്പോർട്ട് കാണിക്കുന്നു. "ഞങ്ങളുടെ കമ്മ്യൂണിറ്റികളിൽ പ്രവര്‍ത്തിച്ച് ബോധവത്ക്കരണം നടത്തുകയും പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തുകയും ചെയ്യുമ്പോൾ, ഞങ്ങൾ ഒരേസമയം സ്റ്റീരിയോടൈപ്പുകൾ തകർക്കുകയും അക്രമാസക്തമായ ഇസ് ലാമോഫോബിയയെ നേരിടുകയും ചെയ്യുന്നു - ജെറ്റ്പാക് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് മിസോറി പറഞ്ഞു.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, മുസ് ലിം സമുദായത്തിലെ അംഗങ്ങൾ പ്രാദേശിക തലത്തിൽ സ്വന്തം സമുദായങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

“അധികാരത്തിനായി മത്സരിക്കുന്ന മുസ് ലിം അമേരിക്കക്കാരുടെ എണ്ണം - പ്രാദേശിക സ്കൂൾ ബോർഡുകൾ മുതൽ കോൺഗ്രസ് വരെ - രാഷ്ട്രീയ ശക്തി കെട്ടിപ്പടുക്കുന്നതിന് ഞങ്ങളുടെ സമൂഹം എങ്ങനെ പ്രതിജ്ഞാബദ്ധരാണെന്ന് സൂചിപ്പിക്കുന്നു,” എംപവർ ചേഞ്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ലിൻഡ സർസൂർ പറഞ്ഞു.

ഈ റിപ്പോർട്ട് പുറത്തിറക്കുമ്പോൾ, തുടർച്ചയായ നാഗരിക ഇടപെടലിലൂടെ നയങ്ങൾ രൂപപ്പെടുത്തുന്നതിന് ഞങ്ങളുടെ കമ്മ്യൂണിറ്റിയെ ഇത് പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന രാഷ്ട്രീയ ശക്തി കെട്ടിപ്പടുക്കുന്നത് തുടരാനുള്ള നിരവധി മാർഗങ്ങളിൽ ഒന്നാണ് പൊതുരംഗത്ത് ഔദ്യോഗിക സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വാഷിംഗ്ടണില്‍ നമ്മുടെ ശബ്ദം ഉയരണമെങ്കില്‍ രാഷ്ട്രീയപരമായി നമ്മള്‍ മുന്‍‌പന്തിയില്‍ തന്നെ വേണം - ലിൻഡ സർസൂർ കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതല്‍ അമേരിക്കൻ മുസ്‌ലിംകൾ വോട്ട് രേഖപ്പെടുത്തിയെന്ന് കഴിഞ്ഞ മാസം സിഐആർ റിപ്പോർട്ട് ചെയ്തിരുന്നു. പത്ത് ലക്ഷത്തിലധികം മുസ്‌ലിംകൾ ബാലറ്റ് രേഖപ്പെടുത്തി. ഭൂരിപക്ഷം പേരും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് വോട്ട് ചെയ്തതായി കാണിക്കുന്നു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ