65 വയസിനു മുകളിലുള്ളവർക്കു ബൂസ്റ്റർ ഡോസിന് എഫ്ഡിഎ അംഗീകാരം
Thursday, September 23, 2021 7:32 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മുതിർന്ന പൗരന്മാർക്കും (65 വയസിനു മുകളിലുള്ളവർ) ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും കോവിഡ് ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചു. ഫൈസർ ബയോഎൻടി ടെക്കിനാണ് എഫ്സിഎയുടെ അംഗീകാരം.

ദിവസങ്ങൾക്കു മുമ്പു എഫ്ഡിഎ അഡ്വൈസറി പാനൽ യംഗർ ജനറേഷന് ബൂസ്റ്റർ ഡോസ് നൽകുന്നതിനെതിരെ ശക്തമായി എതിർത്തിരുന്നു.

എഫ്ഡിഎ അഡ്വൈസറി പാനലിലുള്ള വിദഗ്ധർ യുവജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള ശരിയായ വിശകലനം നടത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ആർക്കെല്ലാം ബൂസ്റ്റർ ഡോസ് നൽകണമെന്ന വ്യക്തമായ നിർദേശങ്ങൾ സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉടനെ പ്രസിദ്ധീകരിക്കും.

ബൂസ്റ്റർ ഡോസ് നൽകുന്നത് എത്രമാത്രം ഫലപ്രദമാണെന്ന് പൂർണമായും തെളിയിക്കപ്പെട്ടില്ല. ഈ ആഴ്ചയിൽ ബൂസ്റ്റർ ഡോസ് എല്ലാവർക്കും നൽകി തുടങ്ങുമെന്ന ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനത്തിനും ഇതുവരെ വ്യക്തതയില്ല.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന എഫ്ഡിഎ അഡ്വൈസറി ബോർഡിൽ കോവിഡ് വാക്സിനെതിരെ പലരും വ്യത്യസ്തങ്ങളായ അഭിപ്രായപ്രകടനമാണ് നടത്തിയത്. പല വിദഗ്ധരും കോവിഡ് വാക്സീൻ രക്ഷപെടുത്തുന്നതിൽ കൂടുതൽ ആളുകളെ മരണത്തിലേക്കു നയിക്കുമെന്നുവരെ അഭിപ്രായപ്പെട്ടിരുന്നു.

പി.പി. ചെറിയാൻ