റോം: ഇറ്റലിയിലെ ഇന്ത്യൻ വിദ്യാർഥികളും പ്രവാസികളും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രവാസി ലീഗൽ സെൽ (പിഎൽസി) ഇറ്റലി ചാപ്റ്റർ പ്രതിനിധികൾ റോമിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
പിഎൽസി ഇറ്റലി ചാപ്റ്റർ പ്രതിനിധി സംഘത്തിൽ പ്രഫ. ജോസ് ഫിലിപ്പ്, പ്രിയ ജോർജ്, ലീന ബ്രിട്ടൺ എന്നിവർ ഉൾപ്പെടുന്നു. ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗൗരവ് ഗാന്ധിയും ഫസ്റ്റ് സെക്രട്ടറി സുഭാഷിണി ശങ്കരനും പങ്കെടുത്തു.
ചർച്ചയിൽ വിദ്യാർഥികളുടെ താമസാനുമതി ലഭിക്കുന്നതിലുള്ള കാലതാമസങ്ങൾ, വിദ്യാർഥി താമസ സൗകര്യങ്ങളും റസിഡൻസ് രജിസ്ട്രേഷനും ഹെൽത്ത് കാർഡും ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന ചെലവുകളും പ്രതിനിധികൾ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇതോടൊപ്പം, ഇറ്റാലിയൻ ഭാഷ പഠന കേന്ദ്രം ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ സ്ഥാപിക്കണമെന്ന നിർദേശവും ഇറ്റലിയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി വാർഷിക ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കണമെന്ന ആവശ്യവും പിഎൽസി മുന്നോട്ടുവച്ചു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന അനധികൃത ഏജൻസികൾ ഇറ്റലിയിലേക്ക് നിയമവിരുദ്ധ കുടിയേറ്റം സംഘടിപ്പിച്ച് വൻ തുക ഈടാക്കുന്ന പ്രവണതയെയും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും എംബസി ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
Tags : pravasi legal cell italy chapter ndian embassy officials rome