ജോ ബൈഡനെ വിമർശിച്ചു മുൻ യുഎൻ അംബാസഡർ നിക്കി ഹേലി
Saturday, September 25, 2021 5:44 PM IST
വാഷിംഗ്ടൺ ഡിസി: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ സർക്കാരിനെ അംഗീകരിക്കരുതെന്ന് യുഎസ് അസംബ്ലിയിൽ ആവശ്യപ്പെടാത്ത പ്രസിഡന്‍റ് ജോ ബൈഡനെ രൂക്ഷമായി വിമർശിച്ചു യുഎൻ മുൻ അംബാസഡർ നിക്കി ഹേലി. യുഎൻ ജനറൽ അസംബ്ലി സെപ്റ്റംബർ 25നു നടക്കാനിരിക്കെയാണ് ഹേലി, ബൈഡനെതിരെ രംഗത്തുവന്നത്.

ബൈഡൻ ഭരണത്തിൽ അമേരിക്കയുടെ ഇന്നത്തെ സ്ഥിതി കൂടുതൽ ദയനീയവും പരിതാപകരവുമാണെന്നു നിക്കി പറഞ്ഞു. ഈ ആഴ്ചയിൽ നടക്കുന്ന ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനും പ്രസംഗിക്കുന്നതിനും അവസരം നൽകണമെന്നാവശ്യപ്പെട്ടു താലിബാൻ സർക്കാർ യുഎന്നിന് കത്തയച്ചിരുന്നു.

ലോക നേതാക്കൾ പങ്കെടുക്കുന്ന ഈ യോഗത്തിൽ അമേരിക്കാ ക്രെഡിൻഷ്യൽ കമ്മിറ്റി അംഗമായിട്ടുപോലും ഇതിനെതിരെ പ്രതികരിക്കാത്തത് എന്താണെന്നു മനസിലാകുന്നില്ല എന്നും നിക്കി പറഞ്ഞു.

മനുഷ്യാവകാശങ്ങളെ കുറിച്ചു യുഎന്നിൽ പ്രസംഗിക്കാനൊരുങ്ങുന്ന ബൈഡൻ, മനുഷ്യവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുകയും സ്ത്രീകൾക്ക് സമൂഹത്തിൽ സ്ഥാനം നിഷേധിക്കുകയും ചെയ്യുന്ന താലിബാൻ സർക്കാരിനെ അംഗീകരിക്കരുതെന്നു പറയാൻ എന്തുകൊണ്ടു തയാറാകുന്നില്ല.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധപൂർവം വിവാഹം കഴിക്കുന്നതും നിരപരാധികളെ ക്രൂരമായി വധിക്കുന്നതും എങ്ങനെ അമേരിക്കാക്കാർക്ക് കണ്ടുനിൽക്കാനാകും - നിക്കി ചോദിച്ചു.

താലിബാനെ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്ക അഡ്വക്കസി ഗ്രൂപ്പിനോടൊപ്പം ചേർന്ന് ഒപ്പുശേഖരണം നടത്തുമെന്നും നിക്കി ഹേലി പറഞ്ഞു.

പി.പി. ചെറിയാൻ