ശബരിമല സ്വർണ്ണക്കൊള്ള: രാഷ്ട്രപതിയെ കണ്ട് ആശങ്കയറിയിച്ച് ബിജെപി സംഘം
Tuesday, October 21, 2025 10:55 PM IST
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ആശങ്കയറിയിച്ച് ബിജെപി സംഘം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. രാജ് ഭവനിലെത്തിയാണ് രാഷ്ട്രപതിയെ കണ്ടത്.
ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു. കൂടിക്കാഴ്ച്ചയിൽ രാഷ്ട്രപതിക്ക് അനന്തപദ്മനാഭസ്വാമി മാതൃകയും ബിജെപി സംഘം സമ്മാനിച്ചു.
ഇന്ന് വൈകുന്നേരമാണ് ശബരിമല ദർശനം ഉൾപ്പെടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തിയത്. ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി രാജ്ഭവനിലാണ് താമസിക്കുന്നത്.
മുഖ്യമന്ത്രിയും ഗവര്‍ണറും ഉൾപ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. ബുധനാഴ്ചയാണ് ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശനം. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് തലസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്.
ബുധനാഴ്ച രാവിലെ 9.20 ഓടുകൂടി തിരുവനന്തപുരത്തുനിന്ന് ശബരിമലയിലേക്ക് രാഷ്ട്രപതി യാത്ര തിരിക്കുമെന്നാണ് വിവരം. ഹെലികോപ്റ്ററില്‍ നിലയ്ക്കലില്‍ ഇറങ്ങും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കാലാവസ്ഥയുൾപ്പെടെ പരിഗണിച്ച് ഹെലികോപ്റ്റർ ഇറങ്ങുന്ന സ്ഥലത്തിൽ മാറ്റം വന്നേക്കും.
കോന്നി പൂങ്കാവ് ഇൻഡോർ സ്റ്റേഡിയവും ഇതിനായി പരിഗണിക്കുന്നുണ്ട്. ജില്ലാ ഭരണകൂടങ്ങൾ എല്ലാവിധ ഒരുക്കങ്ങളും നടത്തുന്നുണ്ട്. നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറങ്ങി പമ്പയിലേക്ക് പോകും എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം.