കല്ലടയാറ്റില് കല്ലട റെയില്വേ പാലത്തിന് സമീപത്തായി കണ്ണങ്കാട്ട് കടവ് പാലം നിര്മിക്കുന്ന സ്ഥലം.
പടിഞ്ഞാറെ കല്ലട: കൊല്ലം ജില്ലയിലെ മണ്ട്രോത്തുരുത്ത്, പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളെ തമ്മില് ബന്ധിപ്പിച്ച് കല്ലടയാറിന് കുറുകെ നിര്മിക്കുന്ന കണ്ണങ്കാട്ട് കടവ് പാലത്തിന്റെ ടെന്ഡര് നടപടികള് വേഗത്തില് പുനരാരംഭിക്കുമെന്ന് അധികൃതര് അറിയിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് പാലം നിര്മിക്കാനായി കഴിഞ്ഞ എല്ഡിഎഫ് സര്ക്കാര് സാമ്പത്തിക അനുമതി നല്കിയിരുന്നു. തുടര്ന്ന് കെആര്എഫ്ബി രൂപരേഖ തയാറാക്കി ആവശ്യമായ എല്ലാ അനുമതികളും നേടി. അനുബന്ധ റോഡുകള്ക്കായി ഇരുകരകളിലുമായി ഭൂമി ഏറ്റെടുത്ത് ഉടമകള്ക്ക് 4.45 കോടി നഷ്ടപരിഹാരം നല്കി.
കഴിഞ്ഞ മാര്ച്ചില് പാലം നിര്മാണത്തിനായി ടെന്ഡര് ക്ഷണിച്ചതിനെത്തുടര്ന്ന് കേരളത്തിലെ രണ്ട് പ്രമുഖ കരാറുകാര് ഇതില് പങ്കെടുത്തു. എന്നാല്, ഇതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില് വന്നത് പാലത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി. പുതിയ സര്ക്കാര് അധികാരത്തില്വന്ന് മാസങ്ങള് കഴിഞ്ഞിട്ടും ടെന്ഡര് നടപടികള് വൈകിയതോടെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില് ചേര്ന്ന കിഫ്ബിയുടെ ബോര്ഡ് മീറ്റിംഗില് ജില്ലയിലെ പ്രധാന പ്രോജക്ടുകള്ക്ക് മുന്ഗണന നല്കാന് തീരുമാനിച്ചിരുന്നു. ഇതില് കണ്ണങ്കാട്ട് കടവ് പാലവും ഉള്പ്പെടുത്തിയിട്ടുണ്ട്. ഇനി കിഫ്ബിയുടെ നിര്ദേശാനുസരണം തുടര്നടപടികള് വേഗത്തില് മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് അധികൃതര് വ്യക്തമാക്കി. 2017 ലാണ് പാലത്തിന് സര്ക്കാരില്നിന്ന് ഭരണാനുമതി ലഭിച്ചത്. 44.21 കോടി ചെലവഴിച്ച് 158 മീറ്റര് നീളത്തിലും 11 മീറ്റര് വീതിയിലുമാണ് പാലം നിര്മിക്കുന്നത്. പദ്ധതിക്ക് അഞ്ചു സ്പാനുകളാണുള്ളത്.
പടിഞ്ഞാറെ കല്ലടയില്നിന്ന് കൊല്ലത്ത് എത്തിച്ചേരുവാന് നിലവില് 27 കിലോമീറ്ററാണ് ദൂരം. അഷ്ടമുടി കായലിന് കുറുകെ നിര്മിക്കുന്ന പെരുമണ് പാലത്തിന്റെയും കല്ലടയാറിന് കുറുകെ നിര്മിക്കുന്ന കണ്ണങ്കാട്ട് കടവ് പാലത്തിന്റെയും പണി പൂര്ത്തീകരിച്ചാല് 10 കിലോമീറ്റര് ദൂരം ലാഭിക്കാന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : District News Nattuvishesham Kannankattu Kadavu bridge construction