Sports
കൊച്ചി: ക്രിക്കറ്റ് ബാറ്റും പന്തും താഴെവച്ച് രാഷ്ട്രീയത്തിന്റെ പിച്ചിൽ ഭാഗ്യം പരീക്ഷിച്ച നിരവധി ഇന്ത്യൻ താരങ്ങളുണ്ട്. കളിക്കളത്തിലെ ആവേശവും ജനപ്രീതിയും പൊതുപ്രവർത്തനത്തിലേക്ക് എത്തിച്ച ഇവരിൽ പലരും പാർലമെന്റിലും നിയമസഭകളിലും മന്ത്രിസഭകളിലും വരെ നിർണായക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മുഹമ്മദ് അസ്ഹറുദ്ദീൻ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായ അസ്ഹറുദ്ദീൻ 2009-ൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റിയും പ്രവർത്തിച്ചു. നിലവിൽ തെലുങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രിയാണ് അസ്ഹറുദ്ദീൻ.
ഗൗതം ഗംഭീർ
2007-ലെ ട്വന്റി20 ലോകകപ്പ്, 2011-ലെ ഏകദിന ലോകകപ്പ് വിജയങ്ങളിൽ ഇന്ത്യയുടെ നട്ടെല്ലായിരുന്ന ഗൗതം ഗംഭീർ 2019-ലാണ് ബിജെപിയിൽ ചേർന്നത്. അതേ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കൻ ഡൽഹി മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നതിനായി അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്നു.
നവജ്യോത് സിംഗ് സിദ്ധു
മുൻ ഇന്ത്യൻ ഓപ്പണറായ നവജ്യോത് സിംഗ് സിദ്ധുവാണ് ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയ ആദ്യകാല താരങ്ങളിലൊരാൾ. 2004-ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം അമൃത്സർ മണ്ഡലത്തിൽ നിന്ന് നിരവധി തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ടൂറിസം മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചു.
2017-ൽ അദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. ആ വർഷം അമൃത്സർ ഈസ്റ്റിൽ നിന്ന് പഞ്ചാബ് നിയമസഭയിലേക്ക് സിദ്ധു തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ് പിസിസി അധ്യക്ഷനായും സിദ്ധു പ്രവർത്തിച്ചിട്ടുണ്ട്.
ചേതൻ ചൗഹാൻ
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം സുനിൽ ഗവാസ്കറുടെ വിശ്വസ്തനായ ഓപ്പണിംഗ് പങ്കാളിയായിരുന്ന ചേതൻ ചൗഹാൻ, 1990-കളിലാണ് ബിജെപിയിൽ ചേർന്നത്. ഉത്തർപ്രദേശിലെ അംറോഹ മണ്ഡലത്തിൽ നിന്ന് രണ്ടുതവണ ലോക്സഭാ എംപിയായ അദ്ദേഹം, യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.
കീർത്തി ആസാദ്
1983-ലെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന കീർത്തി ആസാദ്, പിതാവ് ഭഗവത് ഝാ ആസാദിന്റെ പാത പിന്തുടർന്നാണ് രാഷ്ട്രീയത്തിലെത്തിയത്. ബിജെപിയിൽ ചേർന്ന അദ്ദേഹം ബിഹാറിലെ ദർഭംഗ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം കോൺഗ്രസിലും തുടർന്ന് തൃണമൂൽ കോൺഗ്രസിലും ചേർന്നു.
എസ്. ശ്രീശാന്ത്
മലയാളി ക്രിക്കറ്റ് താരവും 2007, 2011 ലോകകപ്പ് ജേതാവുമായ എസ്. ശ്രീശാന്ത് 2016-ലാണ് ബിജെപിയിൽ ചേർന്നത്. 2016-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചിരുന്നു.
രവീന്ദ്ര ജഡേജ
ഇന്ത്യൻ ക്രിക്കറ്റിലെ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ 2024-ലാണ് ബിജെപിയിൽ അംഗത്വമെടുത്തത്. അദ്ദേഹത്തിന്റെ ഭാര്യ റിവാബ ജഡേജ ഗുജറാത്തിലെ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ്.
കേദാർ ജാദവ്
ഇന്ത്യൻ മധ്യനിര ബാറ്ററായിരുന്ന കേദാർ ജാദവ് 2025 ഏപ്രിലിൽ മഹാരാഷ്ട്രയിൽ വച്ച് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു.
ലക്ഷ്മി രത്തൻ ശുക്ല
മുൻ ഇന്ത്യൻ ഓൾറൗണ്ടറും ബംഗാൾ രഞ്ജി ടീം ക്യാപ്റ്റനുമായിരുന്ന ലക്ഷ്മി രത്തൻ ശുക്ല, തൃണമൂൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പശ്ചിമ ബംഗാൾ മന്ത്രിസഭയിൽ അദ്ദേഹം കായിക സഹമന്ത്രിയായിരുന്നു. പിന്നീട് 2021-ൽ ബിജെപിയിൽ ചേർന്നു.
പ്രവീൺ കുമാർ
ഇന്ത്യൻ ടീമിന്റെ മുൻ ബൗളറായിരുന്ന പ്രവീൺ കുമാർ ഉത്തർപ്രദേശിൽ നിന്നുള്ള എസ്പി പ്രവർത്തകനാണ്. 2018 ഡിസംബറിലാണ് പ്രവീൺ കുമാർ സമാജ്വാദി പാർട്ടിയിൽ അംഗത്വമെടുത്തത്. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പാർട്ടിയിൽ ചേർന്നത്.
ഹർഭജൻ സിംഗ്
ഇന്ത്യൻ ക്രിക്കറ്റിലെ സ്പിന്നറായിരുന്ന ഹർഭജൻ സിംഗ് 2022-ൽ ആം ആദ്മി പാർട്ടിയിലൂടെ (എഎപി) രാഷ്ട്രീയത്തിൽ പ്രവേശിച്ചു. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ഏപ്രിൽ 24ന് ഹർഭജൻ എഎപി വിട്ട് ബിജെപിയിൽ ചേർന്നു.
യൂസഫ് പത്താൻ
മുൻ ഇന്ത്യൻ ഓൾറൗണ്ടറായ യൂസഫ് പത്താൻ 2024-ൽ തൃണമൂൽ കോൺഗ്രസിലൂടെ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചു. പശ്ചിമ ബംഗാളിലെ ബഹരാംപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് അദ്ദേഹം ലോക്സഭാംഗമായി.
മുഹമ്മദ് കൈഫ്
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മികച്ച ഫീൽഡറുമായിരുന്ന മുഹമ്മദ് കൈഫ് 2014-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നുകൊണ്ടാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഫൂൽപൂരിൽനിന്നും ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല.
സച്ചിൻ ടെണ്ടുൽക്കർ
സജീവ രാഷ്ട്രീയ പാർട്ടികളിൽ അംഗമായില്ലെങ്കിലും 2012-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതോടെ സച്ചിൻ പാർലമെന്റിറി രംഗത്തെത്തി.
യുസ് വേന്ദ്ര ചഹല്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചഹല്‍ ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നു. പാര്‍ട്ടി അംഗത്വം സ്വീകരിച്ച ചഹലിനെ ബിജെപിയുടെ ഒബിസി മോര്‍ച്ച ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി.
ക്രിക്കറ്റ് താരങ്ങളുടെ ജനസ്വീകാര്യത തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ മുതൽക്കൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാർട്ടികൾ ഇവരെ സ്വാഗതം ചെയ്യുന്നത്. മൈതാനത്തെ പോരാട്ടവീര്യം ജനസേവനത്തിലേക്കും പകർന്നുനൽകാൻ ഈ താരങ്ങൾക്ക് സാധിക്കുന്നുണ്ടെന്നതാണ് ഇവരുടെ രാഷ്ട്രീയ പ്രവേശനത്തെ ശ്രദ്ധേയമാക്കുന്നത്.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജി കുതിക്കുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ നൈസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
സെന്നി മയൂളുവും ഡിസൈർ ഡൗവെയും ഫെറാൻ ടോറസും ആണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. മുഹമ്മദ് അമൗറയും അലി അബ്ദിയും ആണ് നൈസിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ പിഎസ്ജിക്ക് 26 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി.
Sports
ന്യൂ ചണ്ഡിഗഡ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് 19 റൺസ് ജയം. കേരളം ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പോണ്ടിച്ചേരിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.
നാല് വിക്കറ്റ് നേടിയ എം.ഡി. നിധീഷാണ് പോണ്ടിച്ചേരി ബാറ്റിംഗ് നിരയെ തകര്‍ത്തത്. ഓപ്പണർമാരായ ഭാനു ആനന്ദ് (ഒമ്പത്), പുഗഴേന്തി ആകാശ് (ആറ്), പരമേശ്വരൻ ശിവരാമൻ (പൂജ്യം), ശശാങ്ക് സിംഗ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നിധീഷ് വീഴ്ത്തിയത്.
പ്രസാദ് പവാർ (67), അങ്കിത് ശർമ (45), സാഗർ ത്രിവേദി (34) എന്നിവർക്കു മാത്രമേ പോണിച്ചേരി നിരയിൽ കാര്യമായി സംഭാവന നല്കാനായുള്ളൂ.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം മുഹമ്മദ് അസ്ഹറുദീന്റെയും (48 പന്തിൽ 78) രോഹിൻ കുന്നുമ്മലിന്റെയും (35 പന്തിൽ 59) അർധസെഞ്ചുറികളുടെ മികവിലാണ് കൂറ്റൻ സ്കോറിലെത്തിയത്. വിഷ്ണു വിനോദ് 19 പന്തില്‍ 34 റണ്‍സെടുത്തു. അതേസമയം, സഞ്ജു സാംസണ് ഒൻപത് പന്തില്‍ 17 റണ്‍സെടുത്തു.
ടൂര്‍ണമെന്റിലെ കേരളത്തിന്റെ മൂന്നാം ജയമാണിത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നിലവില്‍ 12 പോയിന്റാണ് കേരളത്തിനുള്ളത്.
Sports
മലയാളികളുടെ വികാരമാണ് കേരള ബ്ലാസ്റ്റേഴ്സ്. അങ്ങനെ ഉറപ്പിച്ച് പറയാമോ എന്നറിയില്ല. പക്ഷെ ലക്ഷക്കണക്കിന് ആരാധകരുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്. ഫുട്ബോളിന്റെ ഇന്ത്യയിലെ ഈറ്റില്ലങ്ങളിൽ ഒന്നായ കേരളത്തിൽ നിന്നുള്ള ഈ സംഘമാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ആരാധക പിന്തുണയുള്ള ടീം. കോൽക്കത്തയിലെ ക്ലബുകളെ മറന്നിട്ടില്ല. അവർ ഏതാണ്ട് അങ്ങനെത്തനെയാണ്. എന്നാലും കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ എന്നും മഞ്ഞ കടലായിരുന്നു ഗാലറികൾ. ആദ്യ സീസണുകളിൽ 70000 ത്തോളം ഒക്കെ എത്തിയിട്ടുണ്ട് സ്റ്റേഡിയത്തിലെ അറ്റൻഡൻസ് എന്നാണ് കണക്കുകൾ പറയുന്നത്. ഔദ്യോഗികമായി അത്രയും ചിലപ്പോൾ കാണിക്കില്ലായിരിക്കും, എന്നാലും അത്രയും ഒക്കെ ഉണ്ടായിരുന്നു.
നിറഞ്ഞുകവിഞ്ഞിരുന്ന ഗാലറികൾ
2014ൽ ചെന്നൈയ്ക്കെതിരായ ആദ്യ പാദ സെമിഫൈനലിലും 2016 ൽ എടികെയ്ക്കെതിരായ ഫൈനലിലുമൊക്കെ സ്റ്റേഡിയം അക്ഷരാർഥത്തിൽ നിറഞ്ഞ് കവിഞ്ഞിരുന്നു. 2014ൽ ഐഎസ്എൽ തുടങ്ങിയത് മുതൽ ഒരു കിരീടം പോലും നേടിയിട്ടില്ലെങ്കിലും ആരാധകർ എന്നും ബ്ലാസ്റ്റേഴ്സിനെ ഹൃദയം നിറഞ്ഞ് സ്വീകരിച്ചു. ഇയാൻ ഹ്യൂമിനെയും ഹോസു കുര്യാസിനെയും സി.കെ. വിനീതിനെയും മുഹമ്മദ് റാഫിയെയും മാർക്കോ ലെസ്ക്കോവിച്ചിനെയും ബർത്തലോമിയോ ഒഗ്ബച്ചെയെയും അൽവാരോ വാസ്കസിനെയും ഡിമിത്രിയോസ് ഡയമന്റകോസിനെയും സഹൽ അബ്ദുൽ സമദിനെയും അഡ്രിയാൻ ലൂണയെയും ഒക്കെ അവർ പല കാലങ്ങളിലായി മനം നിറയെ സ്നേഹിച്ചു. ഗാലറികളിൽ ആരാധകർ ഇവർക്കൊക്കെ വേണ്ടി ആർത്തുവിളിച്ചുകൊണ്ടിരുന്നു. ഒരു കപ്പ് പോലും ഇല്ലെങ്കിലും ഉയിര് കൊടുത്ത് അവർ സ്നേഹിച്ചു.
മാനേജ്മെന്റ് വില്ലനായപ്പോൾ
എന്നാൽ മാഗ്നത്തിനെ പോലുള്ള മാനേജ്മെന്റുകൾ ആരാധകരെ എന്നും നിരാശപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു സീസണിൽ മികച്ച രീതിയിൽ കളിക്കുന്ന താരങ്ങളെ തൊട്ടടുത്ത സീസണിൽ വിറ്റൊഴുവാക്കി അവർ ടീമിനെ ചതിച്ച് കൊണ്ടിരുന്നു. വളരെ ചുരുക്കം താരങ്ങളെ മാത്രമാണ് നിലനിർത്തിയിരുന്നത്. അഡ്രിയാൻ ലൂണയെയും സന്ദീപ് സിംഗിനെയും വിപിൻ മോഹനനെയും പോലുള്ളവരെ മാത്രം..മറ്റ് ക്ലബുകൾ ബ്ലാസ്റ്റേഴ്സ് കണ്ടെത്തി കൊണ്ടുവന്ന താരങ്ങളെ റാഞ്ചികൊണ്ട് പോയി തങ്ങളുടെ പടയാളികളാക്കി മാറ്റിക്കൊണ്ടിരുന്നു. അവർ അവിടെ മിന്നും പ്രകടനം നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. യോർഗെ പെരേര ഡയസ് ഒക്കെ ഉദാഹരണമാണ്.
2014ലും 2016ലും 2021-22 സീസണിലും ഫൈനലിൽ എത്തിയതാണ് ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രകടനം. ഡേവിഡ് ജെയിംസിനെയും സ്റ്റീവ് കോപ്പലിനെയും ഇവാൻ വുക്കുമനോവിച്ചിനെയും പോലുള്ള കോച്ചുമാർ മാത്രമാണ് ബ്ലാസ്റ്റേഴ്സിനെ മിന്നും ഫോമിൽ കളിപ്പിച്ചിരുന്നത്. തങ്ങൾക്ക് കിട്ടിയ താരങ്ങളെയും കൊണ്ടവർ അത്ഭുതങ്ങൾ കാണിച്ചു. മൂവരും ഫൈനലിലെത്തിച്ചിരുന്നു ബ്ലാസ്റ്റേഴ്സിനെ.
മാനേജ്മെന്റിന്റെ പിടിപ്പുക്കേടും ആരാധകരുടെ ബഹിഷ്കരണവും
എന്നാൽ മാനേജ്മെന്റ് ഇവരെയൊക്കെ ഒഴുവാക്കിക്കൊണ്ടിരുന്നു. ആശാൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന ഇവാൻ വുക്കുമനോവിച്ചിനെ ഒക്കെ മാനേജ്മെന്റ് ഒഴുവാക്കിയത് ആരാധകർ ഇന്നും അംഗീകരിച്ചിട്ടില്ല. പുതിയ പുതിയ സീസണുകളിൽ മാനേജ്മെന്റ് ചില കളിക്കാരെ മാത്രം നിലനിർത്തുകയും കൊച്ചുമാരെയും മികച്ച കളിക്കാരെയും ഒക്കെ ഒഴിവാക്കുകയും ചെയ്ത് കൊണ്ടിരുന്നു. ഓരോ സീസൺ വരുമ്പോഴും ആരാധകർ പ്രതീക്ഷിച്ചിരുന്നു കലിപ്പടക്കുമെന്നും കപ്പെടുക്കുമെന്നും, എന്നാൽ കപ്പ് മാത്രം വന്നില്ല. മികച്ച ടീമുകൾ വന്ന് ബ്ലാസ്റ്റേഴ്സിനെ തകർത്ത് കൊണ്ടിരുന്നു. ഒടുവിൽ സഹികെട്ട് മഞ്ഞപ്പട അടക്കമുള്ള ആരാധകർ ബഹിഷ്കരണം തുടങ്ങി. കഴിഞ്ഞ സീസണുകളിൽ അവർ ഗാലറികളിൽ നിന്ന് വിട്ടുനിന്നു. ഐഎസ്എൽ പോലും പ്രതിസന്ധി നേരിട്ട കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ ഏതാണ്ട് പൂർണമായി വിട്ടുനിന്നു.
എന്നാൽ, കഴിഞ്ഞുപോയ സീസണിന്റെ അവസാന മത്സരങ്ങളിൽ ടീം മികച്ച പ്രകടനം പുറത്തെടുത്തു. ഡേവിഡ് കറ്റാല മാറി, ആഷ്ലി വെസ്റ്റ്വുഡ് വന്നപ്പോൾ മുതൽ ടീം അപരാജിത മുന്നേറ്റം നടത്തി. അവസാന അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയിച്ചു. 17 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും സ്വപ്നസമാനമായ പ്രകടത്തിലൂടെ മികച്ച പ്രകടനം നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം കളംവിട്ടത്. ഇത്രയും ചരിത്രം, ഇനി പറയാനുള്ളത് ഈ സീസണിലെ കാര്യം.
ആരാധകരുടെ വിജയം, മാനേജ്മെന്റ് മാറുന്നു, മികച്ച സൈനിംഗുകൾ നടക്കുന്നു
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി ടീം മാനേജ്മെന്റ് മാറി. മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഷെയറുകൾ വിറ്റതോടെ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ടീമിനെ ഏറ്റെടുത്തു. പുതിയ സൈനിംഗുകൾ വന്നു, കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ആഷ്ലി വെസ്റ്റ്വുഡിനെ പരിശീലകനായി നിലനിർത്തുന്നു. ലോണിൽ പോയ അഡ്രിയാൻ ലൂണ തിരിച്ചെത്തുന്നു. വിപിൻ മോഹനനും, സന്ദീപ് സിംഗും, നവോച്ച സിംഗും, ഹോർമിപാം റുയ്വും ഒക്കെ ടീമിൽ തുടരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായ അമരീന്ദർ സിംഗിനെ എത്തിക്കുന്നു. മുഹമ്മദ് സനാനെയും ടീമിലെത്തിച്ചു. മുൻ ആസ്റ്റൺ വില്ല താരം ആൻഡ്രെ ഗ്രീനിനെയും ഗിനിയൻ ഫോർവേഡ് മോമോ യാൻസനെയും ഇംഗ്ലീഷ് ഡിഫൻഡർ ജെയിംസ് ബോൾട്ടണെയും മോണ്ടിനെഗ്രൻ മധ്യനിരക്കാരൻ നൊബോഷ കോസോവിച്ചിനെയും കൊണ്ടുവന്ന് മാനേജ്മെന്റ് ആരാധകരെ ഞെട്ടിച്ചു.
നന്നായി തുടങ്ങി; പക്ഷെ മികവ് നിലനിർത്താനായില്ല
ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്താണ് ബ്ലാസ്റ്റേഴ്സ് സീസണ് തുടക്കമിട്ടത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജയം. വിപിൻ മോഹനനും ആൻഡ്രെ ഗ്രീനും സ്കോർ പട്ടികയിലിടം നേടി. പൂർണമായി ഇന്ത്യൻ താരങ്ങളുമായി ഇറങ്ങിയ ഇന്റർ കാശിയെ പരാജയപ്പെടുത്താനായെങ്കിലും തൊട്ടടുത്ത മത്സരത്തിൽ ബ്ലാസ്റ്റ്ഴേസിന് അടിതെറ്റി. ഗോഹട്ടിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട ബ്ലാസ്റ്റേഴ്സ് വൻ പരാജയമാണ് നേരിട്ടത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പരാജയം. പ്രതിരോധം പാളുന്നതടക്കമുള്ള ബ്ലാസ്റ്റേഴ്സിന്റെ കുറവുകൾ എടുത്തുക്കാട്ടപ്പെട്ട മത്സരമായിരുന്നു അത്. മോമോ യാൻസാനെ ഗോൾ നേടിയത് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുണ്ടായിരുന്നത്.
അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയെ കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ വച്ചാണ് ബ്ലാസ്റ്റേഴ്സ് നേരിട്ടത്. പിണക്കം മാറി തിരിച്ചെത്തിയ ആരാധകർ സ്റ്റേഡിയത്തെ മഞ്ഞയിൽ മുക്കി. 40014 പേരാണ് കളി കാണാനെത്തിയത്. ആർത്തിരമ്പിയ ഗാലറിക്ക് മുന്നിൽ ആദ്യ പകുതിൽ ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ചെങ്കിലും രണ്ടാം പകുതിയിൽ മികവ് നിലനിർത്താനായില്ല. ഒടുവിൽ ഗോൾരഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. അന്ന് അമരീന്ദർ സിംഗിന്റെ സേവുകളില്ലായിരുന്നെങ്കിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടി വന്നേനെ ബ്ലാസ്റ്റേഴ്സിന്. അടുത്ത മത്സരം ചെന്നൈയിൽ ആയിരുന്നു. വേദി മാറിയെങ്കിലും ഇതേ സ്കോറിലാണ് മത്സരം അവസാനിച്ചത്. അതേ അമരീന്ദർ തന്നെ പിന്നെയും തിളങ്ങി. അല്ലായിരുന്നെങ്കിൽ കാണായിരുന്നു.
നിറം മങ്ങുന്ന ലൂണയും; ഫോമിലെത്താത്ത ഗ്രീനും യാൻസാനെയും
ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ലൂണ നിറം മങ്ങുന്നതാണ്. മുമ്പ് മാന്ത്രികമായ പ്രകടനത്തിലൂടെ മനം കവർന്നിട്ടുള്ള ലൂണയ്ക്ക് ഇപ്പോൾ പഴയ നിലവാരത്തിലെക്കെത്താനാകുന്നില്ല. അവസരം സൃഷ്ടിക്കുന്നത് പോയത് നല്ല രീതിയിൽ പോസിസഷൻ എടുക്കാൻ കൂടി സാധിക്കുന്നില്ല. ലൂണയിലേയ്ക്ക് കൊടുക്കുന്ന പന്തുകൾ പോലും എത്തിപ്പിടിക്കാൻ പറ്റുന്നില്ല. ലൂണ മിന്നും ഫോലിലേയ്ക്ക് തിരിച്ചുവന്നാൽ മാത്രമെ ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് കുതിക്കാൻ സാധിക്കുള്ളു. അതുപോലെ തന്നെ, കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ആൻഡ്രെ ഗ്രീനും മോമോ യാൻസാനെയും ഒക്കെ നനഞ്ഞ പടക്കങ്ങളാകുന്നതാണ് കണ്ടത്. നല്ല ചാൻസുകൾ ലഭിക്കുന്നത് കുറവാണെങ്കിലും വല്ലപ്പോഴും കിട്ടുന്ന അവസരങ്ങൾ ഫിനിഷ് ചെയ്യാനും അവർക്ക് സാധിക്കുന്നില്ല.
ബോൾട്ടൺ പ്രതിരോധത്തിൽ തരക്കേടില്ലാതെ കളിക്കുമ്പോൾ മറ്റൊരു വിദേശ താരം ഫാളു എൻഡിയായെ കളത്തിൽ പോലും ഇറക്കുന്നില്ല ആഷ്ലി. വളരെ കുറച്ച് നേരം മാത്രമെ കളത്തിലിറക്കുന്നുള്ളു. വിദേശ താരങ്ങളിൽ നെബോസ കൊസോവിച്ച് മാത്രമാണ് മികച്ച രീതിയിൽ കളിക്കുന്നത്. പലപ്പോഴും ഒറ്റയാൾ പ്രകടനമായി മാറുന്നുണ്ട് ഇത്. ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സനാനും കോറുവും വിപിൻ മോഹനനും ഒക്കെ ഫോമിലെത്തിയാൽ മാത്രമെ എതിരാളികളുടെ പോസ്റ്റിലേയ്ക്ക് നമുക്ക് ഗോളടിക്കാൻ സാധിക്കുകയുള്ളു.
അമരീന്ദറെന്ന ഉരുക്കുകോട്ടയും പൊട്ടുന്ന പ്രതിരോധവും
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ ഏറ്റവും മികച്ച സൈനിംഗ് ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ പറയാം ഗോൾ കീപ്പർ അമരീന്ദർ സിംഗിന്റെയാണെന്ന്. മുംബൈയ്ക്കെതിരെയും ചെന്നൈയ്ക്കെതിരെയും ക്ലീൻ ഷിറ്റ് നേടിയതിന്റെ ക്രെഡിറ്റ് അമരീന്ദറിന് മാത്രമാണെന്ന് വേണമെങ്കിൽ പറയാം. ഗോളെന്ന് ഉറപ്പിച്ച പല അവസരങ്ങളിലും അമരീന്ദർ രക്ഷപ്പെടുത്തി. ഇനിയും മുന്നോട്ട് അമരീന്ദർ ഈ മികവ് നിലനിർത്തേണ്ടത് ബ്ലാസ്റ്റേഴ്സിന് വളരെ അത്യാവശമാണ്. അമരീന്ദർ കോട്ട കാക്കുന്നുണ്ടെങ്കിലും പ്രതിരോധ നിര പലപ്പോഴും പൊട്ടുന്നുണ്ട്. എതിരാളികൾ പന്തുമായി വരുമ്പോൾ ജെയിംസ് ബോൾട്ടണും നവോച്ചയും ഹോർമിപാമും ഒക്കെ അടങ്ങുന്ന പ്രതിരോധത്തിന് പലപ്പോഴും തടയാൻ സാധിക്കുന്നില്ല. എയ്ബാന്റെ ഒക്കെ ഒറ്റയാൾ പ്രകടനം മാത്രമാണ് ഉണ്ടാകുന്നത്, അതു വല്ലപ്പോഴും മാത്രം. കൗണ്ടർ അറ്റാക്കുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം പാളുന്നത് കൂടുതലും. ഇനിയെങ്കിലും പ്രതിരോധത്തിലെ പിഴവുകൾ തിരുത്തിയില്ലെങ്കിൽ മുന്നോട്ടുള്ള പോക്കിനെ സാരമായി ബാധിക്കും.
ആഷ്ലി തന്ത്രം മാറ്റേണ്ടതുണ്ട്; മധ്യനിര കൂടുതൽ മെച്ചപ്പെടണം
കഴിഞ്ഞ സീസണിൽ ആഷ്ലി വെസറ്റ്വുഡ് പരീക്ഷിച്ച് വിജയിച്ച തന്ത്രങ്ങൾ ഇനിയും തുടരുന്നത് നല്ലതല്ല. എതിരാളികൾ തന്ത്രം പഠിച്ച് വന്ന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഓരോ എതിരാളിക്കും യോജിച്ച ശൈലിയാണ് തെരഞ്ഞെടുക്കേണ്ടത്. പ്ലെ മേക്കിംഗിലും പ്രതിരോധത്തിലും ഒക്കെ മെച്ചപ്പെടുത്താൻ ഒരുപാണ്ടുണ്ട്. ഫ്രെഡിയെയും വിപിൻ മോഹനനെയും കോസോവിച്ചിനെയും സനാനെയും ലൂണയെയും പോലുള്ള താരങ്ങൾ മധ്യനിരയിൽ കൂടൂതൽ മാന്ത്രികത പുറത്തെടുക്കേണ്ടതുണ്ട്. മികച്ച രീതിയിൽ പന്ത് മുന്നേറ്റ നിരക്കാരിലേയ്ക്ക് കൊണ്ടുക്കേണ്ടതും അത്യാവശമാണ്, അല്ലാതെ അവർക്ക് ഫിനിഷ് ചെയ്യാൻ സാധിക്കില്ല.
വിശ്രമം അവസാനിക്കുന്നു, ഇനി കളത്തിൽ മിന്നണം
ഏതായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞു, നാല് മത്സരങ്ങൾ മാത്രമെ ഈ സീസണിൽ കഴിഞ്ഞിട്ടുള്ളു. അഞ്ച് പോയിന്റും കൈയിലുണ്ട്. ഇനിയെങ്കിലും ആരാധകരെ കോരിത്തരിപ്പിക്കുന്ന പ്രകടനവുമായി തിരിച്ചെത്തണം. ഒക്ടോബർ 31ന് ചെന്നൈയ്ക്കെതിരായ മത്സരത്തിന് ശേഷം ഏതാണ്ട് ഒരു മാസത്തോളം വിശ്രമം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. നല്ലത് പോലെ കുറവുകൾ മനസിലാക്കാനും പരിശീലിക്കാനും ഒക്കെ ഇഷ്ടം പോലെ സമയം കിട്ടിക്കഴിഞ്ഞു. ഇനി നവംബർ 29ന് ഗോവയുമായി ഏറ്റുമുട്ടുമ്പോൾ കളി മറക്കരുത്. ആരാധകരെ നിരാശരാക്കരുത്. താരങ്ങൾ ഏല്ലാം മറന്ന് പൊരുതേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ പിണക്കം മാറിയെത്തിയ ആരാധകർ പിന്നെയും മടങ്ങിപ്പൊകും,...എന്നന്നേക്കുമായി..
Sports
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 720 റൺസെന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. 352 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ പടുത്തുയർത്തിയത്.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്ന ന്യൂസിലൻഡ് നാലാം ദിനത്തിലെ മത്സരം നിർത്തുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തിട്ടുണ്ട്. 59 റൺസെടുത്ത ഡിവോൺ കോൺവേയും 27 റൺസെടുത്ത രചിൻ രവീന്ദ്രയും ആണ് ക്രീസിലുള്ളത്. ടോം ലാതത്തിന്റെയും ഹെന്റി നിക്കോൾസിന്റെയും വിക്കറ്റുകളാണ് കിവീസിന് നഷ്ടപ്പെട്ടത്.
ലാതം റൺസൊന്നും എടുക്കാതെയും നിക്കോൾസ് 31 റൺസെടുത്തുമാണ് പുറത്തായത്. ജസ്പ്രീത് ബുംറയും പ്രസിദ് കൃഷ്ണയും ആണ് വിക്കറ്റുകൾ വീഴ്ത്തിയത്.
ഒന്നാം ഇന്നിംഗ്സിൽ കെ.എൽ. രാഹുലിന്റെയും റിഷബ് പന്തിന്റെയും സെഞ്ചുറികളുടെയും യശസ്വി ജയ്സ്വാളിന്റെയും ശുഭ്മാൻ ഗില്ലിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും ധ്രുവ് ജൂറലിന്റെയും അർധ സെഞ്ചുറികളുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ എടുത്തത്. 136 റൺസെടുത്ത കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ടോപ്സ്കോറർ.
റിഷബ് പന്ത് 128 റൺസും ഗിൽ 98 റൺസും ജയ്സ്വാൾ 85 റൺസും ദേവ്ദത്ത് 80 റൺസും ജൂറൽ 78 റൺസുമാണെടുത്തത്. അൻഷുൽ കാംബോജ് 38 റൺസ് സ്കോർ ചെയ്തു.
ന്യൂസിലൻഡിന് വേണ്ടി ഗ്ലെൻ ഫിലിപ്പ്സ് മൂന്ന് വിക്കറ്റ് എടുത്തു. രചിൻ രവീന്ദ്ര രണ്ട് വിക്കറ്റും മാറ്റ് ഹെൻറിയും കൈൽ ജാമീസണും ജേക്കബ് ഡഫിയും നതാൻ സ്മിത്തും ഓരോ വിക്കറ്റ് വീതം എടുത്തു. ന്യൂസിലൻഡ് ഒന്നാം ഇന്നിംഗ്സിൽ 368 റൺസാണെടുത്തത്.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ കുതിക്കുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ തോൽപ്പിച്ചതോടെ തുടർച്ചയായ ആറാം മത്സരത്തിലാണ് റയൽ വിജയം സ്വന്തമാക്കിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ സെൽറ്റയെ കീഴടക്കിയത്. ജൂഡ് ബെല്ലിംഗാമും കാർലോസ് എസ്പിയും ആണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. പാബ്ലോ ഡുറാൻ ആണ് സെൽറ്റയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയലിന് 33 പോയിന്റായി. ഇതോടെ ബാഴ്സയുടെ പോയിന്റിനൊപ്പമെത്താനും റയലിനായി. എന്നാൽ ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള ബാഴ്സ ഒന്നാം സ്ഥാനത്തും റയൽ രണ്ടാമതുമാണുള്ളത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ചെൽസിയുടെ കഷ്ടകാലം തുടരുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡും അട്ടിമറിച്ചു.
ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലീഡ്സ് വിജയിച്ചത്. ലീഡ്സിന് വേണ്ടി നോവ ഒക്കാഫോർ രണ്ട് ഗോളുകളും ഡൊമിനിക്ക് കാൽവെർട്ട്-ലെവിനും ബ്രെണ്ടൻ ആരോൺസണും ഓരോ ഗോൾ വീതവും നേടി.
ഇമ്മാനുവൽ എമേഗയാണ് ചെൽസിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ചെൽസിക്ക് 16 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ചെൽസി.
Sports
ചെസ് ലോകത്ത് പുതിയ ചരിത്രം കുറിച്ച് പതിനെട്ടാം വയസിൽ ലോകകിരീടം ചൂടിയ ദൊമ്മരാജു ഗുകേഷ് തന്റെ കരിയറിലെ മറ്റൊരു വലിയ നേട്ടം ചതുരംഗക്കളത്തിൽ നേടാനുള്ള തയാറെടുപ്പിലാണ്.
ഗാരി കാസ്പറോവിന്റെ ദശാബ്ദങ്ങൾ പഴക്കമുള്ള റിക്കാർഡ് തകർത്ത് 2024ൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാന്പ്യനായ ഗുകേഷ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിലാണ്.
2026 നവംബർ 24 മുതൽ സ്വിറ്റ്സർലണ്ടിലെ ജനീവയിലുള്ള ഫൗണ്ടേഷൻ മാർട്ടിൻ ബോർഡ്മർ ഇൻ കൊളോഗ്നിയിൽ ആരംഭിക്കുന്ന ലോക ചെസ് ചാന്പ്യൻഷിപ്പിൽ ഗുകേഷ് കിരീടം നിലനിർത്തുമോ എന്ന് വീക്ഷിക്കുന്ന ചെസ് പ്രേമികൾ വലിയ ആവേശത്തിലാണ്.
ഉസ്ബക്കിസ്ഥാന്റെ ഗ്രാൻഡ് മാസ്റ്റർ ജവൊഗിർ സിന്ദരൊവിന്റെ വെല്ലുവിളിയെ അതിജീവിക്കാനുള്ള തീവ്ര പരിശീലനത്തിലാണ് ഗുകേഷ്.
ചരിത്രമെഴുതിയ 2024
2024 ഗുകേഷിന്റെ കരിയറിലെ സുവർണ വർഷമായിരുന്നു. കാനഡയിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ വന്പന്മാരായ ഹികരൂ നക്കാമുറ, ഫബിയാനോ കരുവാന, ഇയാൻ നെപൊംനിയാസി എന്നിവരെയെല്ലാം മറികടന്ന് ഒന്നാമതെത്തി ചരിത്രം കുറിച്ചു. പതിനേഴാം വയസിൽ ലോക ചെസ് ചാന്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി.
2024 ഡിസംബർ 12 വ്യാഴാഴ്ച സിംഗപ്പൂരിലുള്ള വേൾഡ് സെന്റൊസ ഐലൻഡിലെ ഇക്വാറിസ് ഹോട്ടലിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ, ചാന്പ്യനായിരുന്ന ഡിങ് ലിറിനെ അട്ടിമറിച്ച് ലോക ചെസ് ചാന്പ്യൻ നേട്ടം സ്വന്തമാക്കി. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാന്പ്യൻ എന്ന ചരിത്രം അവിടെ പിറന്നു. 18 വയസും 195 ദിവസവും മാത്രം പ്രായം. കാസ്പറോവിന്റെ 22 വയസിലെ കിരീടനേട്ടമാണ് ഗുകേഷ് പഴങ്കഥയാക്കിയത്. അഞ്ചുതവണ ലോകചാന്പ്യൻ ആയിട്ടുള്ള വിശ്വനാഥൻ ആനന്ദിന്റെ പാത പിന്തുടർന്ന് ലോക ചെസ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമായി ഗുകേഷ്.
കരിയറിലെ നേട്ടങ്ങൾ
ഏഴാം വയസിൽ ചെസ് പഠിച്ച ഗുകേഷിന്റെ അപാരമായ ഏകാഗ്രതയും തന്ത്രപരമായ നീക്കവും തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ പരിശീലകരാണ്. 2015ൽ ഒന്‍പത് വയസിൽ താഴെയുള്ളവരുടെ കാറ്റഗറിയിൽ ഏഷ്യൻ സ്കൂൾ ചെസ് ചാന്പ്യൻ പദവി നേടി.
2018ൽ ലോക യൂത്ത് ചെസ് ചാന്പ്യൻഷിപ്പിൽ അഞ്ച് സ്വർണമെഡലുകൾ നേടി. 2019ൽ 12 വയസും ഏഴ് മാസവും 17 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ് മാസ്റ്റർ പദവി നേടി സർജി കരിയാക്കിന് പിന്നിൽ പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്റർ സ്ഥാനത്തെത്തി. 37 വർഷമായി ആനന്ദ് കൈയടക്കിവച്ചിരുന്ന ഫി ഡേ റേറ്റിംഗിലെ ഇന്ത്യയിലെ ഒന്നാം നന്പർ സ്ഥാനം മറികടന്ന് 2023ൽ ഗുകേഷ് ഒന്നാം സ്ഥാനത്ത് എത്തി.
അതേ വർഷംതന്നെ 2750 റേറ്റിംഗ് പോയിന്റ് മറികടക്കുന്ന പ്രായം കുറഞ്ഞ താരം എന്ന മാഗ്നസ് കാൾസന്റെ റിക്കാർഡും ഭേദിച്ചു. 2024 മദ്രാസിൽ നടന്ന 44-ാമത് ചെസ് ഒളിന്പിയാഡിലും 2024ൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന 45-മത് ചെസ് ഒളിന്പ്യാഡിലും വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മെഡല്‍ നേടി.
2026ൽ ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന ചെസ് ഒളിന്പ്യാഡിലും വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മെഡല്‍ നേടി. ലോകചാന്പ്യൻ പദവി നേടിയതിനു പുറമേ 2024ലും 25ലും നടന്ന ടാറ്റാ സ്റ്റീൽ ടൂർണമെന്റിലും മികച്ച പ്രകടനമാണ് ഗുകേഷ് കാഴ്ചവച്ചത്. ക്ലാസിക്കൽ ചെസിൽ മുൻ ലോകചാന്പ്യനും ഇപ്പോഴും റേറ്റിംഗില്‍ ഒന്നാമതുള്ള മാഗ്നസ് കാർസനെ തോൽപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയം.
പരിശീലന രീതികൾ
ബാല്യകാല പരിശീലകൻ ആയിരുന്ന ഗ്രാൻഡ്മാസ്റ്റർ വിഷ്ണു പ്രസന്നയുടെ നിർദേശത്തിലാണ് ചതുരംഗക്കളത്തിൽ ഗുകേഷിന്റെ നീക്കങ്ങൾ. സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി, കളിയിലെ മാനസികസമ്മർദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് എന്നിവയ്ക്ക് വിഷ്ണു പ്രസന്ന പ്രാധാന്യം നൽകി.
ശൈലിയും തന്ത്രവും
ഗുകേഷിന്റെ ചതുരംഗക്കളത്തിലെ ശൈലി വേറിട്ടതും സങ്കീർണമായ ബോർഡ് സാഹചര്യങ്ങളെ പോലും സമചിത്തതയോടെ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളതുമാണ്. ആക്രമിച്ചു കളിക്കാനും പ്രതിരോധിച്ചു നിൽക്കാനും ഒരേപോലെ കഴിവുള്ള ഡൈനാമിക് ആൻഡ് യൂണിവേഴ്സൽ ശൈലി. എൻഡ് ഗെയിം ഘട്ടത്തിൽ കൃത്യമായ നീക്കങ്ങളിലൂടെ ചെറിയ മുൻതൂക്കങ്ങളെ പോലും വിജയം ആക്കി മാറ്റാനുള്ള കഴിവ്. സമനിലയ്ക്ക് ശ്രമിക്കുന്നതിനേക്കാൾ റിസ്ക് എടുത്ത് വിജയത്തിന് ശ്രമിക്കുന്നതാണ് ഗുകേഷിന്റെ രീതി.
കുടുംബം
2006 മെയ് 29ന് ചെന്നൈയിൽ തെലുങ്ക് കുടുംബത്തിലാണ് ഗുകേഷ് ജനിച്ചത്. അച്ഛൻ ഡോക്ടർ രജനീകാന്ത് ഇഎൻടി സർജൻ ആണ്. അമ്മ ഡോക്ടർ പത്മകുമാരി മൈക്രോബയോളജിസ്റ്റ് ആണ്.
പഠനം
ചെന്നൈയിലെ മേൽ അയനന്പക്കത്തുള്ള വേലമ്മാൽ വിദ്യാലയത്തിലായിരുന്നു ഗുകേഷ് പഠനം ആരംഭിച്ചത്. എലീറ്റ് ചെസ് മത്സരങ്ങളുടെയും കഠിനമായ പരിശീലനങ്ങളുടെയും തിരക്കുകൾ കാരണം ഗുകേഷിന് നാലാം ക്ലാസിനു ശേഷം പതിവായി സ്കൂളിൽ പോകാൻ സാധിക്കാതെവന്നു.
Sports
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. വിദേശ പിച്ചിലെ ടെസ്റ്റ് ഇന്നിംഗ്സിൽ ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റർമാരും അർധസെഞ്ചുറി നേടി റിക്കാർഡിട്ട മത്സരത്തിൽ മൂന്നാം ദിനം കളി അവസാനിപ്പിക്കുന്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റണ്‍സ് എന്ന ശക്തമായ നിലയിലാണ്.
കെ.എൽ. രാഹുലിന്റെ (136) തകർപ്പൻ സെഞ്ചുറിയും ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (98), യശസ്വി ജയ്സ്വാൾ (85), ദേവ്ദത്ത് പടിക്കൽ (80), വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് (55) എന്നിവരുടെ അർധ സെഞ്ചുറിയുമാണ് പുതുചരിത്രം കുറിച്ചത്. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സിനെതിരേ 118 റണ്‍സിന്റെ ലീഡുമായാണ് മൂന്നാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 368 റണ്‍സിൽ അവസാനിച്ചിരുന്നു.
രണ്ട് ദിവസം ബാക്കി നിൽക്കേ ഇന്നത്തെ ആദ്യ സെഷനുകളിൽ മികച്ച റണ്‍റേറ്റിൽ സ്കോർ ഉയർത്തി ന്യൂസിലൻഡിനെ സമ്മർദത്തിലാക്കുകയാകും ഇന്ത്യയുടെ ലക്ഷ്യം. ഋഷഭ് പന്തിലാകും പ്രതീക്ഷ. വാഷിംഗ്ടണ്‍ സുന്ദറടക്കം ബാറ്റിംഗ് പിന്തുണയുണ്ടെന്നത് കരുത്താണ്.
94 വർഷം, ആദ്യം
94 വർഷത്തിനിടയ്ക്ക് ആദ്യമായാണ് ഒരു എവേ ടെസ്റ്റിൽ ഇന്ത്യൻ ടീമിലെ അഞ്ച് മുൻനിര ബാറ്റർമാരും അർധസെഞ്ചുറി നേടുന്നത്. ടെസ്റ്റിൽ അഞ്ച് തവണയാണ് ഇന്ത്യൻ ടീം ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ നാല് തവണയും മത്സരം ഇന്ത്യയിൽവച്ചായിരുന്നു. കിവീസ് മണ്ണിൽ അഞ്ച് ബാറ്റർമാരും അർധസെഞ്ചുറി തികച്ചതോടെ ഇന്ത്യ മറ്റൊരു നേട്ടംകൂടി സ്വന്തമാക്കി.
ഒരു വിക്കറ്റ് നഷ്ടത്തിൽ 159 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം മത്സരം തുടർന്ന ഇന്ത്യക്കായി രാഹുൽ സെഞ്ചുറി തികച്ചു. 13-ാം ടെസ്റ്റ് സെഞ്ചുറി നേടിയ രാഹുലിനു പിന്നാലെ ശുഭ്മാൻ ഗില്ലും ദേവ്ദത്ത് പടിക്കലും ഋഷഭ് പന്തും അർധസെഞ്ചുറി നേടിയതോടെ ഇന്ത്യ വൻ സ്കോറിലേക്ക് കുതിച്ചു. 62 പന്തിൽ 55 റണ്‍സോടെ ഋഷഭ് പന്ത് ക്രീസിൽ തുടരുകയാണ്. രണ്ടാം ദിനം ഓപ്പണർ യശ്വസി ജയ്സ്വാൾ ഇന്ത്യക്കായി അർധസെഞ്ചുറി നേടിയിരുന്നു.
രാഹുൽ നേട്ടം
സെഞ്ചുറി തികച്ച കെ.എൽ. രാഹുൽ റിക്കാർഡും സ്വന്തമാക്കി. സെന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങൾക്കെതിരേ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന നേട്ടമാണ് രാഹുൽ സ്വന്തമാക്കിയത്. 12 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ താരം ന്യൂസിലൻഡിൽ ടെസ്റ്റ് സെഞ്ചുറി നേടുന്നത്. 2014 ഫെബ്രുവരിയിൽ അജിങ്ക്യ രഹാനെയും വിരാട് കോഹ്ലിയുമാണ് സെഞ്ചുറി നേടിയത്. ഇതേ ഗ്രൗണ്ടിൽ തന്നെയായിരുന്നു ഇരുവരുടേയും സെഞ്ചുറി.
ഗില്ലും പന്തും 3,000
ഇന്നലെ അർധസെഞ്ചുറി പിന്നിട്ട ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ 3000 റണ്‍സ് തികച്ചു. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റർകൂടിയാണ് പന്ത്.
Sports
മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ റിക്കാർഡ് സ്ഥാപിച്ച് ഇംഗ്ലണ്ട് ബാറ്റിംഗ് കരുത്ത് കാട്ടിയെങ്കിലും ഓസ്ട്രേലിയൻ തിരിച്ചടയിൽ മൂന്ന് വിക്കറ്റ പരാജയം ഏറ്റുവാങ്ങി.
ആദ്യ ട്വന്റി20ൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 187 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇതോടെ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ അന്താരാഷ്്ട്ര ട്വന്റി20ൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന സന്ദർശക രാജ്യമായി ഇംഗ്ലണ്ട് മാറി.
ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (28 പന്തിൽ 65 റണ്‍സ്) ആണ് റിക്കാർഡിലേക്ക് നയിച്ചത്.മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 19.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
66 റണ്‍സ് എടുത്ത് നിഖിൽ ചൗധരി ഓസീസിന്റെ ടോപ് സ്കോററായി. അർധസെഞ്ചുറി നേടുകയും 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത നിഖിൽ ചൗധരിയാണ് കളിയിലെ താരം.
Sports
സിഡ്നി: സാൻഡ്പേപ്പർ ഗേറ്റ് വിവാദം വീണ്ടും ഉയർന്നതിനു പിന്നാലെ ഓസ്ട്രേലിയയുടെ മുൻ താരങ്ങളായ ഉസ്മാൻ ഖവാജയ്ക്കും ഡേവിഡ് വാർണർക്കും ഫോക്സ് ക്രിക്കറ്റ് കമന്ററി ചുമതലകളിൽ നിന്നു വിലക്ക്.
വിവാദം ഉടൻ അവസാനിക്കാത്ത നിലയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് കമന്ററി ചുമതലകളിൽ നിന്നു മാറ്റിനിർത്താൻ തീരുമാനിച്ചത്.
പന്ത് ചുരണ്ടൽ പദ്ധതിയെക്കുറിച്ച് കാമറൂണ്‍ ബാൻക്രോഫ്റ്റ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർക്കപ്പുറം മറ്റുള്ളവർക്കും അറിവുണ്ടായിരുന്നുവെന്ന് ഉസ്മാൻ ഖവാജയുടെ ആത്മകഥയായ ‘സബർ’ൽ അവകാശപ്പെട്ടതോടെയാണ് സാൻഡ്പേപ്പർ ഗേറ്റ് ചർച്ച വീണ്ടും സജീവമായത്.
സാൻഡ്പേപ്പർ നീക്കത്തെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിയാമായിരുന്നുവെന്ന വാദങ്ങളെ പാറ്റ് കമ്മിൻസ് തള്ളിയിരുന്നു. പിന്നാലെ വിവാദം കൂടുതൽ ചർച്ചയാക്കി ബാൻക്രോഫ്റ്റും രംഗത്തെത്തി.
ടീമിലെ കൂടുതൽ പേർക്ക് അറിവുണ്ടായിരുന്നുവെന്നും കമ്മിൻസ് ഉൾപ്പടെയുള്ള ബൗളർമാർ പന്തിന്റെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്നുമാണ് ബാൻക്രോഫ്റ്റ് ആരോപിച്ചത്. പിന്തുണയുമായി വാർണറും രംഗത്ത് വന്നിരുന്നു.
Sports
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ 2026 പുരുഷ ഡബിൾസ് ബാഡ്മിന്റണ്‍ ടൂർണമെന്റിൽ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന്റെ കുതിപ്പിന് വിരാമം.
സെമിഫൈനലിൽ മലേഷ്യയുടെ എട്ടാം സീഡ് ജോഡിയായ മാൻ വെയ് ചോങ്- ടീ കൈ വുൻ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടു.
40 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-18, 21-19 സ്കോറിനായിരുന്നു സഖ്യത്തിന്റെ പരാജയം.
Sports
നിയോ ( സ്വിറ്റ്സർലൻഡ്)· യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ട് പോരാട്ടങ്ങളുടെ മത്സരക്രമമായി. സ്പെയിൻ ഫ്രാൻസ്, ഇംഗ്ലണ്ട് നോർവേ, നെതർലൻഡ്സ് പോർച്ചുഗൽ, ബൽജിയം ജർമനി ടീമുകൾ തമ്മിലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ.
ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരങ്ങൾ മാർച്ച് 25 മുതൽ 27വരെയും രണ്ടാംപാദ മത്സരങ്ങൾ മാർച്ച് 28 മുതൽ 30 വരെയും നടക്കും. ജൂണ്‍ 9, 10 തീയതികളിലാണ് സെമിഫൈനൽ. മൂന്നാം സ്ഥാന മത്സരവും ഫൈനലും ജൂണ്‍ 13ന് നടക്കും.
ക്വാർട്ടർ ഫൈനൽ 1: സ്പെയിൻ- ഫ്രാൻസ്
ക്വാർട്ടർ ഫൈനൽ 2: നോർവേ- ഇംഗ്ലണ്ട്
ക്വാർട്ടർ ഫൈനൽ 3: നെതർലൻഡ്സ്- പോർച്ചുഗൽ
ക്വാർട്ടർ ഫൈനൽ 4: ബെൽജിയം- ജർമനി
Sports
ഗോഹട്ടി: ഐഎസ്എലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അട്ടിമറിച്ച് ഗോവ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോവയുടെ ജയം.
മുഹമ്മദ് നെമിൽ ആണ് മത്സരം തുടങ്ങി ആദ്യമിനിറ്റിൽ തന്നെ ഗോവയെ മുന്നിലെത്തിച്ചത്. മൂന്നാം സ്ഥാനക്കാരായ നോർത്ത് ഈസ്റ്റിന് ഞെട്ടിക്കുന്ന തോൽവിയാണ് ഗോവ സമ്മാനിച്ചത്.
ജയിച്ചിരുന്നെങ്കിൽ നോർത്ത് ഈസ്റ്റിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാമായിരുന്നു. ഗോവ ആറാം സ്ഥാനത്താണ്.
ചെന്നൈയ്ൻ (1-1) പഞ്ചാബ് മത്സരം സമനിലയിൽ അവസാനിച്ചു.
Sports
അരീന: നിട്ടോ എടിപി ഫൈനൽസ് ടെന്നീസ് പുരുഷ സിംഗിൾസിൽ കാർലോസ് അൽകരാസ് ഫൈനലിൽ പ്രവേശിച്ചു.
സെമിഫെനലിൽ ബെൻ ഷെൽട്ടണിനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ വീഴ്ത്തിയാണ് അൽകരാസിന്റെ ഫൈനൽ പ്രവേശനം. സ്കോർ: 3-6, 6-3, 7-6.
Sports
ലാഹോർ: 2026-27 വർഷത്തേക്കുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സെൻട്രൽ കോണ്ട്രാക്റ്റ് പട്ടികയിൽനിന്ന് മുഹമ്മദ് റിസ്വാൻ, ഷാൻ മസൂദ്, സയിം അയൂബ് എന്നിവരെ ഒഴിവാക്കി.
ഇവർക്കു പുറമേ ഹസൻ അലി, അബ്ദുള്ള ഷഫീഖ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, നോമൻ അലി, ഹുസൈൻ തലത്, ഖുറം ഷഹ്സാദ്, അബ്ബാസ് അഫ്രീദി, മുഹമ്മദ് വസീം ജൂനിയർ എന്നിവരെയും പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Sports
ഓക്ലൻഡ്: ഓക്ലൻഡിൽ നടന്ന മൂന്ന് മത്സര പുരുഷ ഹോക്കി ടൂർണമെന്റിലെ രണ്ടാം പോരാട്ടത്തിൽ ന്യൂസിലൻഡിനെ (2-2) ഇന്ത്യ സമനിലയിൽ തളച്ചു. ക്യാപ്റ്റൻ സഞ്ജയും അംഗദ് സിംഗും ഇന്ത്യക്കായി സ്കോർ ചെയ്തു.
Sports
വിക്ടോറിയ: ഹോങ്കോംഗ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ സെമിഫൈനലിൽ പുറത്തായി. ഡെൻമാർക്കിന്റെ ആൻഡേഴ്സ് ആന്റൺസനോട് നേരിട്ടുള്ള രണ്ട് ഗെയിമുകൾക്കായിരുന്നു തോൽവി. സ്കോർ: 13-21, 13-21.
ആദ്യ ഗെയിമിൽ തുടക്കം മുതൽ ആക്രമണാത്മകമായ കളി പുറത്തെടുത്ത ആന്റൺസന്‍ മുന്നിൽ ലക്ഷ്യയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. മികച്ച പ്രകടനത്തിലൂടെ ഡാനിഷ് താരം 21-13ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും മത്സരത്തിന്റെ നിയന്ത്രണം ആന്റൺസന്റെ കൈകളിലായിരുന്നു.
സമ്മർദത്തിലായ ലക്ഷ്യയ്ക്ക് തിരിച്ചുവരവിന് അവസരം ലഭിച്ചില്ല. ഒടുവിൽ 21-13ന് രണ്ടാം ഗെയിമും സ്വന്തമാക്കിയ ഡെൻമാർക്ക് താരം ഫൈനലിലേക്ക് മുന്നേറി. ക്വാർട്ടറിൽ മുൻ ലോക ചാമ്പ്യൻ ലോഹ് കീൻ യൂയെയാണ് ലക്ഷ്യ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം.
Sports
ജിദ്ദ: സൗദി പ്രോ ലീഗിൽ അൽ നസറിന് തോൽവി. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽ അഹ്ലി അൽ നസറിനെ പരാജയപ്പെടുത്തിയത്. ആദ്യം ഗോൾ നേടി മുന്നിലെത്തിയിട്ടും ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും വിജയം സ്വന്തമാക്കാനായില്ല. മത്സരത്തിന്റെ 14-ാം മിനിറ്റിൽ ഗോൾ കണ്ടെത്തി ക്രിസ്റ്റ്യാനോ അൽ നസറിന് ലീഡ് സമ്മാനിച്ചു.
താരത്തിന്റെ കരിയറിലെ 986-ാം ഗോളായിരുന്നു ഇത്. എന്നാൽ ഈ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. നാല് മിനിറ്റിനുശേഷം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കുന്നതിൽ ക്രിസ്റ്റ്യാനോ പരാജയപ്പെട്ടു. ബോക്സിനുള്ളിൽ അവാദ് അമനെ സയ്യിദ് ബാറ്റിയ വീഴ്ത്തിയതിനെ തുടർന്നാണ് അൽ നസറിന് അനുകൂലമായി റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത ക്രിസ്റ്റ്യാനോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.
ലീഡ് ഉയർത്താനുള്ള സുവർണാവസരമാണ് ഇതോടെ അൽ നസറിന് നഷ്ടമായത്. രണ്ടാം പകുതിയിൽ അൽ അഹ്ലി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഗലേനോ, ഇവാൻ ടോണി, റോജർ ഇബാനസ് എന്നിവർ അൽ അഹ്ലിക്കായി ലക്ഷ്യം കണ്ടു.
Sports
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കൂറ്റൻ സ്കോറിലേയ്ക്ക്. കിവീസിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 368 റൺസ് മറികടന്ന ഇന്ത്യ ശക്തമായ നിലയിലാണ് മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിച്ചത്.
നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസ് എടുത്തിട്ടുണ്ട് ഇന്ത്യ. നിലവിൽ കിവിസിനേക്കാൾ 118 റൺസിന് മുന്നിലാണ് ഇന്ത്യ. റിഷഭ് പന്തും അൻഷുൽ കാംബോജുമാണ് ക്രീസിലുള്ളത്. പന്ത് 55 റൺസെടുത്തിട്ടുണ്ട്. കാംബോജ് റൺസൊന്നും എടുത്തിട്ടില്ല.
ഒരു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എന്ന നിലയിൽ മൂന്നാം ദിനത്തിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 327 റൺസാണ് ഇന്ന് കൂട്ടിച്ചേർത്തത്. സെഞ്ചുറി നേടിയ കെ. എൽ. രാഹുലിന്റെയും അർധ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്.
രാഹുൽ 136 റൺസാണെടുത്തത്. ഒമ്പത് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ഗിൽ 98 റൺസും പടിക്കൽ 80 റൺസുമാണെടുത്തത്. ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെന്റിയും കൈൽ ജാമീസണും ജേക്കബ് ഡഫിയും നഥാൻ സ്മിത്തും ഓരോ വിക്കറ്റ് വീതം എടുത്തു.
Sports
ബിൽബാവോ: ലാലീഗ ഫുട്ബോളിൽ അത്ലറ്റിക്ക് ക്ലബിനെ വീഴ്ത്തി എസ്പാന്യോൾ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഗോളിനാണ് എസ്പാന്യോൾ വിജയിച്ചത്.
റോബർട്ടൊ ഫെർണാണ്ടസാണ് എസ്പാന്യോളിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 66-ാം മിനിറ്റിലാണ് റോബർട്ടൊ ഗോൾ നേടിയത്.
വിജയത്തോടെ എസ്പാന്യോളിന് 15 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 10-ാം സ്ഥാനത്താണ് എസ്പാന്യോൾ.
Sports
ദോഹ: ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസ് ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ എ 306 റണ്‍സിന് നേപ്പാളിനെ പരാജയപ്പെടുത്തി. ഇന്ത്യ 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 332 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ നേപ്പാൾ 11.3 ഓവറിൽ വെറും 26 റണ്‍സിന് പുറത്തായി.
ലിസ്റ്റ് എ ക്രിക്കറ്റിൽ റണ്‍സ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. സ്കോർ: ഇന്ത്യ- 50 ഓവറിൽ 332/9. നേപ്പാൾ- 11.3 ഓവറിൽ 26.
ക്യാപ്റ്റൻ തിലക് വർമ (107), കുമാർ കുശാഗ്ര (117) നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗിൽ നേപ്പാൾ ബാറ്റർമാരിൽ ഒരാൾക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല. ഇന്ത്യക്കായി പ്രിൻസ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർഷിത് റാണ നാലും ഷഹബാസ് അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.
Sports
കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സിന് ജയം. ഫോർക്ക കൊച്ചി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് കണ്ണൂർ പരാജയപ്പെടുത്തിയത്.
ഫോർക്ക കൊച്ചി മികവ് പുലർത്തി കളിച്ചെങ്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല.
Sports
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ബംഗളൂരുവിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബംഗളൂരു പരാജയപ്പെടുത്തിയത്.
ബോർജ മാർട്ടിൻസ് (57), റയാൻ വില്ല്യംസണ് (85) എന്നിവരാണ് സ്കോർ ചെയ്തത്. ജയത്തോടെ 13 പോയിന്റുമായി ബംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
ഈസ്റ്റ് ബംഗാൾ സ്പോർട്ടിംഗ് ക്ലബ് ഡൽഹി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും രണ്ട് ഗോൾ വീതം നേടി തുല്ല്യത പാലിച്ചു. സ്പോർട്ടിംഗ് ക്ലബ്ബിനായി 31-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കാർലോസ് മാനുവൽ അക്കൗണ്ട് തുറന്നു.
Sports
വെല്ലിംഗ്ടണ്‍: സെഞ്ചുറി നേട്ടത്തിൽ ഇന്ത്യക്കെതിരേ വന്പൻ റിക്കാർഡ് സ്വന്തം പേരിൽ കുറിച്ച് ഗ്ലെൻ ഫിലിപ്സ്. ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യക്കെതിരേ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി20) സെഞ്ചുറി നേടുന്ന ലോകത്തെ ആദ്യ താരമെന്ന നേട്ടമാണ് ന്യൂസിലൻഡ് ബാറ്റർ ഗ്ലെൻ ഫിലിപ്സ് സ്വന്തമാക്കിയത്.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്നലെ സെഞ്ചുറി നേടിയതോടെയാണ് ഫിലിപ്സ് ഈ നാഴികക്കല്ല് പിന്നിട്ടത്. ഈ വർഷം ആദ്യം ഇന്ത്യക്കെതിരേ ഏകദിനത്തിലും ട്വന്റി20യിലും സെഞ്ചുറികൾ നേടിയതിന് പിന്നാലെയാണ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും ഫിലിപ്സ് മൂന്നക്കം കടന്നത്.
2026 ജനുവരി 18ന് ഇൻഡോറിൽ നടന്ന ഏകദിനത്തിൽ ഇന്ത്യക്കെതിരേ 106 റണ്‍സ് നേടിയ ഫിലിപ്സ് ഒക്്ടോബർ 30ന് ഓക്ലൻഡിൽ നടന്ന ട്വന്റി20 മത്സരത്തിൽ വെറും 49 പന്തിൽ 107 റണ്‍സടിച്ച് തിളങ്ങിയിരുന്നു.
ഒരു കലണ്ടർ വർഷത്തിൽ ഒരേ എതിരാളികൾക്കെതിരേ ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ മൂന്ന് ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന ലോകത്തെ രണ്ടാമത്തെ താരം കൂടിയാണ് ഫിലിപ്സ്.
2017ൽ ശ്രീലങ്കയ്ക്കെതിരേ ഈ നേട്ടം കൈവരിച്ച മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് ഒന്നാമത്. കൂടാതെ ഒരേ എതിരാളികൾക്കെതിരേ മൂന്ന് ഫോർമാറ്റുകളിലും സെഞ്ചുറി നേടുന്ന ആദ്യ ന്യൂസിലൻഡ് ബാറ്ററെന്ന നേട്ടവും ഫിലിപ്സ് ഈ ഇന്നിംഗ്സിലൂടെ സ്വന്തമാക്കി.