ജെസിക്ക വ്ലാസാക്
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്‍റെ തലയിൽ ഇടിച്ചപ്പോൾ ജെസിക്കയുടെ വിരലിലുണ്ടായിരുന്ന ഡയമണ്ട് മോതിരം അമർന്നാണ് തലയോട്ടി തകർന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
സെപ്റ്റംബർ രണ്ടാംവാരം ഫ്ലോറിഡയിലെ ലേക്‌ലാന്റിലെ വീട്ടിലാണ് കുഞ്ഞിനെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിനൊപ്പം ഉറങ്ങുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ജെസിക്ക ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, കുഞ്ഞിന്റെ തലയിൽ മൂന്നിടങ്ങളിൽ ശക്തമായ ആഘാതമേറ്റിട്ടുണ്ടെന്നും ഒരു പരിക്ക് ചതുരാകൃതിയിലുള്ള വസ്തു കൊണ്ടുണ്ടായതാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജെസിക്ക ധരിച്ചിരുന്ന ഡയമണ്ട് മോതിരമാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്ന് തെളിഞ്ഞത്.ഇവരെ സെപ്റ്റംബർ 10 വ്യാഴാഴ്ച പോൾക്ക് കൗണ്ടി ജയിലിലേക്ക് മാറ്റി. ഒക്ടോബര് 13 നു കോടതിയിൽ ഹാജരാക്കും
മദ്യപിച്ചാൽ ജെസിക്ക അക്രമാസക്തയാകാറുണ്ടെന്ന് കുഞ്ഞിന്‍റെ പിതാവ് പൊലീസിന് മൊഴി നൽകി. സംഭവത്തിന് ശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞ് പിതാവിനോട് സംസാരിക്കുമ്പോഴും ജെസിക്ക സാധാരണ രീതിയിലാണ് പെരുമാറിയതെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ പോൾക്ക് കൗണ്ടി ജയിലിൽ കഴിയുന്ന ജെസിക്കയ്‌ക്കെതിരെ കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് കേസെടുത്തിട്ടുണ്ട്.
Tags : Florida News Crime News Child Abuse US Crime Florida Police World News