ദിലീപും കുടുംബവും
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ ദിലീപും കാവ്യാ മാധവനും വിവാഹിതരായിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. 2016 നവംബർ 25-ന് കൊച്ചിയിൽ വച്ച് തികച്ചും ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം.
വെള്ളിത്തിരയിൽ ഇരുപതോളം സിനിമകളിൽ നായികാനായകന്മാരായി തിളങ്ങിയ ദിലീപും കാവ്യയും ജീവിതത്തിലും ഒന്നിച്ചത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി മീശമാധവൻ, തിളക്കം, റൺവേ, കൊച്ചിരാജാവ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടി.
വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന കാവ്യാ മാധവൻ, കുടുംബകാര്യങ്ങളിലും തന്റെ വസ്ത്രവ്യാപാര സംരംഭമായ ലക്ഷ്യയുടെ പ്രവർത്തനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മകൾ മഹാലക്ഷ്മിക്കും മീനാക്ഷിക്കുമൊപ്പമുള്ള കുടുംബചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. വെള്ളിത്തിരയിലെ പോലെ തന്നെ ജീവിതത്തിലും പരസ്പരം കൈകോർത്ത്, സന്തോഷകരമായ ഒരു പുതിയ പതിറ്റാണ്ടിലേക്ക് കടക്കുകയാണ് മലയാളികളുടെ ഈ പ്രിയ താരദമ്പതികൾ.
Tags : WeddingAnniversary KavyaMadhavan Dileep