NRI
സാൻ ഫ്രാൻസിസ്കോ: ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കുന്ന കാത്തലിക് കോൺഗ്രസ് ഗ്ലോബൽ മീറ്റിന്റെ ഭാഗമായി ലോകത്തിലെ വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന പതാക പ്രയാണത്തിന് കലിഫോർണിയയിൽ സ്വീകരണം നൽകി.
കലിഫോർണിയയിലെ ലിവർമോർ "സെയിന്റ് തെരേസാ ഓഫ് കൽക്കട്ട' ദേവാലയത്തിൽ നടന്ന ചടങ്ങിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ബിഷപ് ലഗേറ്റും താമരശേരി രൂപത ബിഷപ്പുമായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സീറോമലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) ഷിക്കാഗോ രൂപത പ്രസിഡന്റ് ജോർജ് വി ജോർജ്, എസ്എംസിസി ബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി എന്നിവർക്കു പതാക കൈമാറി.
വികാരി സിജോ തറക്കുന്നേൽ, കൈക്കാരൻ ജിസ്മോൻ, അത്മായ പ്രതിനിധി ടോജോ തോമസ് എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് വിപിൻ മാത്യു, ഫ്രാൻസി വർഗീസ്, അഖിൽ മാർട്ടിൻ ജോസ്, എസ്എംസിസി പ്രതിനിധി ജിബി ജോർജ് എന്നിവർ നേതൃത്വം നൽകി.
കാത്തലിക് കോൺഗ്രസ് ഗ്ലോബൽ മീറ്റിനു ആശംസകളും നേരുന്നതായി ഷിക്കാഗോ രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ട് അറിയിച്ചു. ഗ്ലോബൽ മീറ്റിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി കാത്തലിക് കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോർജുകുട്ടി പുല്ലാപ്പള്ളി, ഗ്ലോബൽ സെക്രട്ടറിയും എസ്എംസിസി ഡയറക്ടർ ബോർഡ് ചെയർമാനുമായ സിജിൽ പാലക്കലോടി എന്നിവർ അറിയിച്ചു.
ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിൽ ഷിക്കാഗോ രൂപതയിൽ നിന്നും ഇരുപതോളും പ്രതിനിധികൾ പങ്കെടുക്കുമെന്ന് എസ്എംസിസി രൂപത ഡയറക്ടർ റവ.ഫാ. ജോർജ് എളമ്പാശേരിൽ, പ്രസിഡന്റ് ജോർജ് വി. ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷർ ടോമി തോമസ് എന്നിവർ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളും പ്രതിനിധികൾ ഗ്ലോബൽ മീറ്റിൽ പങ്കെടുക്കും.
NRI
റോം: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനവും സിഎഫ്ഡിയുടെ17-ാം സ്ഥാപകദിനവും സംയുക്തമായി ഈ മാസം 15ന് രാവിലെ 10.30ന് റോമിലെ Piazza Gandhi-യിൽ വച്ച് സംഘടിപ്പിക്കുന്നു. അധികാരികളുടെ ഔദ്യോഗിക അനുമതിയോടെയാണ് പരിപാടി നടത്തുന്നത്.
സ്വാതന്ത്ര്യം ഒരു ആഘോഷം മാത്രമല്ലെന്നും ഓരോ തലമുറയും കാത്തുസൂക്ഷിക്കുകയും കൈമാറുകയും ചെയ്യേണ്ട മഹത്തായ ഉത്തരവാദിത്വമാണെന്നും സംഘാടകർ ഓർമിപ്പിച്ചു.
പരിപാടിയിലേക്ക് എല്ലാ ഇന്ത്യൻ പ്രവാസികളെയും ക്ഷണിക്കുന്നതായി സെൻട്രൽ കൗൺസിൽ ഓഫ് സിഎഫ്ഡി അറിയിച്ചു.
International
റോം: ലോകത്ത് നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെയും അനീതിയുടെയും യഥാർഥ കാരണങ്ങൾ ഇല്ലാതാക്കാൻ സമൂഹം ഒന്നടങ്കം മുന്നോട്ടു വരണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
റോമിനുപുറത്തുള്ള വേനൽക്കാല വസതിയായ കസ്താൽ ഗൊണ്ടോൾഫോയിലെ ലൗദാത്തോ സി ഉദ്യാനത്തിൽ ദരിദ്രർക്കായി ഒരുക്കിയ പ്രത്യേക ഉച്ചവിരുന്നിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാർഥ ജീവകാരുണ്യത്തോടും നീതിയോടുമുള്ള വിശപ്പാണ് തനിക്കുള്ളതെന്നു വ്യക്തമാക്കിയ മാർപാപ്പ എല്ലാവർക്കുമായി വാതിലുകൾ തുറന്നിടുന്ന, എല്ലാവരെയും സ്നേഹത്തോടെ സ്വീകരിക്കുന്ന ഒരു സഭയ്ക്കായുള്ള ആഗ്രഹവും പങ്കുവച്ചു.
അവിടെ ആരും ശത്രുക്കളല്ലെന്നും സമാധാനവും പരസ്പര പൊരുത്തപ്പെടലുകളും ക്ഷമയുമാണ് ഉണ്ടാകേണ്ടതെന്നും മാർപാപ്പ ഓർമിപ്പിച്ചു. ചരിത്രപരമായി മാർപാപ്പമാരെ വിശേഷിപ്പിക്കുന്ന ‘പോന്തിഫ്’എന്ന പദത്തിന്റെ അർഥം ‘പാലങ്ങൾ പണിയുന്നയാൾ’ എന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മാർപാപ്പയോടൊപ്പം ഉച്ചഭക്ഷണം’ എന്നപേരിൽ സംഘടിപ്പിച്ച ഈ കൂട്ടായ്മയിൽ റോം രൂപതയിലെ വിവിധ സാമൂഹിക പ്രതിസന്ധികൾ നേരിടുന്ന 35 കുട്ടികൾ ഉൾപ്പെടെ ഇരുനൂറോളം പേരാണ് അതിഥികളായെത്തിയത്.
റോമിലെ ‘ഈസോള ദെല്ല പിറ്റ്സ’എന്ന റസ്റ്ററന്റാണ് വിവിധ സംസ്കാരങ്ങളിൽനിന്നുള്ളവർക്ക് അനുയോജ്യമായ രീതിയിലുള്ള വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 17ന് അൽബാനോ രൂപതയിലെ നിർധനരായ ആളുകൾക്കായും തുടർന്ന് നവംബർ 16നും മാർപാപ്പ ഇത്തരത്തിൽ ഉച്ചവിരുന്നുകൾ ഒരുക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചത്.
Kerala
കണ്ണൂർ: റോമിലെ നിത്യസഹായ മാതാവിന്റെ ബസിലിക്കയിൽ നിന്നാരംഭിച്ച് വിവിധ രാജ്യങ്ങളിലൂടെ പ്രയാണം നടത്തിയ വിശുദ്ധ ജെരാർദ് മജല്ലയുടെ തിരുശേഷിപ്പിന്റെ ഭാരതപ്രയാണം കണ്ണൂർ ജില്ലയിലെ എടൂർ അൽഫോൻസ് ഭവനിൽ ഇന്ന് സമാപിക്കും.
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുടെയും ഗർഭസ്ഥാവസ്ഥയിൽ വൈഷമ്യം നേരിടുന്ന കുഞ്ഞിപ്പൈതങ്ങളുടെയും മധ്യസ്ഥനായി വണങ്ങപ്പെടുന്ന വിശുദ്ധ ജെരാർദ് മജല്ലയുടെ മുന്നൂറാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം അംഗമായിരുന്ന ദിവ്യരക്ഷക (റിഡംപ്റ്ററിസ്റ്റ്) സന്യാസിമാർ സേവനം ചെയ്യുന്ന 82 രാജ്യങ്ങളിലൂടെയും വിശുദ്ധന്റെ തിരുശേഷിപ്പ് പ്രയാണം നടത്തുന്നത്.
ഇറ്റലിയിലെ നേപ്പിൾസിൽ മൂറോ ലുക്കാനോ എന്ന കൊച്ചു ഗ്രാമത്തിൽ 1726ലാണ് വിശുദ്ധ ജെരാർദ് മജല്ല ജനിച്ചത്. ആരോഗ്യമില്ലാതിരുന്നിട്ടും സന്യാസിയാകണം എന്ന തീക്ഷ്ണമായ ആഗ്രഹം മൂലം മാത്രമാണ് അദ്ദേഹത്തെ ദിവ്യരക്ഷകസന്യാസിമാർ ആശ്രമത്തിലെടുത്തത്. 29-ാം വയസിൽ ഇഹലോകവാസം വെടിയുമ്പോഴേക്കും അദ്ദേഹം ധാരാളം അദ്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നതായി അന്നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ലോകമെമ്പാടും മക്കളില്ലാത്തവരുടെ ആശ്രയമായ വിശുദ്ധ ജെരാർദ് മജല്ലയുടെ കൈവിരലുകളിൽ ഒരു അസ്ഥിയാണ് റോമിൽ നിന്നു വിശ്വാസികളുടെ വണക്കത്തിനായി കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയത്. തിരുശേഷിപ്പിന്റെ കേരളത്തിലെ പ്രയാണത്തിന് സിഎസ്എസ്ആർ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. റോജേരിയോ ഗോമസ് നേതൃത്വം നൽകി. കേരളാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. പോളി കണ്ണമ്പുഴയുടെ നേതൃത്വത്തിൽ നടന്ന തിരുശേഷിപ്പിന്റെ പ്രയാണത്തിന്റെ സമാപനം ഇന്ന് എടൂർ അൽഫോൻസ് ഭവനിൽ നടക്കും.
ഇന്നു വൈകുന്നേരം നാലു മുതൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം നേതൃത്വം നല്കും. എടൂരിലും പരിസരപ്രദേശങ്ങളിലുമുള്ള തിരുശേഷിപ്പിന്റെ പ്രയാണത്തിന് എടൂർ അൽഫോൻസ് ഭവൻ സുപ്പീരിയർ ഫാ. സിജോ തളിയത്തും മറ്റു വൈദികരും നേതൃത്വം നൽകി.
International
റോം: ഇറ്റാലിയൻ മെത്രാൻ സമിതിയുടെ മുൻ പ്രസിഡന്റും റോം രൂപതയുടെ മാർപാപ്പയുടെ വികാരിയുമായിരുന്ന കർദിനാൾ കമില്ലോ റൂയിനി (95) ദിവംഗതനായി.
സംസ്കാര ശുശ്രൂഷ ഇന്നു വൈകുന്നേരം 4.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില് ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെയും അടുത്ത സഹകാരിയായി പ്രവര്ത്തിച്ച അദ്ദേഹം ഇറ്റലിയിലെ യാഥാസ്ഥിതിക മെത്രാന്മാരുടെ പ്രധാന ശബ്ദങ്ങളിൽ ഒരാളായി അറിയപ്പെട്ടിരുന്നു. സെൻട്രൽ ഇറ്റലിയിലെ സാസുതൊ സ്വദേശിയായ കമില്ലോ റൂയിനി 1954ൽ പൗരോഹിത്യം സ്വീകരിച്ചു.
1983ൽ റെജിയോ എമിലിയ രൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹത്തെ 1991ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദിനാൾസ്ഥാനത്തേക്ക് ഉയർത്തി.
1991 മുതൽ 2007 വരെ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റായും 1991 മുതൽ 2008 വരെ റോം രൂപതയുടെ വികാരി ജനറലായും ലാറ്ററൻ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റായും സേവനമനുഷ്ഠിച്ച അദ്ദേഹം, പ്രശസ്ത മരിയൻ തീർഥാടനകേന്ദ്രമായ മെഡ്ജുഗോറിയയെ സംബന്ധിച്ച കമ്മീഷന്റെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്.
കത്തോലിക്കാമൂല്യങ്ങളുടെ പാരമ്പര്യം മറച്ചുവയ്ക്കാതെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം നിരന്തരം ഉയർത്തിക്കാട്ടിയ അദ്ദേഹത്തിന്റെ മുദ്രാവാക്യം “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്നതായിരുന്നു.
Business
കൊച്ചി: സ്കൂട്ടർ പ്രേമികളുടെ ഇഷ്ടവാഹനമായ വെസ്പയ്ക്ക് 80 വയസ്. 80-ാം വാർഷികാഘോഷം (വെസ്പ റോമ 2026) 25 മുതല് 28 വരെ റോമില് നടക്കും.
ആഘോഷത്തിൽ പങ്കെടുക്കാന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വെസ്പ ഉടമകള് സ്കൂട്ടറുമായി റോമിലെത്തുമെന്ന് അധികൃതർ പറഞ്ഞു. 60 രാജ്യങ്ങളില്നിന്നുള്ളവർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെ വിപണിയിലെത്തിയിട്ടുള്ള എല്ലാ വെസ്പ മോഡലുകളുമായാണ് ക്ലബ് അംഗങ്ങള് റോമിലെത്തുന്നത്. പാട്ടും മത്സരങ്ങളും പ്രദര്ശനങ്ങളും നാലു ദിവസത്തെ ആഘോഷത്തില് ഉണ്ടാകും.
എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഏകദേശം രണ്ടു കോടി സ്കൂട്ടറുകള് ഉണ്ടെന്ന് വെസ്പ അധികൃതർ പറഞ്ഞു.
NRI
റോം: പ്രവാസി ലീഗൽ സെൽ (പിഎൽസി) ഇറ്റലിയുടെ ആഭിമുഖ്യത്തിൽ റോമിലെ ഏഷ്യൻ റസ്റ്റോറന്റിൽ പ്രമുഖ അതിഥികൾക്ക് സ്വീകരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
പിഎൽസി ഗ്ലോബൽ വൈസ് ചെയർമാൻ മെൽവിൻ വില്യംസ്, ഇന്ത്യ പാസ്റ്റർ സജി ലൂക്കോസ്, ഭാര്യ മോനി ഷിക്കാഗോ എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.
പിഎൽസി ഇറ്റാലിയൻ ചെയർമാൻ പ്രഫ. ജോസ് വട്ടക്കോട്ടയിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിന്റെ ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കപ്പെട്ടു.
സൗഹൃദവും സഹോദരത്വവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ പിഎൽസി ഇറ്റലിയുടെ ഭാരവാഹികളായ റ്റെൻസ് ജോസ്, ബേബി മാളിയേക്കിൽ, സൈമൺ ജേക്കബ് തുടങ്ങിയവരും സജീവമായി പങ്കെടുത്തു.
NRI
റോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇറ്റലി സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര - വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം "പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്' ഉയർത്താൻ റോമിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ തീരുമാനമാകുമെന്ന് ഇറ്റാലിയൻ സർക്കാർ വക്താവ് വ്യക്തമാക്കി.
ആദ്യ ഉഭയകക്ഷി സന്ദർശനം: മുൻപ് ജി7, ജി20 ഉച്ചകോടികളിൽ പങ്കെടുക്കാൻ ഇറ്റലിയിൽ എത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയുടെ ആദ്യ ഔദ്യോഗിക ഇറ്റലി സന്ദർശനമാണിത്.
ബുധനാഴ്ച റോമിലെ ചരിത്രപ്രസിദ്ധമായ വില്ല ഡോറിയ പാംഫിലിയിൽ വച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഐഎംഇസി പദ്ധതിക്ക് മുൻഗണന: ഇന്ത്യയെയും ഗൾഫ് രാജ്യങ്ങളെയും യൂറോപ്പുമായി ബന്ധിപ്പിക്കുന്ന "ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ' (ഐഎംഇസി) വികസനത്തിന് ഈ സന്ദർശനത്തിൽ പ്രത്യേക ഊന്നൽ നൽകുമെന്ന് റോമിൽ വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
Business
ന്യൂഡൽഹി: എയർ ഇന്ത്യ ഡൽഹിയിൽനിന്ന് റോമിലേക്ക് പുതിയ നോണ് സ്റ്റോപ്പ് വിമാന സർവീസ് ആരംഭിച്ചു.
ആറു വർഷത്തിനുശേഷമാണ് ഇറ്റാലിയൻ തലസ്ഥാനത്തേക്ക് എയർ ഇന്ത്യ വീണ്ടും പറക്കുന്നത്. ഇതോടെ യൂറോപ്പിൽ എയർ ഇന്ത്യയുടെ സർവീസ് എട്ട് പ്രധാന നഗരങ്ങളിലേക്കായി വികസിച്ചു.
ഈ റൂട്ടിൽ എയർ ഇന്ത്യ ആഴ്ചയിൽ നാലു സർവീസ് നടത്തും. ഇത് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ബിസിനസ്, വിനോദസഞ്ചാര മേഖലകളിൽ വർധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിനും സഹായിക്കും.
ഡൽഹിയിൽനിന്ന് റോമിലേക്കുള്ള ആദ്യ വിമാനം റോമിലെ ദാവി ഞ്ചി വിമാനത്താവളത്തിൽ ബുധനാഴ്ച ഇറങ്ങി.
NRI
തിരുവനന്തപുരം: റോമിലെ സപ്പിൻസാ യൂണിവേഴ്സിറ്റിയിലെ പ്രഫസറായ ഡോ. ജോസ് വട്ടക്കൊട്ടയിൽ (ജോസ് ഫിലിപ്പ്) പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തിരുവനന്തപുരത്ത് സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ കേരളത്തിന്റെ ഭാവി ഭരണസംവിധാനത്തെക്കുറിച്ചും സാമൂഹിക വികസനത്തെക്കുറിച്ചും വിശദമായ ചർച്ചകൾ നടത്തി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇന്നത്തെ പല സംവിധാനങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രത്യേകിച്ച് പ്രവാസി സമൂഹത്തിന് അതിന്റെ ഗുണഫലങ്ങൾ ലഭിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനും അവർക്ക് കേരളത്തിൽ തൊഴിലും സുരക്ഷിതമായ ജീവിതവുമൊരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കും.
പ്രവാസികളുടെ അറിവും അനുഭവസമ്പത്തും സംസ്ഥാനത്തിന്റെ വികസനത്തിനായി ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
International
റോം: ചരിത്രനഗരമായ റോമിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നായ ഫൊന്താനാ ദി ത്രേവി ഫൗണ്ടൻ കാണണമെങ്കിൽ ഇനി രണ്ട് യൂറോ നൽകേണ്ടിവരും.
18-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ നിർമിതി ഇതുവരെ സൗജന്യമായി സന്ദർശിക്കാമായിരുന്നു. ഇന്നലെയാണ് പ്രവേശനഫീസ് നിലവിൽവന്നത്. ഈ തുക പ്രദേശത്തിന്റെ അഭിവൃദ്ധിക്കും സഞ്ചാരികളുടെ സുരക്ഷയ്ക്കുമായി ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രവേശനഫീസിനത്തിൽ പ്രതിവർഷം 65 ലക്ഷം യൂറോ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
സമുദ്രദേവന്റെ ശില്പത്തിനുചുറ്റുമുള്ള മനോഹരമായ പാറക്കൂട്ടങ്ങളിൽനിന്ന് ഒഴുകിവരുന്ന വെള്ളത്തിലേക്ക് നാണയങ്ങൾ പിന്നോട്ട് തിരിഞ്ഞെറിയുന്നതാണ് ഇവിടത്തെ ആകർഷണം.
NRI
റോം: ഇറ്റലിയിലെ ഇന്ത്യൻ വിദ്യാർഥികളും പ്രവാസികളും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രവാസി ലീഗൽ സെൽ (പിഎൽസി) ഇറ്റലി ചാപ്റ്റർ പ്രതിനിധികൾ റോമിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
പിഎൽസി ഇറ്റലി ചാപ്റ്റർ പ്രതിനിധി സംഘത്തിൽ പ്രഫ. ജോസ് ഫിലിപ്പ്, പ്രിയ ജോർജ്, ലീന ബ്രിട്ടൺ എന്നിവർ ഉൾപ്പെടുന്നു. ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗൗരവ് ഗാന്ധിയും ഫസ്റ്റ് സെക്രട്ടറി സുഭാഷിണി ശങ്കരനും പങ്കെടുത്തു.
ചർച്ചയിൽ വിദ്യാർഥികളുടെ താമസാനുമതി ലഭിക്കുന്നതിലുള്ള കാലതാമസങ്ങൾ, വിദ്യാർഥി താമസ സൗകര്യങ്ങളും റസിഡൻസ് രജിസ്ട്രേഷനും ഹെൽത്ത് കാർഡും ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന ചെലവുകളും പ്രതിനിധികൾ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇതോടൊപ്പം, ഇറ്റാലിയൻ ഭാഷ പഠന കേന്ദ്രം ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ സ്ഥാപിക്കണമെന്ന നിർദേശവും ഇറ്റലിയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി വാർഷിക ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കണമെന്ന ആവശ്യവും പിഎൽസി മുന്നോട്ടുവച്ചു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന അനധികൃത ഏജൻസികൾ ഇറ്റലിയിലേക്ക് നിയമവിരുദ്ധ കുടിയേറ്റം സംഘടിപ്പിച്ച് വൻ തുക ഈടാക്കുന്ന പ്രവണതയെയും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും എംബസി ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
NRI
റോം: മലയാളികളുടെയും കേരളീയരുടെയും അന്താരാഷ്ട്ര സാഹോദര്യത്തിനായി പ്രവര്ത്തിക്കുന്ന വേള്ഡ് മലയാളി കൗണ്സിലിന് ഇറ്റലിയില് പുതിയ പ്രൊവിന്സ് രൂപികരിച്ചു. സംഘടനയുടെ ഗ്ലോബൽ ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ആണ് റോമിലെ പുതിയ ടീമിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്ഷം സംഘടന താത്കാലികമായി തുടങ്ങിയെങ്കിലും ഈ വര്ഷം മുതല് ലോകത്തിലെ മറ്റു വേള്ഡ് മലയാളി കൗണ്സിലുകളുമായി സഹകരിച്ചു ഇറ്റലിയിലെ മറ്റു സംസ്ഥാനങ്ങളിലും കൂടുതല് ചാപ്റ്ററുകള് ആരംഭിച്ച് പ്രവര്ത്തനം വ്യാപിപ്പിക്കും.
സംഘടനയുടെ മറ്റു ഗ്ലോബൽ നേതാക്കളായ ബേബി മാത്യു സോമതീരം, മൂസ കോയ, ജോണി കുരുവിള, ഡോ. നടയ്ക്കൽ ശശി, ചാൾസ് പോൾ, സി.യു. മത്തായി, തോമസ് ചെല്ലത്ത് തുടങ്ങിയവർ റോമിലെ പുതിയ ഭാരവാഹികളെ വേള്ഡ് മലയാളി കൗണ്സിലിന്റെ ഗ്ലോബൽ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.
ജെജി മാത്യു (ചെയര്മാന്), ജോബി ആണ്ടുകുന്നേല് (പ്രസിഡന്റ്), ഷിജി ജോസഫ് (ജനറല് സെക്രട്ടറി), ഫിലിപ്പ് കുര്യാക്കോസ് (ട്രഷറര്) എന്നിവര് മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.
വൈസ് ചെയര്മാനായി ജോമോന് പത്തില്ചിറ, വൈസ് പ്രസിഡന്റായി ലിബിന് ചുങ്കത്ത്, ജോയിന്റ് സെക്രട്ടറിയായി മോബിന് വര്ഗീസും നിയമിതനായി.
രാജീവ് വേങ്ങാട്ട്, ബെന്നി ജോസഫ്, സനില് മണവാളന്, ജിനോ സി. ജോസഫ്, ബിനു പനച്ചവിള, ഡീവിന് ഡേവി എന്നിവര് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ചുമതലയേറ്റു.
വനിതകള്ക്ക് വേണ്ടിയുള്ള മറ്റൊരു കൗണ്സിലും രൂപീകരിച്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ഫെബ്രുവരിയില് ആദ്യ സമ്മേളനം റോമില് നടക്കുമെന്നും ഭാരവാഹികള് അറിയിച്ചു.
International
റോം: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
യുക്രെയ്നിലെ യുദ്ധസാഹചര്യങ്ങളെക്കുറിച്ചായിരുന്നു സംഭാഷണമെന്ന് വത്തിക്കാൻ അറിയിച്ചു.
സമാധാനത്തിനായി ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകത മാർപാപ്പ ആവർത്തിക്കുകയും നയതന്ത്ര ഇടപെടലുകൾ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പുതുക്കുകയും ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് കൂട്ടിച്ചേർത്തു.
യുദ്ധത്തടവുകാരുടെ പ്രശ്നത്തെക്കുറിച്ചും റഷ്യയുടെ കസ്റ്റഡിയിലുള്ള യുക്രേനിയൻ കുട്ടികളെ തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എടുത്തുപറഞ്ഞു.
അഞ്ചു മാസം മുന്പും സെലൻസ്കി കസ്തേൽ ഗണ്ടോൾഫോയിലെത്തി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
International
വത്തിക്കാൻ സിറ്റി: കുട്ടികളുടെ രണ്ടാമത് ആഗോളദിനത്തിന് റോം ആതിഥേയത്വം വഹിക്കും. 2026 സെപ്റ്റംബർ 25 മുതൽ 27 വരെയാണു സമ്മേളനം.
ലോകമെമ്പാടും നിന്നുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള കണ്ടുമുട്ടലിന്റെയും പ്രാർഥനയുടെയും ദിനങ്ങളായിരിക്കും സെപ്റ്റംബറിൽ നടക്കുകയെന്ന് കുട്ടികൾക്കായുള്ള ആഗോളദിനത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മിറ്റി അറിയിച്ചു.
2024 മേയ് മാസത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന കുട്ടികളുടെ പ്രഥമ ആഗോളദിനത്തിൽ 101 രാജ്യങ്ങളിൽനിന്നായി ഒരു ലക്ഷത്തിലധികം കുട്ടികൾ പങ്കെടുത്തിരുന്നു.
2026ൽ നടക്കുന്ന രണ്ടാം ആഗോളദിനത്തിലൂടെ, സമാധാനം ആഗ്രഹിക്കുന്ന ഒരു ലോകത്തിന്റെ വക്താക്കളാകാനുള്ള കുട്ടികളുടെ സ്വരം ശ്രവിക്കാനും വില മതിക്കാനുമുള്ള തങ്ങളുടെ ഉത്തരവാദിത്വം വ്യക്തമാക്കുകയാണു സഭയെന്ന് പൊന്തിഫിക്കൽ കമ്മിറ്റി വിശദീകരിച്ചു.
സമ്മേളനത്തിന്റെ പതാകയും ലോഗോയും ലെയോ പതിനാലാമൻ മാർപാപ്പ അനാച്ഛാദനം ചെയ്തു. കുരിശും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മകുടത്തിന്റെ മാതൃകയിലുള്ള ചിത്രവും ഏഴു ഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്ത് ഏഴു കാൽപ്പാടുകളും ഔദ്യോഗിക പതാകയിലുണ്ട്. വിവിധ സംസ്കാരങ്ങളെ പ്രതിനിധാനം ചെയ്തു വിവിധ വർണങ്ങളും പതാകയിലുണ്ട്.
ക്രിസ്തുവിന്റെ സഹനവും പുനരുത്ഥാനവുമാണ് കുരിശ് പ്രതിനിധാനം ചെയ്യുന്നതെന്നും ബസിലിക്കയുടെ മകുടം ലോകത്തിന്റെ എല്ലായിടങ്ങളിലുംനിന്നുള്ള കുട്ടികളെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന്റെയും, കാൽപ്പാടുകൾ കുട്ടികളുടെ നിഷ്കളങ്കതയും ആഗോളപരതയുമാണ് അനുസ്മരിപ്പിക്കുന്നതെന്നും കമ്മിറ്റി വിശദീകരിച്ചു.
NRI
റോം: റോമിലെ ഇന്ത്യൻ എംബസിയിൽ വച്ച് ഗോത്ര നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ചു. ഗോത്രങ്ങളുടെ നീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ധീരമായ പോരാട്ടത്തെ അവർ അനുസ്മരിച്ചു.
ബിർസയുടെ പാരമ്പര്യത്തെയും ജീവിതത്തെയും ആദരിക്കാൻ ഇന്ത്യൻ അംബാസഡർ ആഹ്വാനം ചെയ്തു. റോമിലെ ഓൾ ഇന്ത്യ ട്രൈബൽ കമ്യൂണിറ്റി വീർ ബിർസ മുണ്ടയുടെ ജന്മവാർഷികം ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവുവിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
ഭഗവാൻ ബിർസ മുണ്ടയുടെ ജീവിതം ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററി സിനിമയുടെ അവതരണത്തോടെയാണ് പരിപാടി ആരംഭിച്ചത്, അത് എല്ലാവരെയും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഓർമിപ്പിക്കുകയും ഭക്തി വികാരങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്തു.
1875 നവംബർ 15ന് റാഞ്ചി ജില്ലയിലെ ഉലിഹാട്ടു ഗ്രാമത്തിലാണ് ബിർസ മുണ്ട ജനിച്ചത്. ബ്രിട്ടിഷ് അടിച്ചേൽപ്പിച്ച ജമീന്ദാരി (ഭൂവുടമ) സംവിധാനങ്ങൾക്കെതിരേയും വനങ്ങളും ഭൂമിയും സംരക്ഷിക്കുന്നതിനുമായി അദ്ദേഹം ഒരു പ്രസ്ഥാനത്തിന് നേതൃത്വം നൽകി.
ഗോത്രങ്ങളുടെ അന്തസ്, സ്വാതന്ത്ര്യം, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനുള്ള ഒരു പോരാട്ടമായിരുന്നു ഇത്. ഇന്ത്യയുടെ ഗോത്ര പ്രസ്ഥാനങ്ങളുടെ മഹാനായ നേതാവായ ബിർസ മുണ്ടയെ ഗോത്ര ജനതയ്ക്കിടയിൽ മാത്രമല്ല, ലോകമെമ്പാടും പോരാട്ട നേതാവായി ഇപ്പോഴും കണക്കാക്കുന്നു.
"ബിർസ മുണ്ടയുടെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് റോമിലെ ഇന്ത്യൻ അംബാസഡർ വാണി റാവു പറഞ്ഞു. "ഗോത്ര ഭൂമിയെ കെെയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുക, ഗോത്ര പാരമ്പര്യങ്ങളും സംസ്കാരവും പുനരുജ്ജീവിപ്പിക്കുക, ചൂഷണത്തിൽ നിന്നും വിവേചനത്തിൽ നിന്നും മുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നിവയായിരുന്നു ബിർസ മുണ്ടയുടെ പ്രധാന പ്രവർത്തനം. " മുണ്ട ഗോത്ര സമൂഹത്തിന്റെ ഉന്നമനമാണ് ആഗ്രഹിച്ചതെന്ന് അവർ അനുസ്മരിച്ചു, അവരിൽ നിന്നാണ് ഇന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
District News
കൊല്ലം: വിശുദ്ധനഗരമായ വത്തിക്കാനിൽ കൊല്ലം രൂപത കെആർഎൽസിസി അംഗമായ ജയിൻ ആൻസിൽ ഫ്രാൻസീസിന്റെ അവൾക്കുവേണ്ടിയുള്ള വിചാരങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു.
കൊല്ലം രൂപതയിൽനിന്നു വിശുദ്ധ നാട്ടിലെത്തിയ തീർഥാടക സംഘത്തിന്റെ സാന്നിധ്യത്തിൽ കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി രൂപത വികാരി ജനറാൾ റവ.ഡോ. ബൈജു ജൂലിയനുനൽകിയാണ് പ്രകാശനം നിർവഹിച്ചത്.
മോൺ. ജോർജ് മാത്യു, കൊല്ലം ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സിൽവി ആന്റണി, ഫാ. ബിജു ജോസഫ്, ഫാ. നിജേഷ് ഗോമസ് തുടങ്ങിയവർ പ്രസംഗിച്ചു. വി.ടി. കുരീപ്പുഴയുടെ സ്ഥിതി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Leader Page
ആഗോള മിഷൻ ഞായറായ ഇന്ന് സാർവത്രികസഭയിൽ ഏഴുപേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിക്കും. ആർച്ച്ബിഷപ് ഉൾപ്പെടെ രണ്ടു രക്തസാക്ഷികൾ, മൂന്ന് അല്മായർ, രണ്ട് സന്യാസിനീസമൂഹങ്ങളുടെ സ്ഥാപകർ എന്നിവരാണ് വിശുദ്ധിയുടെ മകുടം ചൂടിയിരിക്കുന്നത്. പ്രാദേശികസമയം ഇന്നു രാവിലെ 10.30ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിലാണ് തിരുക്കർമങ്ങൾ.
തുർക്കിയിൽനിന്നുള്ള അർമേനിയൻ കത്തോലിക്കാ ബിഷപ് ഇഗ്നേഷ്യസ് മലോയൻ, ഇറ്റലിയിൽനിന്നുള്ള സിസ്റ്റർ മരിയ ട്രോങ്കാറ്റി, സിസ്റ്റർ വിസെന്റ മരിയ പൊളോണി, അല്മായനായ ബർത്തോലോ ലോംഗോ, വെനസ്വേലയിൽനിന്നുള്ള സിസ്റ്റർ മരിയ ദെൽ മോന്തെ കാർമെലോ റെൻഡിൽസ് മാർട്ടിനെസ്, അല്മായനായ ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്, പാപ്പുവ ന്യൂഗിനിയയിൽനിന്നുള്ള അല്മായൻ പെദ്രോ ടു റോട്ട് എന്നിവരാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നത്. രാജ്യത്തുനിന്ന് ഇതാദ്യമായി ഒരാൾ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നതിന്റെ ആഘോഷത്തിമിർപ്പിലാണ് ഓഷ്യാനിയൻ രാജ്യമായ പാപ്പുവ ന്യൂഗിനിയയെങ്കിൽ രണ്ട് വിശുദ്ധരെ ലഭിച്ചതിന്റെ നിർവൃതിയിലാണ് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേല. ഏഴുപേരുടെയും വിശുദ്ധപദവിക്ക് അംഗീകാരം നൽകിയത് ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയാണ്.
ആർച്ച്ബിഷപ് ഇഗ്നേഷ്യസ് മലോയൻ
വിശ്വാസത്തിനുവേണ്ടി രക്ഷസാക്ഷിത്വം വഹിച്ച പുണ്യാത്മാവാണ് തുർക്കിയിലെ കൽദായ രൂപതയായ അമിദയിലെ ആർച്ച്ബിഷപ്പായിരുന്ന ഇഗ്നേഷ്യസ് മലോയൻ. 1869ൽ ഇന്നത്തെ തുർക്കിയിൽപ്പെട്ട മാർദിനിലാണ് ജനനം. 1896ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1910 വരെ അലക്സാൺഡ്രിയയിലും കയ്റോയിലും വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്തു. 1911 ഒക്ടോബർ 22ന് മാർദിൻ അതിരൂപതയുടെ ആർച്ച്ബിഷപ്പായി.
1914 മുതൽ ഒന്നാം ലോകമഹായുദ്ധസമയത്ത്, ഓട്ടോമൻ തുർക്കി സാമ്രാജ്യം അർമേനിയൻ ജനതയെ നിർബന്ധിതമായി നാടുകടത്തുകയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അവരിൽ ഭൂരിഭാഗവും കത്തോലിക്കരായിരുന്നു. ഇതു ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായി. 1915 ജൂൺ മൂന്നിന് ബിഷപ് ഇഗ്നേഷ്യസ് മലോയനെ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോൾ അദ്ദേഹത്തെ വധിച്ചു. 2001 ഒക്ടോബർ ഏഴിന് ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശ്വാസത്തിനുവേണ്ടിയുള്ള രക്തസാക്ഷിത്വത്തിന്റെ കാര്യത്തിൽ അനുവദനീയമായതുപോലെ, ഒരു അത്ഭുതത്തിന്റെയും ആവശ്യമില്ലാതെ കഴിഞ്ഞ മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ വിശുദ്ധപദവി അംഗീകരിച്ചു.
പീറ്റർ റ്റു റോട്ട്

പാപ്പുവ ന്യൂഗിനിയയിലെ മതപ്രബോധകനായിരുന്നു പീറ്റർ റ്റു റോട്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് 1940ൽ ജപ്പാൻ സൈന്യം രാജ്യം പിടിച്ചടക്കിയതോടെ അവർ ബഹുഭാര്യാത്വം നിയമം മൂലം നടപ്പിലാക്കാൻ തീരുമാനിച്ചു. ഇതിനെതിരേ പീറ്റർ റ്റു റോട്ട് പ്രതിഷേധിച്ചു. കാരണം വിവാഹവും ദാമ്പത്യജീവിതവും ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിൽ മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു, അതിനായി വാദിച്ചു. അതിന് അദ്ദേഹത്തിന് തന്റെ ജീവൻ പോലും ത്യജിക്കേണ്ടിവന്നു. മതപരമായ എല്ലാ പ്രവർത്തനങ്ങളും സൈന്യം നിരോധിച്ചെങ്കിലും തന്റെ പ്രബോധനം തുടർന്ന പീറ്ററിനെ പിടികൂടിയ സൈന്യം വുനയറയിലെ ഒരു കോൺസൻട്രേഷൻ ക്യാമ്പിൽ തടവിലാക്കി. പിന്നീട് 1945 ജൂലൈ ഏഴിന് വിഷം കുത്തിവച്ച് കൊലപ്പെടുത്തി. കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന് 33 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. 1995 ജനുവരി 17ന് ജോൺപോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ബർത്തോലോ ലോംഗോ

‘ജപമാലയുടെ അപ്പസ്തോലൻ’ എന്നാണ് വാഴ്ത്തപ്പെട്ട ബർത്തോലോ ലോംഗോ അറിയപ്പെടുന്നത്. സാത്താൻ ആരാധകനിൽനിന്ന് ജപമാലയുടെ അപ്പസ്തോലനായി ഉയർത്തപ്പെട്ട വ്യക്തിയാണ് അദ്ദേഹം. കത്തോലിക്കാ കുടുംബത്തിൽ ജനിച്ച ലോംഗോ 1860കളിൽ നേപ്പിൾസിൽ നിയമപഠനത്തിനിടെ വിശ്വാസത്തിൽനിന്ന് അകന്നു. പിന്നീട് സാത്താൻ സേവയിൽ ആകൃഷ്ടനായി. കുടുംബാംഗങ്ങളുടെ പ്രാർഥനയും സുഹൃത്തുക്കളായ പ്രഫ. വിൻചെൻസോ പെപ്പെയുടെയും ഡൊമിനിക്കൻ വൈദികനായ ഫാ. ആൽബെർത്തോ റാഡെന്റെയുടെയും സ്വാധീനവും വഴി അദ്ദേഹം തന്റെ പഴയ ജീവിതം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസത്തിലേക്കു മടങ്ങി. പിന്നാലെ ജപമാലയുടെ അപ്പസ്തോലനായി മാറി.
പ്രസിദ്ധമായ മരിയൻ തീർഥാടനകേന്ദ്രമായ ഇറ്റലിയിലെ പോംപൈയിലെ ചർച്ച് ഓഫ് ദ റോസറിയുടെ സ്ഥാപകനാണ് വാഴ്ത്തപ്പെട്ട ബർത്തോലോ. ആത്മീയപ്രവർത്തനങ്ങൾക്കു പുറമെ സാമൂഹ്യനീതിക്കുവേണ്ടി പോരാടിയ വ്യക്തിയുമായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി തടവുകാരുടെ മക്കൾക്കുവേണ്ടി സ്കൂളുകൾ, അഗതിമന്ദിരങ്ങൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവ അദ്ദേഹം ആരംഭിച്ചു. 1926 ഒക്ടോബർ അഞ്ചിന് അന്തരിച്ചു. 1980ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്

വെനസ്വേലയിലെ ‘പാവങ്ങളുടെ ഡോക്ടർ’ എന്നാണ് ഡോ. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് അറിയപ്പെടുന്നത്. തലസ്ഥാനമായ കാരക്കാസിലെ യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പഠിച്ച അദ്ദേഹം 1889ൽ പാരീസിൽ ഉപരിപഠനവും നടത്തി. പിന്നീട് മാതൃരാജ്യത്തു തിരിച്ചെത്തിയ അദ്ദേഹം കാരക്കാസിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രഫസറായി. ക്ലാസെടുക്കുന്നതിനുമുന്പ് നടത്തിവന്ന പ്രാർഥന അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
മരുന്ന് വാങ്ങാൻ പണമില്ലാതിരുന്ന പാവങ്ങൾക്ക് സൗജന്യമായി ചികിത്സയും മരുന്നും നൽകിയിരുന്നു. ആശുപത്രിയിൽ പോകാൻ കഴിയാത്തവരെ വീട്ടിൽ പോയി സൗജന്യമായി ശുശ്രൂഷിക്കുകയും ചെയ്തു. ഇതോടെ പാവങ്ങൾക്കിടയിൽ അദ്ദേഹം ഏറെ പ്രിയപ്പെട്ട ഡോക്ടറായി മാറി.
വൈദികനാകാൻ അതിയായി ആഗ്രഹിക്കുകയും 1909ലും 1913ലും സെമിനാരിയിൽ ചേരുകയും ചെയ്തെങ്കിലും അനാരോഗ്യം മൂലം രണ്ടു തവണയും തിരികെപ്പോരേണ്ടിവന്നു. 1918ലെ സ്പാനിഷ് ഇൻഫ്ലുവൻസയിൽ വലഞ്ഞ സാധാരണക്കാർക്ക് ചികിത്സയും മറ്റും നൽകുന്നതിൽ കൈമെയ് മറന്നു പരിശ്രമിച്ചു.
ഗ്രാമത്തിലെ പാവപ്പെട്ട ഒരു സ്ത്രീയെ ശുശ്രൂഷിക്കാൻ പോകവേ 1919 ജൂൺ 29ന് അദ്ദേഹം ഒരു വാഹനാപകടത്തിൽ മരിച്ചു. മരണശേഷം ധാരാളമാളുകൾ രോഗസൗഖ്യത്തിനായി അദ്ദേഹത്തിന്റെ കല്ലറയിൽ വന്നു പ്രാർഥിക്കാൻ തുടങ്ങി. 1975ൽ കാരക്കാസ് അതിരൂപത അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ സെമിത്തേരിയിൽനിന്നു മാറ്റി നഗരമധ്യത്തിലുള്ള ഒരു പള്ളിയിൽ സൂക്ഷിക്കുകയും ചെയ്തു. 2021 ഏപ്രിൽ 30ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
സിസ്റ്റർ മരിയ ട്രോങ്കാറ്റി

ഇറ്റാലിയൻ പ്രവിശ്യയായ ബ്രെഷ്യയിലെ കോർത്തെനോ ഗോൾഗിയിൽ ജനിച്ച സിസ്റ്റർ മരിയ ട്രോങ്കാറ്റി സലേഷ്യൻ സിസ്റ്റേഴ്സ് ഓഫ് ഡോൺബോസ്കോ സന്യാസിനീ സമൂഹാംഗമാണ്. ഒന്നാം ലോകയുദ്ധകാലത്ത് സൈനിക ആശുപത്രിയിൽ റെഡ്ക്രോസ് നഴ്സായി ശുശ്രൂഷ ചെയ്തു. പിന്നീട് മെഡിസിൻ പഠനം പൂർത്തിയാക്കി. 1925ൽ ഇക്വഡോറിൽ മിഷൻ പ്രവർത്തനത്തിനായി പോയി. 44 വർഷത്തോളം അവിടെ മിഷണറിയായിരുന്ന സിസ്റ്റർ തദ്ദേശീയർക്കിടയിൽ മാഡ്രെസിറ്റ അഥവാ ലിറ്റിൽ മദർ എന്നാണ് അറിയപ്പെട്ടിരുന്നത്.
ആതുരശുശ്രൂഷയ്ക്കൊപ്പം പാവങ്ങൾക്കിടയിൽ വചനം പങ്കുവയ്ക്കാനും സിസ്റ്റർ മരിയ ട്രോങ്കാറ്റി സമയം കണ്ടെത്തി. 1969 ഓഗസ്റ്റ് 25-ാം വയസിൽ വിമാനാപകടത്തിലാണു മരിച്ചത്. ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്നത് ഇക്വഡോറിലെ സുക്കുവയിലാണ്. 2012ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
സിസ്റ്റർ വിൻചെൻസ മരിയ പൊളോണി

സിസ്റ്റർ വിൻചെൻസ മരിയ പൊളോണി 1802ൽ ഇറ്റലിയിലെ വെറോണയിൽ ജനിച്ചു. പാവങ്ങളെയും രോഗികളെയും വൃദ്ധരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സേവിക്കുന്നതിനായി 1848 സെപ്റ്റംബർ പത്തിന് കോൺഗ്രിഗേഷൻ ഓഫ് മേഴ്സി ഓഫ് വെറോണ സന്യാസിനീ സമൂഹം സ്ഥാപിച്ചു.
1836ൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ എമർജൻസി വാർഡുകളിൽ ഉറക്കംപോലും ഉപേക്ഷിച്ച് ശുശ്രൂഷ ചെയ്തു. 1855 നവംബർ 11ന് ട്യൂമർ ബാധിച്ചു മരിച്ചു. 2025 ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പ അവരുടെ മധ്യസ്ഥതയാൽ നടന്ന അത്ഭുതത്തിന് അംഗീകാരം നൽകി. 2008ലാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത്.
മരിയ ദെൽ മോന്തെ കാർമെലോ റെൻഡൈൽസ് മാർട്ടിനെസ്

‘മദർ കാർമെൻ റെൻഡൈൽസ്’ എന്നറിയപ്പെടുന്ന മരിയ ദെൽ മോന്തെ കാർമെലോ റെൻഡൈൽസ് മാർട്ടിനെസ് 1903ൽ വെനസ്വേലയിലെ കാരക്കാസിൽ ജനിച്ചു. ഇടതുകൈ ഇല്ലാതെ ജനിച്ച സിസ്റ്റർ പിന്നീട് കൃത്രിമ കൈയുടെ സഹായത്തോടെയാണു ജീവിച്ചത്. 1965ൽ സെർവെന്റ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം സ്ഥാപിച്ചു. 1977ൽ മരിച്ചു. കഴിഞ്ഞ മാർച്ചിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നതിന് അംഗീകാരം ലഭിച്ചു. വെനസ്വേലയിൽനിന്നുള്ള ആദ്യവിശുദ്ധയാണ്.
Leader Page
സ്നേഹത്തെക്കുറിച്ച് ലോകചരിത്രത്തിൽ ഏറ്റവും ശക്തമായും ആധികാരികമായും തീവ്രമായും എക്കാലവും സംസാരിച്ചിട്ടുള്ളത് കത്തോലിക്കാ സഭയാണ്. മനുഷ്യജീവിതത്തെ മതവർഗീയതയും ജാതിസ്പർധകളും വിഘടനവാദവും വർഗസമരങ്ങളും ഭീകരവാദങ്ങളുമൊക്കെ നിരന്തരം സങ്കീർണമാക്കുമ്പോൾ മിശിഹായുടെ സഭ ലോകത്തിന് പരിചയപ്പെടുത്തുന്നത് ശത്രുക്കളെപോലും സ്നേഹിക്കാൻ ആവശ്യപ്പെടുന്ന ആഴമേറിയ സ്നേഹത്തിന്റെ ‘തീവ്രവാദ’മാണ്. ദരിദ്രരോടുള്ള പരിഗണനയും മാറ്റിനിർത്തപ്പെട്ടവരോടുള്ള പക്ഷം ചേരലും ക്രൈസ്തവ സ്നേഹത്തിന്റെ പ്രകടമായ ധാർമിക ദൗത്യമാണെന്ന് ഒരിക്കൽകൂടി പ്രഖ്യാപിക്കുകയാണ് ‘ദിലക്സി തേ’ (DILEXI TE) ‘ഞാൻ നിന്നെ സ്നേഹിച്ചു’ എന്ന അപ്പസ്തോലിക പ്രബോധനം.
ഫ്രാൻസിസും ലെയോയും
പ്രബോധനത്തിന്റെ സുന്ദരമായ ഒരു തുടർച്ചയാണ് ലെയോ പതിനാലാമൻ മാർപാപ്പയിലേക്കു നടക്കുന്നതെന്ന് തോന്നും. ബെനഡിക്ട് മാർപാപ്പ പൂർത്തിയാക്കാതെ പോയ ‘ലൂമെൻ ഫിദേയി’ പൂർത്തീകരിച്ചുകൊണ്ട് തന്റെ പ്രഥമാചാര്യദൗത്യം ആരംഭിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൂർത്തീകരിക്കപ്പെടാത്ത ‘ദിലക്സി തേ’ പൂർത്തിയാക്കി പ്രസിദ്ധീകരിച്ചുകൊണ്ടാണ് പിൻഗാമിയായ ലെയോ മാർപാപ്പ തന്റെ ഔദ്യോഗിക പ്രബോധന ദൗത്യം സമാരംഭിക്കുന്നതെന്നത് ശ്ലൈഹിക പിന്തുടർച്ചയുടെ മനോഹരമായ ദൃശ്യമാണ്. അസീസിയിലെ ഫ്രാൻസിസിന്റെ ആധ്യാത്മികപാത പിന്തുടർന്ന് ദൈവത്തിന്റെ മഹാകാരുണ്യത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും നിരന്തരം പഠിപ്പിച്ച ഫ്രാൻസിസ് പാപ്പായുടെ ‘സ്നേഹപ്രബോധന’ത്തിന്റെ ആദ്യഭാഗമായിരുന്നു ‘ദിലെക്സിത്ത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) എന്ന ദൈവസ്നേഹ കേന്ദ്രീകൃതമായ ചാക്രിക ലേഖനം. അതിന്റെ രണ്ടാം ഭാഗമെന്നോണമാണ് സാമൂഹിക സ്വഭാവമുള്ള മനുഷ്യസ്നേഹത്തെക്കുറിച്ചുള്ള ‘ദിലക്സി തേ’ എന്ന അപ്പസ്തോലിക പ്രബോധനം അസീസിയിലെ ഫ്രാൻസിസിന്റെ സന്തതസഹചാരിയായിരുന്ന ലെയോയെ അനുസ്മരിപ്പിക്കുംവിധം ഇപ്പോൾ ലെയോ മാർപാപ്പ പ്രസിദ്ധീകരിക്കുന്നത്. ബെനഡിക്ട് പാപ്പായുടെ പ്രബോധകമനസും ഫ്രാൻസിസ് പാപ്പായുടെ ഹൃദയവുമാണ് ലെയോ പതിനാറാമൻ മാർപാപ്പയുടെതെന്ന് വീണ്ടും തോന്നിപ്പിക്കുകയാണ് ‘ദിലക്സി തേ’.
വെളിപാട് പുസ്തകത്തിലെ ശ്രദ്ധേയമായ ഒരു സ്നേഹപ്രഖ്യാപനമാണ് ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ പേരായി മാറുന്നത്. ദുർബലവും ദരിദ്രവുമായ ഫിലാദൽഫിയിലെ സഭയോട് മിശിഹാ അരുൾ ചെയ്യുന്ന വാക്കുകളാണിത് (3.9). വിശ്വാസത്തിനും നീതിക്കുംവേണ്ടി സഹനമേറ്റെടുക്കുകയും തന്റേതല്ലാത്ത കുറ്റത്താൽ ദരിദ്രരായിരിക്കുകയും ചെയ്യുന്നവരോടുള്ള മിശിഹായുടെ സ്നേഹമാണ് തിരുസഭ പ്രഖ്യാപിക്കുന്നത്.
ദരിദ്രരുടെ നിലവിളി
ദരിദ്രരുടെ അവസ്ഥ തന്നെയാണ് അവരുടെ നിലവിളി. ആ നിലവിളി മനുഷ്യ ചരിത്രത്തിൽ ഉടനീളം നമ്മുടെ ജീവിതത്തെയും സാമൂഹിക വ്യവസ്ഥയെയും രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങളെയും, സഭയെ തന്നെയും നിരന്തരം വെല്ലുവിളിക്കുന്നുണ്ടെന്ന് പാപ്പാ ഓർമിപ്പിക്കുന്നു. ദരിദ്രന്റെ മുറിവേൽപ്പിക്കപ്പെട്ട മുഖത്ത് നാം കാണുന്നത് നിരപരാധിയുടെ സഹനമാണ്, അത് മിശിഹായുടെതന്നെ സഹനമാണ്. അതേസമയംതന്നെ ദാരിദ്ര്യം ഒരു ബഹുമുഖ പ്രതിഭാസമാണെന്നും അത് ഭൗതിക വസ്തുക്കളുടെ ഇല്ലായ്മ മാത്രമല്ലെന്നും പാപ്പാ നിരീക്ഷിക്കുന്നു. തങ്ങളുടെ മഹത്വത്തിനും സാധ്യതകൾക്കും ശബ്ദം നൽകാൻ കഴിയാതെപോകുന്ന സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥയും ദാരിദ്ര്യം തന്നെയാണ്. രോഗികൾ ആരോഗ്യത്തിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവരും അന്യായമായി തടവിൽ കഴിയുന്നവർ സ്വാതന്ത്ര്യത്തിന്റെ ദാരിദ്ര്യം അനുഭവിക്കുന്നവരുമാണ്. ധാർമികവും ആധ്യാത്മികവുമായ ദാരിദ്ര്യവും സാംസ്കാരിക ദാരിദ്ര്യവും വ്യക്തിപരവും സാമൂഹികവുമായ ദുർബലതയുടെ ദാരിദ്ര്യവും അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതിരിക്കുന്നതിന്റെ ദാരിദ്ര്യവും സാമ്പത്തിക ദാരിദ്ര്യത്തേക്കാൾ കൂടുതൽ ഗൗരവമായ പരിഗണന അർഹിക്കുന്നതാണ്. സാമൂഹിക-സാമ്പത്തിക അസമത്വങ്ങളും ചൂഷണ സംവിധാനങ്ങളും ദാരിദ്ര്യത്തിന്റെ കൂടുതൽ വികൃതമായ മുഖങ്ങളാണ്. ലോകരാഷ്ട്രങ്ങളും രാജ്യാന്തര സംവിധാനങ്ങളും പലപ്പോഴും ദാരിദ്ര്യത്തെ ഒരു സാമ്പത്തിക യാഥാർഥ്യം മാത്രമായി അവതരിപ്പിക്കുന്നുണ്ട്. മനുഷ്യവ്യക്തിയുടെ മഹത്വത്തെ അതിന്റെ സമഗ്രതയിൽ പരിഗണിക്കാതെ നടത്തുന്ന എല്ലാ ദാരിദ്ര്യനിർമാർജന പ്രയത്നങ്ങളും അർഥശൂന്യമാണ് എന്ന് പാപ്പാ ഓർമിപ്പിക്കുന്നു.
ദരിദ്രരോടുള്ള ഐക്യദാർഢ്യം
ദരിദ്രരോടുള്ള പ്രതിബദ്ധത നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത് മാനവ സാംസ്കാരിക തലത്തിൽതന്നെ മാറ്റം വരുത്താൻ കഴിയുന്ന മനോഭാവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും മാറ്റമാണ്. ആധുനികലോകത്തിൽ ദാരിദ്ര്യം അത്രവലിയ പ്രശ്നമല്ല എന്ന് കണക്കുകൾ അവതരിപ്പിച്ച് വ്യാഖ്യാനിക്കുന്നവരുണ്ട്. പൊതുവിൽ സമ്പത്ത് വർധിച്ചിട്ടുണ്ട്, പക്ഷേ അതോടൊപ്പം അസമത്വവും വർധിച്ചു. ആധുനിക ലോകത്തിൽ പുതിയ തരത്തിലുള്ള ദാരിദ്ര്യമാണ് ആവിര്ഭവിക്കുന്നതും വളരുന്നതും. ഒരുകാലത്ത് വൈദ്യുതി കടന്നുചെല്ലാത്ത ഇടങ്ങളെ ദരിദ്രമായി കണക്കാക്കിയിരുന്നെങ്കിൽ ഇന്ന് അതത്ര പ്രസക്തമല്ല. ദാരിദ്ര്യത്തെ കാലികമായി വ്യാഖ്യാനിക്കേണ്ടതുണ്ട്. ആനുപാതികവും യഥാർഥവുമായ അവസരങ്ങളുടെ ലഭ്യതയുമായും മനുഷ്യന്റെ സമഗ്രവികാസ സാധ്യതയുമായി കൂട്ടിച്ചേർത്തു വേണം ഓരോ കാലഘട്ടത്തിലും ദാരിദ്ര്യത്തെ അളക്കാൻ. ദാരിദ്ര്യത്തെ വിലയിരുത്തുന്നതിന്റെ പിറകിലുണ്ടാകേണ്ട ദാർശനിക വീക്ഷണമാണ് മാർപാപ്പ മുന്നോട്ടു വയ്ക്കുന്നത്. അനുഭാവപൂർണമായി ദരിദ്രരെയും ദാരിദ്ര്യത്തെയും മനസിലാക്കാൻ ഈ പുതിയ വീക്ഷണം ആവശ്യമുണ്ട്.
ദൈവം ദരിദ്രരെ തെരഞ്ഞെടുക്കുന്നു!
ദൈവം തെരഞ്ഞെടുക്കുന്നത് ദരിദ്രരെയാണെന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു. ദരിദ്രരെ തെരഞ്ഞെടുക്കുന്നു എന്നതിന് ദൈവം മറ്റുള്ളവരെ മാറ്റി നിർത്തുന്നു എന്ന് അർഥമില്ല. ഭൗതികദാരിദ്ര്യം ദൈവം വിലമതിക്കുന്ന ഒരു പുണ്യമായി തിരുസഭ കണക്കാക്കുന്നുമില്ല. ദൈവം ആരെയും ദരിദ്രരാക്കുകയോ ആരെങ്കിലും ദരിദ്രരാകണമെന്ന് ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. വിശുദ്ധ ഗ്രന്ഥത്തിലുടനീളം കാണുന്ന ദരിദ്രരോടുള്ള ദൈവത്തിന്റെ മമത അവരുടെ സമ്പത്തില്ലായ്മയോടുള്ള സ്നേഹമല്ല; പകരം, അവർ അനുഭവിക്കുന്ന അനീതിയിലും ചൂഷണത്തിലും ദൈവത്തിന് പങ്കില്ല എന്ന് ലോകത്തെ ഓർമിപ്പിക്കുന്നതാണ്. ദൈവം നൽകിയ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ച് മനുഷ്യൻതന്നെ തന്റെ സഹജീവികളോട് ചെയ്യുന്ന അനീതിയോടും ചൂഷണത്തോടുമുള്ള ദൈവത്തിന്റെ എതിർപ്പാണ് ഈ പക്ഷംചേരലിന്റെ അടിസ്ഥാനം. അതിന്റെ പ്രകടമായ പ്രഖ്യാപനമായിരുന്നു ഈശോ തന്റെ ജനനത്തിലും പരസ്യജീവിതത്തിലും സ്വീകരിച്ച ദാരിദ്ര്യവും ദരിദ്രരോടുള്ള സഹവാസവും. ഞാൻ ‘നിന്നെ സ്നേഹിച്ചു’ എന്ന് അവിടുന്ന് ദരിദ്രരോട് അരുൾ ചെയ്യാനുള്ള കാരണവും ഇതാണ്.
ദരിദ്രരോടുള്ള സ്നേഹം അടിസ്ഥാനപരമായി അവർക്കു നൽകുന്ന പരിഗണനയും മഹത്വവുമാണ്, അല്ലാതെ നാം പലപ്പോഴും കരുതുന്നതുപോലെ ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങൾ മാത്രമല്ല. ദരിദ്രർക്ക് നാം നൽകുന്ന പരിഗണനയും മഹത്വവുമാണ് ദരിദ്രരെ പരിഗണിക്കുന്ന ദൈവത്തോടുള്ള നമ്മുടെ സ്നേഹം. അതുകൊണ്ട് ദരിദ്രരെ സ്നേഹിക്കാത്ത, പരിഗണിക്കുകയും വിലമതിക്കുകയും ചെയ്യാത്ത ആരും ദൈവത്തെ സ്നേഹിക്കുന്നില്ല എന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു.
യഥാർഥ സമ്പത്ത്
യഥാർഥ സമ്പത്തിനെക്കുറിച്ചുള്ള ശരിയായധാരണയിൽനിന്നു മാത്രമേ ദാരിദ്ര്യത്തെക്കുറിച്ച് അർഥപൂർണമായി സംസാരിക്കാൻ കഴിയുകയുള്ളൂ എന്ന് ഈ പ്രബോധനരേഖ നമ്മെ ഓർമിപ്പിക്കുന്നുണ്ട്. യഥാർഥ സമ്പത്ത് പണമോ അധികാരമോ വസ്തുവകകളോ അല്ല എന്ന തിരിച്ചറിവാണ് മാർപാപ്പ ലോകത്തിനു നൽകാൻ ആഗ്രഹിക്കുന്നത്. യഥാർഥ സമ്പത്ത് ദൈവംതന്നെയാണ്. ദൈവത്തോട് ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യന്റെ ആത്മാവും വ്യക്തിത്വവും വലിയ സമ്പത്താണ്. വിശുദ്ധിയും നൈർമല്യവും അതിലധിഷ്ഠിതമായ കൂട്ടായ്മയുടെ ബന്ധവും മനുഷ്യവംശത്തിന്റെ ശ്രേഷ്ഠമായ സമ്പത്തായി പരിഗണിക്കപ്പെടണം. സഭ എക്കാലവും ഏർപ്പെടേണ്ട ദാരിദ്ര്യനിർമാർജന പ്രവൃത്തികൾ വെറും സാമ്പത്തിക പരിഹാരപ്രവൃത്തികൾ മാത്രമായി ചുരുങ്ങിപ്പോകരുത്. യഥാർഥ സമ്പത്തായ ദൈവവും മനുഷ്യവ്യക്തിയുടെ മഹത്വവും വിലമതിക്കപ്പെടുന്ന ആധ്യാത്മിക സ്വഭാവമുള്ള ഒരു സാമൂഹിക സാമ്പത്തിക ലോകത്തെ പടുത്തുയർത്താനുള്ള ക്ഷണമാണ് ‘ദിലക്സി തേ’ എന്ന അപ്പസ്തോലിക പ്രബോധനം. അതുതന്നെയായിരിക്കും സഭയ്ക്ക് ലോകത്തിന് നൽകാവുന്ന യഥാർഥമായ സ്നേഹത്തിന്റെ പ്രകടനവും പ്രഖ്യാപനവും.
ദാരിദ്ര്യത്തെക്കുറിച്ചും ദരിദ്രരെക്കുറിച്ചുമുള്ള ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ മനോഹാരിതയും വ്യതിരക്തതയും അത് സുവിശേഷ മൂല്യങ്ങൾക്ക്, പ്രത്യേകിച്ച് സുവിശേഷാത്മക ദാരിദ്ര്യത്തിന് കൊടുക്കുന്ന ഊന്നലാണ്. അതിന്റെ അഭാവത്തിൽ ഒരുപക്ഷേ ഈ പ്രബോധന രേഖ തീർത്തും ഭൗതിക വീക്ഷണങ്ങളായി അവസാനിച്ചേനെ. തിരുസഭ വെറും ഭൗതിക ദാരിദ്ര്യനിർമാർജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയല്ലെന്നും, ദാരിദ്ര്യത്തിന്റെ ആധ്യാത്മികവും ധാർമികവുമായ വിഷയങ്ങളാണ് തിരുസഭയുടെ അടിസ്ഥാന പരിഗണന എന്നും മാർപാപ്പയുടെ വാക്കുകളിൽനിന്നു വ്യക്തമാണ്. സമ്പത്തും ദാരിദ്ര്യവുമായി ബന്ധപ്പെട്ട കണക്കുകളെക്കാൾ ഈ പ്രബോധന രേഖ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് വിശുദ്ധ ഗ്രന്ഥ പ്രബോധനങ്ങളും സഭാപിതാക്കന്മാരുടെ വാക്കുകളും സന്യാസ സമൂഹങ്ങളുടെ ജീവിത മാതൃകകളും ഒക്കെയാണ്. ഒരു സാമൂഹിക സാമ്പത്തിക വിശകലനത്തേക്കാൾ സൈദ്ധാന്തികവും പ്രബോധനാത്മകവുമാണ് ലെയോ പാപ്പായുടെ ‘ദിലക്സി തേ’.
ദരിദ്രർക്കായുള്ള മിശിഹായുടെ സഭ
‘ദരിദ്രർക്കായി നിലകൊള്ളുന്ന സഭ’ എന്നാണ് മൂന്നാം അധ്യായത്തിന്റെ ശീർഷകം തന്നെ. തിരുസഭ ഈശോമിശിഹായുടെ തുടർച്ചയാകയാൽ അടിസ്ഥാനപരമായി ദരിദ്രർക്കായി നിലകൊള്ളുന്ന സഭയാണെന്ന് പാപ്പാ പ്രഖ്യാപിക്കുന്നു. ഇത് കത്തോലിക്കാ സഭയുടെ നയപ്രഖ്യാപനമാണ്. സമ്പന്നരും പ്രബലരും അധികമില്ലാതിരുന്ന ആദിമസഭ പക്ഷേ, പങ്കുവയ്ക്കാനും പൊതുവായി കരുതാനുമുള്ള മനോഭാവത്തിൽ സമ്പന്നമായിരുന്നു. തിരുസഭയുടെ യഥാർഥ സമ്പത്ത് ഈ മനോഭാവമായിരിക്കണമെന്ന് ദൈവമാഗ്രഹിക്കുന്നു. സഭാപിതാക്കന്മാർ ആവർത്തിച്ച് പഠിപ്പിക്കുകയും വിശുദ്ധർ ജീവിക്കുകയും സന്യാസ സമൂഹങ്ങൾ സാക്ഷ്യം നൽകുകയും ചെയ്ത സഭ, സമ്പത്തിന്റെ സ്നേഹപൂർണമായ പങ്കുവയ്ക്കലിന്റെയും ഭൗതികവസ്തുക്കളുടെ പൊതുവായ കരുതലിന്റെയും സഭയാണ്. ‘അവർ തങ്ങൾക്കുള്ളതെല്ലാം പൊതുവായി കരുതി’ എന്നും ‘അവരുടെ ഇടയിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല’ എന്നും ആദിമസഭയെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (അപ്പ. 4.32-34). ഈ ചൈതന്യമാണ് സഭയുടെ വ്യക്തിത്വം എന്ന് പാപ്പാ ഉറപ്പിച്ച് പഠിപ്പിക്കുന്നു.
സുഖസമ്പുഷ്ടമായ ജീവിതത്തിൽനിന്ന് ഉത്ഭവിക്കുന്ന സന്തോഷത്തിന്റെ മിഥ്യാബോധം പലപ്പോഴും മനുഷ്യനെ തള്ളിവിടുന്നത് ഏതുവിധേനയും സമ്പത്തു വാരിക്കൂട്ടാനും സമൂഹത്തിൽ വിജയം നേടാനുമുള്ള പ്രവണതയിലേക്കാണ്. ശക്തരായവരോട് മാത്രം പക്ഷം പിടിക്കുന്ന നീതിരഹിതമായ സാമൂഹിക പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും ഉപയോഗിച്ച് സമ്പന്നരാകുന്നവർ വിജയിച്ചവരായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നു.
ഒരു വശത്ത് അത്യാഡംബരമായ ജീവിതം നയിക്കുന്ന മനുഷ്യരും മറുവശത്ത് മറ്റൊരു ലോകത്തിലെന്നോണം വിശന്നു മരിക്കുകയോ ജീവൻ നിലനിർത്താൻ പാടുപെടുകയോ ചെയ്യുന്ന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടവരും. ഈ അന്തരം ദരിദ്രരാജ്യങ്ങളിൽ മാത്രമല്ല, വികസിത രാജ്യങ്ങളിലും ദൃശ്യമാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. സഭ നിലകൊള്ളേണ്ടത് ആ മാറ്റിനിർത്തപ്പെട്ടവരോടൊപ്പമാണ് എന്നാണ് പാപ്പാ പഠിപ്പിക്കുന്നത്. അങ്ങനെയൊരു നിലപാടെടുക്കുന്നതിന്റെ പേരാണ് സഹോദരസ്നേഹം.
NRI
റോം: രണ്ടാം ക്രിസ്തുവെന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികദേഹാവശിഷ്ടങ്ങൾ എട്ട് നൂറ്റാണ്ടിനുശേഷം പൊതുദർശനത്തിന് വയ്ക്കുന്നു. വിശുദ്ധന്റെ 800-ാം ചരമവാർഷികത്തോടനുബന്ധിച്ച് 2026 ഫെബ്രുവരി 22 മുതൽ മാർച്ച് 22 വരെയാണു ഭൗതികാവശിഷ്ടം തീർഥാടകർക്കും സന്ദർശകർക്കുമായി തുറന്നുകൊടുക്കുന്നത്.
വിശുദ്ധന്റെ തിരുനാൾദിനമായിരുന്ന കഴിഞ്ഞ നാലിന് ബസിലിക്കയിൽ നടന്ന ചടങ്ങിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചടങ്ങിൽ അസീസിയിലെ ബസിലിക്കകളുടെ പേപ്പൽ പ്രതിനിധിയായ കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഫ്രാൻസിസ്കൻ സന്യാസസമൂഹങ്ങളുടെ അധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.
അസീസിയിലെ സെന്റ് ഫ്രാൻസിസ് ബസിലിക്കയിലാണ് വിശുദ്ധന്റെ കല്ലറയുള്ളത്. ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ ഭൗതികാവശിഷ്ടം കല്ലറയിൽനിന്ന് ലോവർ ബസിലിക്കയിലെ പേപ്പൽ അൾത്താരയുടെ ചുവട്ടിലേക്ക് മാറ്റും. ഇതോടെ വിശ്വാസികൾക്ക് അതിനുമുന്നിൽ പ്രാർഥിക്കാൻ സാധിക്കും.
ഒരു മാസം നീണ്ടുനിൽക്കുന്ന പ്രദർശനം എല്ലാവർക്കും തുറന്ന പ്രാർഥനയുടെയും കൂടിക്കാഴ്ചയുടെയും നിമിഷമായിരിക്കുമെന്ന് സംഘാടകർ പറയുന്നു. ലോകമെങ്ങുമുള്ള തീർഥാടകരെ വരവേൽക്കാൻ അസീസിയിൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
തീർഥാടകർ വലിയതോതിൽ എത്തുമെന്നതിനാൽ സൗജന്യ ഓൺലൈൻ റിസർവേഷനുകൾ ഒരുക്കാൻ ആലോചിക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങളോടെയുള്ള പാതയിലൂടെ എളുപ്പത്തിൽ എത്തിച്ചേർന്ന് ഭൗതികദേഹം വണങ്ങാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. 1226ലായിരുന്നു വിശുദ്ധന്റെ മരണം.
രാജ്യത്തിന്റെ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനം ഇറ്റലിയിൽ വീണ്ടും പൊതു അവധിദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
NRI
റോം: റോമിൽ തൃശൂർ അസോസിയേഷൻ റോമ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. ഏകദേശം 700 പേരോളം ആഘോഷങ്ങളിൽ പങ്കെടുത്തു.
റോമിലെ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി സുഭാഷിണി ശങ്കരൻ, റോമിലെ സീറോമലബാർ ഇടവക വികാരി ഫാ. ബാബു പാണാട്ടുപറമ്പിൽ, ബെന്നി വെട്ടിയാടൻ, ലിബിൻ ചുങ്കത്ത് (മാവേലി) എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ബെന്നി വെട്ടിയാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുഭാഷിണി ശങ്കരൻ ഉദ്ഘാടന പ്രസംഗം നിർവഹിച്ചു. ഷീജ ഷാജു സ്വാഗതപ്രസംഗവും ഫാ. ബാബു പാണാട്ടുപറമ്പിൽ ആശംസാപ്രസംഗവും ജോർജ് റപ്പായി തൃശൂർ അസോസിയേഷനെ പറ്റി അവലോകനവും നടത്തി.
ഫ്രനിഷ് എല്ലാവർക്കും നന്ദി പറഞ്ഞു സംസാരിച്ചു. ചെണ്ടമേളവും പുലിക്കളിയും വനിതകളുടെ തിരുവാതിരയും ഓണസദ്യയും ഗാനമേളയും വിവിധ ഇനം കലാപരിപാടികളും ആഘോഷങ്ങൾക്കു കൊഴുപ്പേകി.
NRI
റോം: റോമിൽ 35 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളുടെ സംഘടനയായ അലിക്ക് ഇറ്റലിയുടെ ഓണാഘോഷം ഞായറാഴ്ച രാവിലെ 11.30ന് നടക്കും.
ഏകദേശം 1500 ഓളം അംഗങ്ങളുള്ള സംഘടന മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും കാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം കൊടുക്കുകയും ചെയ്തുവരുകയാണ്.
വത്തിക്കാനിൽ നിന്നുള്ള മലയാളിയായ കർദിനാൾ ജോർജ് കൂവക്കാട്, ഇന്ത്യൻ എംബസി ഡിസിഎം ഗൗരവ് ഗാന്ധി എന്നീ മുഖ്യാതിഥികൾ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ് അറിയിച്ചു.
NRI
റോം: കാസർഗോഡ് ഒടയാച്ചാൽ സ്വദേശി ബിജു എബ്രഹാം(53) റോമിൽ അന്തരിച്ചു. രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ സെൻട്രൽ കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ റൂബി (റോം). രണ്ട് മക്കളുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ അലിക് ഇറ്റലി, രക്തപുഷ്പങ്ങൾ ഇറ്റലി എന്നീ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
NRI
റോം: റോമിൽ ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യ ദിനവും ഗാന്ധിയൻ സംഘടനയായ കോൺഗ്രസ് ഓഫ് ഫെയ്ത്ത് ആൻഡ് ഡെമോക്രസിയുടെ(സിഎഫ്ഡി) പതിനാറാമത് സ്ഥാപക ദിനവും 15ന് രാവിലെ 10.30ന് റോമിലെ പിയാസാഗാന്ധിയിൽ നടക്കും.
ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഡോ. മേരി ഷൈനി മുഖ്യാതിഥിയായിരിക്കും. പ്രസിഡന്റ് ആരോമൽ സേവി ജിയോ അധ്യക്ഷത വഹിക്കും. സിഎഫ്ഡി സ്ഥാപകൻ ഡെന്നി ചെർപ്പണത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.
റോമിലെ ഇന്ത്യൻ പ്രവാസികളോടൊപ്പം വിവിധ സാംസ്കാരിക സംഘടന പ്രതിനിധികളും മറ്റ് പ്രവാസി സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്ത് ആശംസകൾ നൽകുമെന്ന് സെക്രട്ടറി ഫ്ലവർ ജോസ് അറിയിച്ചു.
NRI
വത്തിക്കാൻ സിറ്റി: 2025 ജൂബിലി വർഷത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷം ഈമാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ റോമിൽ നടക്കും. ‘പ്രത്യാശയുടെ തീർഥാടകർ’ എന്ന പ്രമേയത്തിൽ നടക്കുന്ന ജൂബിലിയാഘോഷം 18നും 35നും ഇടയിൽ പ്രായമുള്ള ലോകമെങ്ങുംനിന്നുള്ള യുവജനങ്ങളുടെ സംഗമവേദികൂടിയായിരിക്കും.
ഈമാസം 29ന് വൈകുന്നേരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോടെയാണ് ഔദ്യോഗികമായി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. ഓഗസ്റ്റ് ഒന്നിന് റോമിലെ ചിർക്കോ മാസിമോ സ്റ്റേഡിയത്തിൽ അനുരഞ്ജന കൂദാശയുടെ ആഘോഷവും നടക്കും.
രണ്ടിന് തെക്കുകിഴക്കൻ റോമിലെ തോർ വെർഗാത്ത യൂണിവേഴ്സിറ്റി കാന്പസിൽ നടക്കുന്ന ജാഗരണ പ്രാർഥനയോടെയും പിറ്റേദിവസം രാവിലെ നടക്കുന്ന വിശുദ്ധ കുർബാനയോടെയും ജൂബിലി ആഘോഷങ്ങൾ സമാപിക്കും. ജാഗരണ പ്രാർഥനയിലും വിശുദ്ധ കുർബാനയിലും ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കും.
ജൂബിലിയോടനുബന്ധിച്ച് വിവിധ സാംസ്കാരിക പരിപാടികൾ, പ്രാർഥനാസമ്മേളനങ്ങൾ, കൂട്ടായ്മകൾ, വിശുദ്ധ വാതിൽ പ്രവേശനം, അനുരഞ്ജനകൂദാശ സ്വീകരണം, ജാഗരണ പ്രാർഥനകൾ, ആരാധനകൾ എന്നിവ ഉണ്ടായിരിക്കും.
യുവജന തീർഥാടകർക്കായുള്ള മാർഗനിർദേശങ്ങളടങ്ങിയ ലഘുലേഖ വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം പ്രസിദ്ധീകരിച്ചു. മാർഗരേഖയുടെ ഓൺലൈൻ പതിപ്പും ലഭ്യമാണ്.
ഇതോടൊപ്പം ജൂബിലിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയുവാൻ Iubilaeum25 എന്നപേരിൽ മൊബൈൽ ആപ്ലിക്കേഷനും കാര്യാലയം പുറത്തിറക്കിയിട്ടുണ്ട്.
യുവജനങ്ങൾക്ക് വാഴ്ത്തപ്പെട്ട ഫ്രസാത്തിയുടെ ഭൗതികദേഹം വണങ്ങാൻ അവസരം
യുവജന ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസാത്തിയുടെ അഴുകാത്ത ശരീരം സൂക്ഷിച്ചിരിക്കുന്ന പേടകം ഈമാസം 26 മുതൽ ഓഗസ്റ്റ് നാലുവരെ റോമിൽ പൊതുവണക്കത്തിന് പ്രതിഷ്ഠിക്കും.
ടൂറിനിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹം റോമിലെ സാന്താ മരിയ സോപ്ര മിനർവ ബസിലിക്കയിലാണു പൊതുവണക്കത്തിന് എത്തിക്കുക.
ഫ്രസാത്തിയെ ഓഗസ്റ്റ് മൂന്നിന് യുവജന ജൂബിലി ആഘോഷവേളയിൽ വിശുദ്ധനായി പ്രഖ്യാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സെപ്റ്റംബർ ഏഴിന് വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനൊപ്പം വിശുദ്ധനായി പ്രഖ്യാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ തീരുമാനിക്കുകയായിരുന്നു.
2008ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ലോക യുവജന ദിനാഘോഷത്തിൽ കർദിനാൾ ജോർജ് പെല്ലിന്റെ അഭ്യർഥനപ്രകാരം വാഴ്ത്തപ്പെട്ട ഫ്രസാത്തിയുടെ തിരുശേഷിപ്പുകൾ എത്തിച്ചിരുന്നു. 1901ൽ ടൂറിനിലെ ഒരു പ്രമുഖ കുടുംബത്തിലാണ് ഫ്രസാത്തി ജനിച്ചത്.
ആഴത്തിലുള്ള ദൈവവിശ്വാസത്തിനൊപ്പം പാവങ്ങളെ സഹായിക്കാനുള്ള പ്രത്യേക താത്പര്യം കുട്ടിക്കാലംമുതൽ അദ്ദേഹത്തെ വ്യത്യസ്തനാക്കി. 1925 ജൂലൈ നാലിന് പോളിയോ ബാധിച്ചായിരുന്നു മരണം. മരണത്തിന്റെ നൂറാം വാർഷികാചരണം നടന്നുവരികയാണ്.
നാമകരണ നടപടികളുടെ ഭാഗമായി 1981ൽ ഭൗതികദേഹപേടകം തുറന്നപ്പോൾ അഴുകാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
NRI
റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ പെട്രോൾ പമ്പിൽ പൊട്ടിത്തെറി. ഒന്പതു പോലീസുകാർക്കും ഒരു അഗ്നിശമന സേനാംഗത്തിനുമടക്കം 45 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തെക്കുകിഴക്കൻ റോമിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ദ്രവീകൃത പ്രകൃതിവാതകം ചോർന്നതാണ് അപകടത്തിനു കാരണമെന്നു പറയുന്നു.
NRI
റോം: റോമിലെ ഐക്യരാഷ്ട്രസഭ ഭക്ഷ്യ - കാർഷിക സംഘടനയുടെ ആസ്ഥാനത്ത് തിരുവാതിരക്കളി സംഘടിപ്പിച്ച് മലയാളികൾ. ജി77ന് ചൈന കൾച്ചറൽ ഈവനിന്റെ ഭാഗമായിയാണ് ഇന്ത്യൻ എംബസി അറിയിച്ചതിനെ തുടർന്ന് തിരുവാതിര അവതരിപ്പിച്ചത്.
മലയാളികളായ ലിജി ബെന്നി വെട്ടിയാടൻ, ജിനി ജോൺ, ഷീജ ഷാജു, ജെയിൻ ജോസഫ്, ഷീന ഷൈഫി, സോളി ബേബി എന്നിവർ നാടൻ പാട്ട്, ഡാന്സ് തുടങ്ങിയ കലാപരിപാടികളും അവതരിപ്പിച്ചു.