District News
കാഞ്ഞാർ: വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്ന ജല അഥോറിറ്റിയുടെ കാഞ്ഞാർ പാലത്തോട് ചേർന്നുള്ള പമ്പ് ഹൗസിലേക്കുള്ള വലിയ പൈപ്പ് തകർന്നു. കാഞ്ഞാർ പാലത്തിനു സമാന്തരമായി നടപ്പാലം നിർമിക്കുന്നതിനായി എത്തിച്ച ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കിയപ്പോഴാണ് പ്രധാന പമ്പിംഗ് ലൈൻ തകർന്നത്.
ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾക്കായി മലങ്കര ഡാം തുറന്ന് വിട്ടിരുന്നതിനാൽ ദിവസങ്ങളായി പമ്പിംഗ് ചെറിയ തോതിലാണ് നടത്തിയിരുന്നത്. ഇന്നലെ ഉച്ചയോടെ തകർന്ന പൈപ്പ് അറ്റകുറ്റപ്പണി നടത്തി പന്പിംഗ് നടത്തിയെങ്കിലും സമർദംമൂലം വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു.
അറ്റകുറ്റപ്പണിക്ക് ആവശ്യമായ പൈപ്പുകൾ എറണാകുളത്തുനിന്നുമേ ലഭിക്കുകയുള്ളൂവെന്നും ഇന്നു മാത്രമേ അറ്റകുറ്റപ്പണി നടക്കുകയുള്ളൂവെന്നും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തിയാലും ഈ ഭാഗം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചാലേ പന്പിംഗ് നടക്കുകയുള്ളൂ. അതിനാൽ പ്രശ്നം പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നാണ് സൂചന.
ഞരളംപുഴ ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് കുടിവെള്ളം ലഭിച്ചിരുന്ന വീടുകളിൽ വെള്ളം എത്താത്തത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കും.അറക്കുളം പഞ്ചായത്തിലേക്കുള്ള കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം മുടങ്ങിയിരുന്നു. ഇവിടെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് വാർഡ് മെംബറും ഏതാനും ഗുണഭോക്താക്കളും ചേർന്ന് കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.
District News
കൊല്ലങ്കോട്: ഊട്ടറയിലെ പുഴപ്പാലം നിർമാണം വിലയിരുത്തി ജനപ്രതിനിധികളും എൻജിനീയർമാരുടെ സംഘവും.
പഴയ പാലത്തിന്റെ പാർശ്വഭിത്തികളുടെ ബലക്ഷയമൂലമാണ് നിയന്ത്രിതമായി വാഹനങ്ങൾ കടത്തിവിടുന്നതെന്നു എൻജിനിയർമാർ അറിയിച്ചു. മഴക്കാലത്ത് പുഴയിൽ നല്ല നീരൊഴുക്കുണ്ടായാലും നിർമാണ പ്രവർത്തനങ്ങൾ തടസമില്ലാതെ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്നും സംഘം പറഞ്ഞു.
യാത്രക്കാരുടെയും വാഹന ഉടമകളുടേയും നിരന്തരമായ പരാതിയെ തുടർന്നാണ് മുൻ എംഎൽഎ കെ. ബാബു, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശൻ, വൈസ് പ്രസിഡന്റ് അഡ്വ.കെ. സിയാവുദ്ദീൻ, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതിദാസ്, വൈസ് പ്രസിഡന്റ് ആർ. ശിവൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സലീന ഷാഹുൽ ഹമീദ് എന്നിവർ സ്ഥലം സന്ദർശിക്കാനെത്തിയത്.
District News
പാലാ: റിവര്വ്യൂ റോഡ് പാലംപണി നിശ്ചലാവസ്ഥയില് തുടരുന്നതില് പാലായില് ആം ആദ്മി പാര്ട്ടിയുടെ നേതൃത്വത്തില് റീത്തുവച്ചു പ്രതിഷേധിച്ചു. പാലായുടെ അഭിമാനപദ്ധതി എന്ന് കൊട്ടിഘോഷിക്കപ്പെട്ട ഈ പദ്ധതി എത്രയുംവേഗം പൂര്ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആം അദ്മി പാര്ട്ടി നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചത്.
ടൗണിലെ വാഹന ഗതാഗതത്തിരക്ക് ഒഴിവാക്കി മീനച്ചിലാറിന്റെ സൗന്ദര്യം ആസ്വദിച്ചു കൊട്ടാരമാറ്റം വരെ യാത്ര സുഖകരമാക്കാന് ആരംഭിച്ച റിവര്വ്യൂ റോഡിന്റെ പാലം നിര്മാണം പൂര്ത്തിയായെങ്കിലും തുടക്കവും അവസാന ഭാഗവും പണി പൂര്ത്തീകരിച്ചിട്ടില്ല. രണ്ടാം ഭാഗമായി തുടങ്ങിവച്ച നിര്മാണോദ്ഘാടനം നിര്വഹിച്ചവരും ഭരണ-പ്രതിപക്ഷങ്ങളുടെ അവകാശത്തർക്കങ്ങളും സാമൂഹ്യപ്രതിബദ്ധത ഇല്ലായ്മ കൊണ്ടുമാണ് എട്ട് വര്ഷമായി പണിതീരാതെ കിടക്കുന്നതെന്ന് അവര് ആരോപിക്കുന്നു.
നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് തോപ്പില് ഉദ്ഘാടനം നിര്വഹിച്ചു. മുനിസിപ്പല് മണ്ഡലം പ്രസിഡന്റ് ജോയി കളരിക്കല്, റോണി നെടുമ്പള്ളില്, രാജു താന്നിക്കല്, ജോസ് ചന്ദ്രത്തില്, ജയേഷ് പി. ജോര്ജ്, സണ്ണി മുതലക്കുഴി, തോമസ് മാധവത്ത്, ബിനു മാത്യൂസ് എന്നിവര് പ്രസംഗിച്ചു.
District News
വണ്ടിത്താവളം: താമരക്കുളത്ത് പാലംനിർമാണം നടക്കുന്ന സ്ഥലത്ത് ബൈക്ക് മറിഞ്ഞ് രണ്ടു യുവാക്കൾക്കു പരിക്ക്. ബുധനാഴ്ച രാത്രി 12 നാണ് അപകടമുണ്ടായത്. റോഡിൽ മുന്നറിയിപ്പ് ബാരിക്കേഡ് സ്ഥാപിക്കാതിരുന്നതാണ് പത്തടി താഴ്ചയിലേക്കു ബൈക്കും യാത്രികരും വീഴാനിടയാക്കിയത്.
പ്രദേശത്ത് ഫുട്ബോൾ പ്രേമികൾ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനിടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയാണ് വീണവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പൊളിച്ചുപണിയുമ്പോൾ പാലിക്കേണ്ടതായ മുൻകരുതലുകൾ പാലിക്കാതെയാണ് പാലംനിർമാണം നടത്തിവരുന്നത്.
അപകടവിവരം അറിഞ്ഞശേഷം ഇരുവശത്തും മുന്നറിയിപ്പ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. വൈകാതെ പാലംപണി പൂർത്തിയാക്കുമെന്നു കരാറുകാരൻ പറഞ്ഞു. കർഷകന്റെ വയലിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്.
District News
ആലുവ: കലുങ്ക് നിർമാണത്തിനായി മുന്നറിയിപ്പില്ലാതെ നിരോധനം ഏർപ്പെടുത്തിയ ആലുവ മാർക്കറ്റ് റോഡിൽ ഗതാഗതം ഭാഗികമായി അനുവദിച്ചു. കലുങ്കിന് താഴെ നിർമിക്കുന്ന കാനയുടെ ഒരു ഭാഗത്തെ നിർമാണം പൂർത്തിയാക്കിയാണ് ഭാഗികമായി തുറന്നത്. ഇതോടെ പ്രൈവറ്റ് സ്റ്റാൻഡിലേക്കും സ്റ്റാൻഡിന് മുന്നിലൂടെയുമുളള ഗതാഗതവും പുന:രാരംഭിച്ചു.
ഇന്നലെ രാവിലെ മുതലാണ് മാർക്കറ്റ് ഭാഗത്ത് നിന്നും സ്വകാര്യ ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള ഗതാഗതം അനുവദിച്ചത്. എതിർദിശയിലേക്കുള്ള ഗതാഗതം പുന:രാരംഭിക്കണമെങ്കിൽ ഇനിയും ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരും.
കഴിഞ്ഞ 13നാണ് ബസ് സ്റ്റാൻഡിന് സമീപം മാർക്കറ്റ് റോഡിൽ മാലിന്യ കാന പുതുക്കിപ്പണിയുന്നതിനായി ഗതാഗതം നിരോധിച്ചത്.
പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പില്ലാതെ ഗതാഗതം നിരോധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കാന നിർമാണത്തെ തുടർന്ന് ബസുകളെല്ലാം തോന്നിയ പോലെ സർവീസ് നടത്തിയത് യാത്രക്കാരെ ഏറെ വലച്ചിരുന്നു.
സിറ്റിയിൽ നിന്നുള്ള ബസുകൾ നഗരം ചുറ്റാതെ ബാങ്ക് കവലയിൽ നിന്നും നേരിട്ട് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്നു. പറവൂർ, അങ്കമാലി, ബസുകൾ ദേശീയപാത വഴി പോയതും യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.
District News
കായംകുളം: ആറാട്ടുപുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് കായലിന് കുറുകെ നിർമിക്കുന്ന കനകക്കുന്ന്-കള്ളിക്കാട് പാലത്തിന്റെ നിർമാണം വൈകുന്നതിൽ തീരദേശവാസികൾക്ക് പ്രതിഷേധം. 2022-ലെ സംസ്ഥാന ബജറ്റിലാണ് പാലത്തിനായി 100 കോടി രൂപ വകയിരുത്തിയത്. തുടർന്ന് പാലത്തിന്റെ അലൈൻമെന്റ് നിശ്ചയിച്ച് മണ്ണുപരിശോധന പൂർത്തിയാക്കി. ഇതു വിലയിരുത്തി രൂപരേഖ തയാറാക്കേണ്ടത് പൊതുമരാമത്തുവകുപ്പ് ഡിസൈൻ വിഭാഗമാണ്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ എങ്ങുമെത്തിയില്ല. കായംകുളം കായലിന്റെ ഇരുകരകളിലുമായി കിടക്കുന്ന പഞ്ചായത്തിന്റെ മധ്യഭാഗത്തായി പാലം നിർമിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. സുനാമിക്കുശേഷം തെക്കുഭാഗത്തു നിർമിച്ച കൊച്ചിയുടെ ജെട്ടി-പെരുമ്പള്ളി പാലം മാത്രമാണ് മറുകര കടക്കാനുള്ള ഏക മാർഗം. ഇതല്ലാതെ മറുകരയെത്തണമെങ്കിൽ വടക്ക് തൃക്കുന്നപ്പുഴയിലെത്തണം.
പടിഞ്ഞാറേക്കരയിലെ കള്ളിക്കാട്ടും പരിസരപ്രദേശങ്ങളിലുമാണ് പഞ്ചായത്തിലെ മിക്ക സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രവും ആയുർവേദ ആശുപത്രിയും പഞ്ചായത്ത്, വില്ലേജ് ഓഫീസുകളും കൃഷിഭവനുമെല്ലാം ഇവിടെയാണ്. രണ്ടുമുതൽ ആറുവരെയുള്ള വാർഡുകൾ കിഴക്കേക്കരയിലാണ്. ഇവിടങ്ങളിൽ രണ്ടായിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് പടിഞ്ഞാറേക്കരയിലെ സർക്കാർ ഓഫീസുകളിൽ റോഡുമാർഗം പോയിവരാൻ 25-30 കിലോമീറ്ററോളം സഞ്ചരിക്കണം.
മറിച്ച് പടിഞ്ഞാറേക്കരയിലെ താമസക്കാർക്കും ആവശ്യങ്ങൾക്കായി കിഴക്കേക്കരയിലെത്തണമെങ്കിലും ഈ ദൂരംതന്നെ സഞ്ചരിക്കണം. അതിനാൽ കനകക്കുന്ന്-കള്ളിക്കാട് പാലത്തിന്റെ നിർമാണം പുതിയ സർക്കാരിന്റെ കാലത്തെങ്കിലും പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ.
District News
കാഞ്ഞിരപ്പള്ളി: മുന്നറിയിപ്പില്ലാതെ കലുങ്ക് നിർമാണം നടത്തിയതോടെ ജനങ്ങൾ ദേശീയപാതയിൽ കുടുങ്ങിയത് മണിക്കൂറോളം. ദേശീയപാത 183ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപത്തെ കലുങ്കിന്റെ രണ്ടാംഘട്ട നിർമാണമാണ് ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ തുടങ്ങിയത്. ഇതോടെ പേട്ടക്കവല മുതൽ 26-ാംമൈൽ വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
കാലപ്പഴക്കം മൂലം പുതുക്കിപ്പണിയാനായി കഴിഞ്ഞ സെപ്റ്റംബർ 11നാണ് കലുങ്കിന്റെ പാതി ഭാഗം പൊളിച്ച് ആദ്യഘട്ട നിർമാണം ആരംഭിച്ചത്. ഇപ്പോൾ കലുങ്കിന്റെ ഇടതുവശത്തെ പകുതി ഭാഗത്തിന്റെ എർത്ത് കട്ടിംഗ് പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്.
എന്നാൽ, തിങ്കളാഴ്ച്ച പത്രം ഇല്ലാതിരുന്നതിനാലാണ് അറിയിപ്പ് നൽകുവാൻ കഴിയാതിരുന്നതെന്നും ഒരു മാസത്തേക്ക് കലുങ്കിന്റെ നിർമാണം പൂർത്തിയാകും വരെ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്നും ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
District News
ചാവക്കാട്: വിദ്യാർഥികൾക്കും യാത്രക്കാർക്കും പേടിസ്വപ്നമായിരുന്ന പാലംകടവ് പാലത്തിലൂടെ ഇനി നടക്കാം. കടപ്പുറം - ഒരുമനയൂര് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കനോലി കനാലിന് കുറുകെയുള്ള പാലംകടവ് പാലം അപകടസ്ഥിതിയിലായിരുന്നു.
എംഎല്എയുടെ ആസ്തിവികസന ഫണ്ടില്നിന്നു 30.66 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം അറ്റകുറ്റപ്പണി നടത്തിയത്. 2010വരെ കടത്തുതോണിയായിരുന്നു. പിന്നീട് കടപ്പുറം പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ചെലവില്, നാട്ടുകാരുടെ സഹകരണത്തോടെ മരപ്പാലംപണിതെങ്കിലും രണ്ടുവര്ഷം കൊണ്ട് അതിന്റം ആയുസ് തീർന്നു.
പിന്നീട് പ്രകൃതിക്ഷോഭ ദുരിതാശ്വാസപദ്ധതിയില് ഉള്പ്പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് റവന്യു വകുപ്പിന്റെ കീഴില് പാലം പണിതത്. പല കാരണങ്ങളാല് ഏതാനും വര്ഷങ്ങളായി പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കാതിരുന്നതാണ് പാലം ഉപയോഗിക്കാന് കഴിയാത്തവിധം തകര്ച്ചാഭീഷണിയിലായത്.
ഇതേതുടര്ന്നാണ് ഇരുമ്പുപാലം നവീകരിച്ചത്. പാലത്തിന്റെ ഉദ്ഘാടനം എന്.കെ. അക്ബര് എംഎല്എ നിര്വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, ഒരുമനയൂര്പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് തുടങ്ങിയവര്പ്രസംഗിച്ചു.