റോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇറ്റലി സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര - വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാകുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം "പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്' ഉയർത്താൻ റോമിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ തീരുമാനമാകുമെന്ന് ഇറ്റാലിയൻ സർക്കാർ വക്താവ് വ്യക്തമാക്കി.
ആദ്യ ഉഭയകക്ഷി സന്ദർശനം: മുൻപ് ജി7, ജി20 ഉച്ചകോടികളിൽ പങ്കെടുക്കാൻ ഇറ്റലിയിൽ എത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദിയുടെ ആദ്യ ഔദ്യോഗിക ഇറ്റലി സന്ദർശനമാണിത്.
ബുധനാഴ്ച റോമിലെ ചരിത്രപ്രസിദ്ധമായ വില്ല ഡോറിയ പാംഫിലിയിൽ വച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഐഎംഇസി പദ്ധതിക്ക് മുൻഗണന: ഇന്ത്യയെയും ഗൾഫ് രാജ്യങ്ങളെയും യൂറോപ്പുമായി ബന്ധിപ്പിക്കുന്ന "ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ' (ഐഎംഇസി) വികസനത്തിന് ഈ സന്ദർശനത്തിൽ പ്രത്യേക ഊന്നൽ നൽകുമെന്ന് റോമിൽ വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

വ്യാപാര ലക്ഷ്യം 2000 കോടി യൂറോ: നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 1400 കോടി യൂറോയാണ് (2023-ലെ കണക്ക്). ഇത് 2029-ഓടെ 2000 കോടി യൂറോയായി (ഏകദേശം 23.2 ബില്യൺ ഡോളർ) ഉയർത്തുകയാണ് പുതിയ ലക്ഷ്യം.
ഇതിനായി ഇരുനേതാക്കളും സംയുക്ത പ്രഖ്യാപനം നടത്തും. കൂടാതെ ഇനി മുതൽ എല്ലാ വർഷവും ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാർ പങ്കെടുക്കുന്ന ഉച്ചകോടികൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
വ്യവസായ പ്രമുഖരുമായി ചർച്ച: ശാസ്ത്ര ഗവേഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലെ സഹകരണത്തിന് പുറമെ, ഇന്ത്യയിലെയും ഇറ്റലിയിലെയും മുൻനിര വ്യവസായ ഗ്രൂപ്പുകളുടെ മേധാവികളുമായി മോദിയും മെലോനിയും ഉച്ചഭക്ഷണത്തോടൊപ്പം പ്രത്യേക ചർച്ച നടത്തും.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിയുന്ന ഈ വേളയിൽ അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ യൂറോപ്യൻ യൂണിയൻ ഇന്ത്യയെ ഒരു ശക്തമായ പങ്കാളിയായാണ് കാണുന്നത്.
ഇറ്റലിയിലെ വലിയൊരു വിഭാഗം വരുന്ന പ്രവാസി മലയാളി സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് ഈ സന്ദർശനത്തെ നോക്കിക്കാണുന്നത്.
Tags : Narendra Modi India Prime Minister Rome Italy