എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം; പിതാവ് അറസ്റ്റില്‍
Wednesday, June 29, 2022 3:10 PM IST
പി.പി. ചെറിയാന്‍
ഫ്‌ളോറിഡ : തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ എട്ടു വയസുകാരന്‍റെ തോക്കില്‍ നിന്നു വെടിയേറ്റ് ഒരു വയസുകാരിക്കു ദാരുണാന്ത്യം. രണ്ടു വയസുകാരിക്കു ഗുരുതരമായ പരുക്കേറ്റെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ സംഭവത്തില്‍ കുട്ടികളുടെ പിതാവും മാതാവിന്റെ കാമുകനുമായ റോഡ്രിക്ക് സ്വയ്ന്‍ റാണ്ടലിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വാരാന്ത്യം ഫ്‌ളോറിഡ പെന്‍സകോളയിലെ ഹോട്ടലില്‍ വച്ചായിരുന്നു സംഭവമെന്നു ജൂണ്‍ 27ന് പോലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമ്മയും അച്ചനും ഉറങ്ങുന്നതിനിടയിലാണ് എട്ടു വയസുകാരനു ക്ലോസറ്റില്‍ സൂക്ഷിച്ചിരുന്ന തോക്ക് ലഭിച്ചത്. പിതാവ് എവിടെയാണു തോക്ക് വച്ചിരുന്നതെന്നു കുട്ടിക്കറിയാമെന്നാണു പോലീസ് വെളിപ്പെടുത്തിയത്.

സംഭവം അറിഞ്ഞു പോലീസ് എത്തുന്നതിനു മുന്‍പു റോഡ്രിക്ക് തോക്കും മുറിയില്‍ സൂക്ഷിച്ചിരുന്ന മയക്കു മരുന്നും അവിടെ നിന്നു മാറ്റിയതായി പോലീസ് കണ്ടെത്തിയിരുന്നു. ആയുധം കൈവശം വച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തോക്ക് സുരക്ഷിത സ്ഥാനത്തു വയ്ക്കാതിരുന്നതിനുമാണു റോഡ്രിക്കിനെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ജയിലില്‍ അടച്ചു.

ഒരു വയസുകാരന്റെ ശരീരത്തില്‍ കൂടി കടന്ന ബുള്ളറ്റ് രണ്ടു വയസുകാരിയുടെ ശരീരത്തില്‍ തറക്കുകയായിരുന്നു. രണ്ടു വയസുകാരിയുടെ ഇരട്ട സഹോദരി അവിടെ ഉണ്ടായിരുന്നുവെങ്കിലും പരിക്കില്ല. അറസ്റ്റ് ചെയ്ത പ്രതിക്ക് 41,000 ഡോളറില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.